ആദിവാസി യുവാവിനെ കാറിൽ കെട്ടിവലിച്ചിഴച്ച സംഭവം; രണ്ട് പ്രതികള്‍ പിടിയില്‍
കണിയാമ്പറ്റ സ്വദേശികളായ ഹർഷിദ് , അഭിരാം എന്നിവരാണ് പിടിയിലായത്
വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിൽ കെട്ടിവലിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കണിയാമ്പറ്റ സ്വദേശികളായ ഹർഷിദ് , അഭിരാം എന്നിവരാണ് പിടിയിലായത് . രണ്ടു പേരെയും മാനന്തവാടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ബാക്കി പ്രതികളും ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ സംഘർഷത്തിലേർപ്പെട്ടത് തടയാൻ ചെന്ന പയ്യംമ്പള്ളി സ്വദേശി മാതനാണ് ക്രൂരമായ ആക്രമണത്തിനിരയായത്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയും പൊലീസിന് നിർദേശം നൽകി. പ്രതികൾ സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ക്രൂരത. കാറിൻ്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് യുവാവിനെ മാനന്തവാടി- പുൽപ്പള്ളി റോഡിലൂടെ അര കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു. കഴിഞ്ഞ ദിവസം പ്രതികൾക്കെതിരെ വധശ്രമത്തിന് കേസടുത്ത് മാനന്തവാടി പൊലീസ്, അഞ്ചു പ്രതികളെയും തിരിച്ചറിഞ്ഞു. കണിയാമ്പറ്റ സ്വദേശി അർഷദ്, കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷിദ്, അഭിരാം, പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് പ്രതികൾ.
ആക്രമികൾ സഞ്ചരിച്ച KL 52 H 8733 എന്ന കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതികൾക്കായി ഊർജിത തിരച്ചിലിലായിരുന്നു പൊലീസ്. ഇരു സംഘം വിനോദ സഞ്ചാരികൾ സംഘർഷത്തിലേർപ്പെട്ടതിനിടെ കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ മാതൻ തടഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്. നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.