തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം; രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം
അഗ്നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമായ രഞ്ജിത് ആണ് മരിച്ചത്.
തിരുവനന്തപുരം: തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലർച്ചെ 1.30-ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. തീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് അഗ്നിശമന സേന അറിയിച്ചു.
തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗം മരിച്ചു. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത് ആണ് മരിച്ചത്. ഇയാൾ അഗ്നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമാണ്. തീയണയ്ക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇയാളെ തീയ്ക്കുള്ളിൽനിന്ന് പുറത്തെത്തിച്ചത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50-ഓടെ മരിച്ചു.