മൂന്നു പേർ കൊല്ലപ്പെട്ട സ്‌ഫോടനം; 'ടെറർ ആംഗിൾ' ഇല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ-ഹമാസ് ബന്ധം അന്വേഷിക്കുന്നുണ്ടെന്ന് മാതൃഭൂമി
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരാൾ രംഗത്തെത്തിയെങ്കിലും സംഭവം കേന്ദ്രം ഗൗരവത്തോടെ വീക്ഷിക്കുന്നുണ്ടെന്ന് മാതൃഭൂമി വാർത്തയിൽ പറയുന്നു.
കോഴിക്കോട്: കളമശ്ശേരിയിൽ മൂന്നു പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ 'ടെറർ ആംഗിൾ' ഇല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ. പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട തീവ്രവാദി ആക്രമണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. നിരവധി പ്രമുഖ വ്യക്തികൾ ഇതുമായി യോജിച്ചിരുന്നു. എന്നാൽ ഞായറാഴ്ച വൈകുന്നേരത്തോടെ യഹോവ സാക്ഷികളിൽപ്പെട്ട ഒരാൾ തന്നെയാണ് ഹീനമായ പ്രവൃത്തി ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചെന്നും വാർത്തയിൽ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി എഡിഷനിൽ പ്രധാന തലക്കെട്ടായാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
'കളമശ്ശേരി സ്‌ഫോടനം: ഗൗരവത്തോടെ വീക്ഷിച്ച് കേന്ദ്രം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് മാതൃഭൂമി ഹമാസ് ബന്ധത്തെക്കുറിച്ച് ഇന്നും ആവർത്തിക്കുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരാൾ രംഗത്തെത്തിയെങ്കിലും സംഭവം കേന്ദ്രം ഗൗരവത്തോടെ വീക്ഷിക്കുന്നുണ്ട്. കണ്ണൂരിലും കോഴിക്കോട്ടും തീവണ്ടി കത്തിക്കൽ, കളമശ്ശേരി സ്‌ഫോടനം എന്നിങ്ങനെ സംസ്ഥാനത്ത് നിരന്തരം ഭീകര സ്വഭാവമുള്ള ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിനടക്കം കേന്ദ്രം നിർദേശിക്കുമെന്ന സൂചനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറത്ത് ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ ഹമാസ് മുൻ മേധാവി ഖാലിദ് മിശ്അൽ ഓൺലൈനിൽ പങ്കെടുത്തതടക്കമുള്ള പശ്ചാത്തലത്തിൽ ഫലസ്തീൻ അനുകൂല തീവ്രവാദ ഗ്രൂപ്പുകൾ നടത്തിയ ആക്രമണമാണോയെന്ന് അന്വേഷണ ഏജൻസികൾക്കുണ്ടായിരുന്നു. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സംഘടനകളെ നിരോധിച്ചെങ്കിലും ഇവയുടെ സ്ലീപ്പിങ് സെല്ലുകൾ ഇപ്പോഴും സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി അന്വേഷണസംഘങ്ങൾക്ക് വ്യക്തമായ സൂചനയുണ്ട്. മിശ്അലിനെ ഓൺലൈനിൽ സംസാരിക്കാൻ എത്തിച്ചവരെയും കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ടെന്നും വാർത്തയിൽ പറയുന്നു.