വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി
പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
വയനാട്: വടുവൻചാലിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. കാടാശ്ശേരി സ്വദേശി ഹംസയുടെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നലെ അർധ രാത്രിയോടെയായിരുന്നു സംഭവം.
മൂപ്പയിനാട് പഞ്ചായത്തിലെ വടുവഞ്ചാലിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് പുലി കൂട്ടിൽ കുടുങ്ങിയത്. കോൽക്കളത്തിൽ ഹംസയുടെ കോഴിക്കൂട്ടിൽ ഇരപിടിക്കാൻ കയറിയ പുലി പുറത്തിറങ്ങാനാവാതെ കൂട്ടിലകപ്പെടുകയായിരുന്നു. കോഴികളുടെ ബഹളം കേട്ടെത്തിയ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. വനപാലകൻ എത്തി മഴക്കുവേണ്ടി വെച്ച ശേഷമാണ് പുലർച്ചയോടെ പുലിയെ വനം വകുപ്പ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.
പുലിയുടെ ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കി കാട്ടിലേക്ക് തുറന്നു വിടുന്നതും വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുന്നതും അടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് മാസങ്ങളായി ജനങ്ങൾ കടുത്ത ഭീതിയിലാണ്. കാട്ടാനയും കാട്ടുപോത്തും പുലിയുമടക്കമുള്ള മൃഗങ്ങളുടെ നിരന്തര ആക്രമണങ്ങളുണ്ടായിട്ടും വനപാലകരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.