ഉപരാഷ്ട്രപതിയുടെ ബ്ലൂ ടിക് വെരിഫിക്കേഷൻ ട്വിറ്റർ നീക്കം ചെയ്തു
സ്വകാര്യത നയത്തിൽ കേന്ദ്രസർക്കാറും ട്വിറ്ററുമായി തർക്കം തുടരുന്നതിനിടെയാണ് നടപടി
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ പേഴ്സണല്‍ ട്വിറ്റർ ഹാൻഡിലിൽ നിന്ന് ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ട്വിറ്റര്‍ നീക്കി. എം.വെങ്കയ്യ നായിഡു എന്ന പേരിലുള്ള അക്കൗണ്ടിലെ ബ്ലൂ ടിക്ക് ആണ് ഒഴിവാക്കിയിട്ടുള്ളത്. ഇന്നാണ് അദ്ദേഹത്തിന്‍റെ ട്വിറ്ററിലെ ബ്ലൂ ടിക്ക് അപ്രത്യക്ഷമായിരിക്കുന്നത്. ഏകദേശം 13 ലക്ഷത്തോളം ഫോളോവർമാരുള്ള അക്കൗണ്ടാണ് ഇത്.
എന്നാൽ, ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ബ്ലൂ ടിക്ക്നഷ്ടപ്പെട്ടിട്ടില്ല. 9.3 ലക്ഷം ഫോളോവേഴ്സ് ആണ് ഈ അക്കൌണ്ടില്‍ അദ്ദേഹത്തിനുള്ളത്.
സെലിബ്രിറ്റികൾ, കമ്പനികൾ, എൻ.ജി.ഒകൾ, മാധ്യമങ്ങൾ എന്നിവർക്കെല്ലാം ട്വിറ്റർ ബ്ലുടിക്ക് നൽകാറുണ്ട്. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പിക്കുന്നതിനായാണ്സാധാരണയായി ട്വിറ്റര്‍ ബ്ലൂ ടിക്ക്നൽകാറുള്ളത്. അക്കൗണ്ടിലുള്ള പേരിൽ മാറ്റം വരുത്തിയാലോ കുറേ ദിവസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കാതിരുന്നാലോ അക്കൗണ്ടുകൾ അപൂര്‍ണമാണെങ്കിലോ ഇതുപോലെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ നഷ്ടമാകുമെന്നാണ് ട്വിറ്ററിന്‍റെ പോളിസി.
പേഴ്സണല്‍ അക്കൌണ്ടിലെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ നഷ്ടമായ വിവരം ഉപരാഷ്ട്രപതിയുടെ ഓഫീസും സ്ഥിരീകരിച്ചു. കഴിഞ്ഞ ആറുമാസമായി അക്കൌണ്ട് ഉപയോഗിക്കാതിരുന്നതിനാലാണ് ബ്ലൂ ബാഡ്ജ് നഷ്ടമായതെന്ന വിശദീകരണമാണ് ഉപരാഷ്ട്രപതിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.