'വടകരയിൽ ജയിക്കാൻ യുഡിഎഫിന് ബിജെപി പിന്തുണ കിട്ടി'; ആരോപണമുയർത്തി മന്ത്രി എം.ബി രാജേഷ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന പാക്കേജ് യുഡിഎഫ് തയാറാക്കിയെന്ന് മന്ത്രി എംബി രാജേഷ്

Update: 2024-10-17 10:32 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: വടകരയിൽ ജയിക്കാൻ യുഡിഎഫിന് ബിജെപി പിന്തുണ കിട്ടിയെന്ന ആരോപണമുയർത്തി മന്ത്രി എം.ബി രാജേഷും. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന പാക്കേജ് യുഡിഎഫ് തയാറാക്കി. രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് ഉപേക്ഷിച്ചാണ് ആലപ്പുഴയിൽ കെ.സി വേണുഗോപാൽ വന്നതെന്നും മന്ത്രി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വീണ്ടും പങ്കുവച്ചാണ് മന്ത്രി എം.ബി രാജേഷിന്റെ ആരോപണം. കോ ലീ ബി സഖ്യത്തിന്റെ പരീക്ഷണശാലയായിരുന്നു വടകരയും ബേപ്പൂരും. 1991ലെ തെരഞ്ഞെടുപ്പിലാണ് വടകര പാർലമെന്റ് മണ്ഡലത്തിൽ കോ ലീ ബി സഖ്യത്തിന്റെ പൊതു സ്വതന്ത്ര സ്ഥാനാർഥിയായി അഡ്വ. രത്നസിങ് എൽഡിഎഫ് സ്ഥാനാർഥി കെ.പി ഉണ്ണികൃഷ്ണനെതിരെയും ബേപ്പൂരിൽ ഡോ. മാധവൻകുട്ടി ടി.കെ ഹംസക്കെതിരെയും മത്സരിച്ചത്. പരസ്യസഖ്യം ജനങ്ങൾക്ക് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. രണ്ടിടത്തും കോ ലീ ബി സംഖ്യത്തെ ജനങ്ങൾ തകർത്തുതരിപ്പണമാക്കി. ഇപ്പോൾ വടകര വീണ്ടും കോൺഗ്രസ്-ബിജെപി പാക്കേജിന്റെ പരീക്ഷണശാലയാക്കുകയാണെന്ന് രാജേഷ് ആരോപിച്ചു.

കേരളത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ജയത്തിന്റെ തൊട്ടരികിലെത്തിയ പാലക്കാട് നിയമസഭ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയെ വടകരയിൽ കൊണ്ടുപോയി മത്സരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? വടകരയിൽ ജയിക്കാൻ ബിജെപിയുടെ പിന്തുണക്ക് പകരം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് വന്നാൽ ബിജെപിയെ സഹായിക്കാമെന്നതാണ് പാക്കേജ്. നേമത്ത് ശിവൻകുട്ടിയിലൂടെ എൽഡിഎഫ് പൂട്ടിച്ച ബിജെപിയുടെ അക്കൌണ്ട് പാലക്കാടിലൂടെ തുറന്നുകൊടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ 90 കഴിഞ്ഞ ഇ. ശ്രീധരനെതിരെ കഷ്ടിച്ചാണ് കടന്നുകൂടിയത്. ആ സീറ്റിലെ എംഎൽഎയെയാണ് വേണമെങ്കിൽ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യതയിലേക്ക് വിട്ടുകൊടുത്തുകൊണ്ട് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. ബിജെപിക്ക് വടകര പാർലമെന്റ് സീറ്റിൽ ഒരു സാധ്യതയുമില്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, പാലക്കാട് നിയമസഭാ സീറ്റിൽ അങ്ങനെയല്ല. എൽഡിഎഫ് സിറ്റിങ് എംഎൽഎമാർ മത്സരിക്കുന്ന ഒരു സീറ്റിലും ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ ഒരിടത്തുപോലും ബിജെപിക്ക് വിദൂര വിജയസാധ്യത പോലുമില്ലെന്നോർക്കണമെന്നും എം.ബി രാജേഷ് ചൂണ്ടിക്കാട്ടി.

