"കുതിരക്കച്ചവടം നടക്കാത്ത ഇടങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു"; മുഖ്യമന്ത്രി

"ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മേൽ കടന്നു കയറാൻ ശ്രമിക്കുന്നു"

Update: 2022-11-08 12:28 GMT
Editor : ijas | By : Web Desk
Advertising

തിരുവനന്തപുരം: കുതിരക്കച്ചവടം നടക്കാത്ത ഇടങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മേൽ കടന്നു കയറാൻ ശ്രമിക്കുന്നതായും സർക്കാരിന്‍റെയും നിയമസഭയുടേയും അധികാരത്തിൽ കൈ കടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതിനിടെയാണ് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നത്. ഐ.എസ്.ആര്‍.ഒ സ്റ്റാഫ് അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Full View

കുതിരക്കച്ചവടം എന്നത് പഴയ പ്രയോഗമാണ്. പുതിയ വാക്ക് കണ്ടെത്തണം. ഇപ്പോൾ ഇതിന്‍റെ വില വല്ലാതെ കൂടിയിട്ടുണ്ട്. ഒരു കുതിരയുടെ വിലയൊന്നും അല്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. എൽ.ഐ.സി പോലുള്ള സ്ഥാപനങ്ങൾ പോലും വിറ്റഴിക്കുന്ന സമീപനമാണ് ഇപ്പോഴുള്ളത്. എല്ലാ മേഖലയേയും ലാഭത്തോടെ മാത്രം സമീപിക്കുന്നു. കേരളത്തിന്‍റെ ബദൽ ചിലർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായും കേരളത്തെ ഇകഴ്ത്തി കാട്ടാൻ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്തിന് കാൽക്കീഴിൽ അനുസരണയോടെ ജീവിച്ചവരെ ധീരരാക്കുന്നു. ചില പ്രത്യേക വിഭാഗങ്ങൾക്കെതിരെ വിദ്വേഷം പടർത്തുന്നതായും എന്തിനേയും വർഗീയവത്ക്കരിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News