കാഫിർ സ്‌ക്രീൻഷോട്ട്: പിന്നിൽ യു.ഡി.എഫ്; വ്യാജ നിർമിതിക്ക് ബി.ജെ.പിയുടെ സഹായം ലഭിച്ചു - എം.വി ഗോവിന്ദൻ

കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് സി.പി.എം അനുകൂല സൈബർ പേജുകളിലാണെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

Update: 2024-08-18 05:16 GMT

എം.വി ഗോവിന്ദന്‍

Advertising

മലപ്പുറം: വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ടിന് പിന്നിൽ യു.ഡി.എഫ് ആണെന്ന് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഈ വിഷയത്തിൽ സി.പി.എമ്മിന് ഒറ്റ നിലപാടാണുള്ളത്. യു.ഡി.എഫ് നേതൃത്വം മാപ്പ് പറഞ്ഞാൽ ഈ വിഷയത്തിൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയാം. വ്യാജ നിർമിതിക്ക് പിന്നിൽ യു.ഡി.എഫിന് ബി.ജെ.പിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു.

കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് സി.പി.എം അനുകൂല സൈബർ പേജുകളിലാണെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഡി.വൈ.എഫ്.ഐ നേതാവായ റിബേഷ് ആണ് ആദ്യം സ്‌ക്രീൻഷോട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടത്. ഏപ്രിൽ 25ന് വൈകീട്ട് 'റെഡ് എൻകൗണ്ടർ' വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സ്‌ക്രീൻഷോട്ട് ആദ്യം വന്നത്. തൊട്ടുപിന്നാലെ റെഡ് ബറ്റാലിയൻ വാട്‌സ്ആപ്പ് ഗ്രൂപ്പിലും പോരാളി ഷാജി ഫേസ്ബുക്ക് പേജിലും വന്നു. മുൻ എം.എൽ.എ കെ.കെ ലതികയും സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർ സ്‌ക്രീൻഷോട്ടിനെ കുറിച്ച് ചോദിച്ചപ്പോഴും പിന്നിൽ യു.ഡി.എഫ് ആണെന്ന നിലപാടാണ് എം.വി ഗോവിന്ദൻ സ്വീകരിച്ചത്. വടകരയിൽ നടന്നത് യു.ഡി.എഫിന്റെ തെറ്റായ സംസ്‌കാരമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കുന്നതിൽ വിശദമായ ചർച്ച വേണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരെങ്കിലും പറയുന്നത് കേട്ട് നടപ്പാക്കേണ്ട കാര്യമല്ലിത്. എല്ലാ തലത്തിലും വിശദമായ ചർച്ച വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News