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മാർച്ച് 8ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയെ അപ്രതീക്ഷിതിമായി മാറ്റി, അന്നത്തെ പാലക്കാട് എംഎൽഎയെ സ്ഥാനാർഥിയാക്കിയപ്പോൾ ഞാൻ ഇട്ട പോസ്റ്റാണ് ഇത്. അത് ഇപ്പോൾ വീണ്ടും പോസ്റ്റ് ചെയ്യുന്നു. അന്ന് പറഞ്ഞതെല്ലാം ഇപ്പോൾ അക്ഷരംപ്രതി ശരിയായിരിക്കുന്നു.

വടകരക്ക് കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു സവിശേഷ സ്ഥാനമുണ്ട്. കോ ലീ ബി സഖ്യത്തിന്റെ പരീക്ഷണശാലയായിരുന്നു വടകരയും ബേപ്പൂരും. തൊണ്ണൂറ്റിഒന്നിലെ തെരഞ്ഞെടുപ്പിലാണ് വടകര പാർലമെന്റ് മണ്ഡലത്തിൽ കോ ലീ ബി സഖ്യത്തിന്റെ പൊതു സ്വതന്ത്ര സ്ഥാനാർഥിയായി അഡ്വ. രത്നസിങ് എൽ ഡി എഫ് സ്ഥാനാർഥി കെ പി ഉണ്ണികൃഷ്ണനെതിരെയും ബേപ്പൂരിൽ ഡോ. മാധവൻകുട്ടി സഖാവ് ടി കെ ഹംസക്കെതിരെയും മത്സരിച്ചത്. പരസ്യ സഖ്യം ജനങ്ങൾക്ക് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. രണ്ടിടത്തും കോ ലീ ബി സംഖ്യത്തെ ജനങ്ങൾ തകർത്തു തരിപ്പണമാക്കി. ഇപ്പോൾ വടകര വീണ്ടും കോൺഗ്രസ്സ് -ബി ജെ പി പാക്കേജിന്റെ പരീക്ഷണശാലയാകുകയാണ്.കേരളത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി ജയത്തിന്റെ തൊട്ടരികിലെത്തിയ പാലക്കാട് നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എം എൽ എ യെ വടകരയിൽ കൊണ്ടുപോയി മത്സരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? വടകരയിൽ ജയിക്കാൻ ബി ജെ പി യുടെ പിന്തുണക്ക് പകരം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് വന്നാൽ ബി ജെ പി യെ സഹായിക്കാം എന്നതാണ് പാക്കേജ്. നേമത്ത് സ. ശിവൻകുട്ടിയിലൂടെ എൽ ഡി എഫ് പൂട്ടിച്ച ബി ജെ പി യുടെ അക്കൌണ്ട് പാലക്കാടിലൂടെ തുറന്നു കൊടുക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ തൊണ്ണൂറ് കഴിഞ്ഞ ഇ ശ്രീധരനെതിരെ കഷ്ടിച്ചാണ് കടന്നു കൂടിയത്. ആ സീറ്റിലെ എം എൽ എ യെയാണ് വേണമെങ്കിൽ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യതയിലേക്ക് വിട്ടു കൊടുത്തു കൊണ്ട് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. ബി ജെ പി ക്ക് വടകര പാർലമെന്റ് സീറ്റിൽ ഒരു സാധ്യതയും ഇല്ല എന്നെല്ലാവർക്കുമറിയാം. എന്നാൽ പാലക്കാട് നിയമസഭ സീറ്റിൽ അങ്ങനെയല്ല.എൽ ഡി എഫ് സിറ്റിംഗ് സിറ്റിങ് എം എൽ എ മാർ മത്സരിക്കുന്ന ഒരു സീറ്റിലും ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ ഒരിടത്തു പോലും ബി ജെ പി ക്ക് വിദൂരവിജയസാധ്യത പോലുമില്ലെന്നോർക്കണം.

