പി. വിജയൻ ഐപിഎസിനെതിരായ വ്യാജമൊഴി; എം.ആർ അജിത്കുമാറിനെതിരെ നടപടി വൈകുന്നതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അതൃപ്തി
വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം


തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് ഉണ്ടായിട്ടും എഡിജിപി എം.ആർ അജിത്കുമാറിനെ സംരക്ഷിക്കുന്നതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അതൃപ്ത്തി. അജിത് കുമാറിനെതിരെ കേസ് എടുക്കണമെന്ന അഭിപ്രായമാണ് പല ഐപിഎസ് ഉദ്യോഗസ്ഥർക്കുമുള്ളത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാണ്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ പി. വിജയൻ ഐപിഎസിന് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നിൽ എം.ആർ അജിത്കുമാർ മൊഴി നൽകിയിരുന്നു. ഇത് തെറ്റാണെന്നും വ്യാജ മൊഴി നൽകിയതിന് എതിരെ ക്രിമിനൽ, സിവിൽ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഡിജിപി സർക്കാറിനോട് ശിപാർശ ചെയ്തിരുന്നു. റിപ്പോർട്ട് നൽകി ഒരു മാസമായിട്ടും ആഭ്യന്തര വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
നിലവിലെ ഇൻ്റലിജൻസ് മേധാവിയായ പി. വിജയന് പോലും നീതി ലഭിക്കാതിരുന്നത് സേനക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന അഭിപ്രായമുള്ള ഉദ്യോഗസ്ഥരുണ്ട്. മറ്റ് വിഷയങ്ങളിൽ എം.ആർ അജിത് കുമാറിനെ സംരക്ഷിച്ച അതേരീതി ഈ കാര്യത്തിൽ ഉണ്ടാവരുതെന്നും ഇവർ ആവശ്യപെടുന്നു. പി. വിജയനും അജിത് കുമാറും തമ്മിലുഉള്ള അഭിപ്രായ വ്യത്യാസത്തിൽ ഇരുഭാഗത്തുമായി നിൽക്കുന്ന ഉദ്യോഗസ്ഥരുണ്ട്. എം.ആർ അജിത് കുമാറിന് എതിരെ ക്രിമിനൽ കേസ് എടുത്താൽ അദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയാക്കുന്നതിനുൾപ്പെടെ തടസം വരും. ഇതിനലാണ് മുഖ്യമന്ത്രി എം.ആർ അജിത് കുമാറിനെ സംരക്ഷിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.