തൃശൂരിലും വ്യാപക മരംകൊള്ള; പട്ടയഭൂമിയിൽ നിന്ന് മുറിച്ചത് നാനൂറിലേറെ മരങ്ങൾ
ഉത്തരവ് റദ്ദ് ചെയ്തതിന് ശേഷവും റേഞ്ച് ഓഫീസുകളിൽ നിന്ന് പാസ്സുകൾ അനുവദിച്ചു.
തൃശൂരിലും വ്യാപക മരം കൊള്ള. നാനൂറിലേറെ മരങ്ങൾ പട്ടയ ഭൂമിയിൽ നിന്ന് മുറിച്ചു. ഉത്തരവ് റദ്ദ് ചെയ്തതിന് ശേഷവും റേഞ്ച് ഓഫീസുകളിൽ നിന്ന് പാസ്സുകൾ അനുവദിച്ചു.
തൃശൂർ ജില്ലയിലെ മച്ചാട്, പട്ടിക്കാട്, വടക്കാഞ്ചേരി റേഞ്ചുകളിലായാണ് വ്യാപകമായ രീതിയിൽ ഈട്ടി, തേക്ക് മരങ്ങൾ മുറിച്ചത്. 40 ഓളം പാസ്സുകളിലായി 300ലേറെ ക്യുബിക് മീറ്റർ മരങ്ങൾ മുറിച്ച് മാറ്റിയതായാണ് വിവരം. പാസ്സില്ലാതെയും മരങ്ങൾ മുറിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതിലും ഗുരുതരമാണ് ഉത്തരവ് റദ്ദ് ചെയ്തതിന് ശേഷവും പാസ്സനുവദിച്ചു എന്ന കണ്ടെത്തൽ.
ഫെബ്രുവരി രണ്ടിനാണ് പട്ടയഭൂമിയിൽ മരം മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കിയത്. എന്നാൽ ഫെബ്രുവരി നാലിനും പാസ്സനുവദിച്ചതായാണ് വനംവകുപ്പിലെ രേഖകൾ. രണ്ട് കോടിയിലേറെ വില വരുന്ന മരങ്ങൾ ഈ ഉത്തരവിന് ശേഷവും മുറിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പരാതി ഉയർന്നതോടെ കുറച്ച് മരത്തടികൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.