തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവം; അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു
കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്
തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിന് ചികിത്സ വൈകിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
കുട്ടിയുടെ ദേഹമാസകലം മുറിവുകൾ കണ്ടെത്തിയിരുന്നു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. തലക്ക് ക്ഷതമേറ്റതായി സി.ടി സ്‌കാനിൽ കണ്ടെത്തിയതായും അടുത്ത 72 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു.
ഇന്നലെ രാത്രി അപസ്മാരം വന്നതിനെ തുടർന്നാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മറ്റൊരു ആശുപത്രിയിൽ നിന്നും അസുഖം മൂർച്ഛിച്ചതിനെ തുടർന്നു മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ ശരീരമാസകലം മുറിവുകൾ ഉള്ളതായി ആശുപത്രി അധികൃതരുടെ കണ്ണിൽ പെടുന്നത്.
കുട്ടിയുടെ പരിക്കിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്. കുട്ടിക്ക് മർദനമേറ്റതായാണ് സംശയം. പഴക്കമുള്ള ചില മുറിവുകളും ശരീരത്തിൽ നിന്നും കണ്ടെത്തി.
ചികിത്സയിലുള്ള കുട്ടി തൃക്കാക്കര സ്വദേശികളുടെ മകളാണ് . കുട്ടിയുടെ പരിക്കും മാതാപിതാക്കൾ പറയുന്ന കാര്യങ്ങളും തമ്മിൽ വൈരൂധ്യമുള്ളതായി ഡോാക്ടർമാർ പറഞ്ഞു. വെന്റിലെറ്ററിലായ കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അടിക്കടി അപസ്മാരം ഉണ്ടാവുന്ന കുട്ടിയെ എം.ആർ.ഐ സ്കാനിങ്ങിന് വിധേയമാക്കണമെന്നും ഡോക്ടർമാർ അറിയിച്ചു.