12 വർഷമായി ജയിലിൽ; ഇരട്ട ജീവപര്യന്തം ചോദ്യംചെയ്‌ത് ടിപി കൊലക്കേസ് പ്രതികൾ സുപ്രിംകോടതിയിൽ
ഒന്ന് മുതൽ ആറ് വരെ പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രിം കോടതിയിൽ അപ്പീൽ നൽകിയത്
തിരുവനന്തപുരം: ഹൈക്കോടതിയുടെ ശിക്ഷാവിധി ചോദ്യംചെയ്ത് ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രിംകോടതിയെ സമീപിച്ചു. ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രിം കോടതിയിൽ അപ്പീൽ നൽകിയത്.
ഗൂഢാലോചന കുറ്റത്തിൽ ഇവർക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇത് സ്റ്റേ ചെയ്ത് ജാമ്യം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. 12 വർഷമായി ജയിലാണെന്നും പ്രതികൾ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബു, കെ കെ കൃഷ്ണൻ എന്നിവരും ജീവപര്യന്തം ശിക്ഷക്കെതിരെ അപ്പീൽ നൽകി. ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു.
അതേസമയം, ടി.പി വധക്കേസ് പ്രതികളെ ശിക്ഷായിളവിന് ശുപാർശചെയ്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്‌ത് മുഖ്യമന്ത്രി ഉത്തരവിറക്കി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി.സൂപ്രണ്ട് ഗ്രേഡ് വൺ ബി.ജി. അരുൺ, അസി. പ്രിസൺ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
നാല്, അഞ്ച്, ആറ് പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ. രജീഷ് എന്നീ പ്രതികൾക്ക് ഇളവുനൽകാനായിരുന്നു ശ്രമം.