91 ൽ വടകരയും ബേപ്പൂരുമായിരുന്നെങ്കിൽ ഇപ്പോൾ വടകരയും ആലപ്പുഴയുമാണ്. ആലപ്പുഴയിൽ മത്സരിക്കാനെത്തുന്ന കെ സി വേണുഗോപാൽ രാജസ്ഥാനിലെ രാജ്യസഭ അംഗമാണ്. ജയിച്ചാൽ രാജി വക്കണം. രാജിവച്ചാൽ രാജസ്ഥാനിലെ ഇന്നത്തെ കക്ഷി നില വച്ച് സീറ്റ് ബി ജെ പിക്ക് ഉറപ്പ്. അതോടെ രാജ്യസഭയിൽ ബി ജെ പി ക്ക് ഇപ്പോഴില്ലാത്ത കേവല ഭൂരിപക്ഷവും ഉറപ്പാവും. ആരെയാണ് ഈ കോൺഗ്രസ് എതിർക്കുന്നത്? ആരെയാണിവർ സഹായിക്കുന്നത്? ഇനിയും മനസിലാകാത്തവർ അത്രയും നിഷ്‌കളങ്കരായിരിക്കണം.രാജ്യമാകെ കൊൺഗ്രസ്സിന്റെ കഥ കഴിച്ച് ബി ജെ പി യിലേക്ക് കോൺഗ്രസ്സ് നേതാക്കളുടെ ഘോഷയാത്രക്ക് വഴിയൊരുക്കിയ വേണുഗോപാൽ ഇപ്പോൾ കേരളത്തിലേക്ക് വരികയാണ്. വരുന്നത് സി പി ഐ എമ്മിനോട് യുദ്ധം ചെയ്ത് ബി ജെ പി യെ സഹായിക്കാനാണ്. പത്മജ പത്മം ചൂടിയത് യാദൃശ്ചികമല്ല എന്നാണ് കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക വ്യക്തമാക്കുന്നത്. സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയെയും വഞ്ചിച്ചു കൊണ്ട് കെ സി വേണുഗോപാൽ കളിക്കുന്ന കളി ബി ജെ പി ക്ക് വേണ്ടിയിട്ടുള്ളതാണ്. ജനിച്ച ശേഷം ചോറൂണ് മുതൽ ഇന്നേവരെ കോൺഗ്രസ് ചെലവിൽ ഉണ്ടു വളർന്ന ആന്റണി -കരുണാകരൻമാരുടെ മക്കൾക്ക് ഒരു മന:സാക്ഷിക്കുത്തുമില്ലാതെ ബി ജെ പി യിലേക്ക് പോകാമെങ്കിൽ കെ സി വേണുഗോപാലിനും കെ സുധാകരനും വി ഡി സതീശനുമൊക്കെ പോകാൻ തടസമുണ്ടാകുമോ? ശാഖക്ക് കാവൽ നിന്നത് അഭിമാനമായും എനിക്ക് തോന്നിയാൽ ബി ജെ പി യിലേക്ക് പോകുമെന്ന് പ്രഖ്യാപിക്കുന്നത് ധീരതയാണെന്ന് കരുതുകയും ചെയ്യുന്ന സുധാകരനും, ഗോൾവാൾക്കാർ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി കൂപ്പുകൈകളുമായി നിന്ന വി ഡി സതീശനും പോവില്ലെന്ന് എന്താണുറപ്പ്? കെ സി വേണുഗോപാൽ കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിൽ എത്തിയ ശേഷമാണ് ഒരു ഡസനിലേറെ മുൻ മുഖ്യമന്ത്രിമാരും നിരവധി കേന്ദ്ര മന്ത്രിമാരും എം പി മാരുമുൾപ്പെടെ ഏറ്റവും കൂടുതൽ കോൺഗ്രസ്സ് നേതാക്കളെ ബി ജെ പി യിലേക്ക് എത്തിച്ചത്.

വടകര-ആലപ്പുഴ പാക്കേജ് കേരള രാഷ്ട്രീയത്തിൽ അങ്ങേയറ്റം ആപൽക്കരമായൊരു പുതിയ വഴിത്തിരിവ് സൃഷ്ടിക്കാൻ ലക്ഷ്യം വച്ചുള്ളതാണ്. ആ ചതിക്കുഴി കോൺഗ്രസസിനകത്തും ലീഗിലുമുള്ള മത നിരപേക്ഷ വാദികൾ തിരിച്ചറിഞ്ഞാൽ നല്ലത്.ജനങ്ങൾ എന്തായാലും ഇത്തവണ തിരിച്ചറിയും 91 ലെ വടകര -ബേപ്പൂർ മോഡലിനുണ്ടായ അതേ അനുഭവം ആയിരിക്കും ഈ വടകര -ആലപ്പുഴ പാക്കേജിനുമുണ്ടാവുക.

Summary: 'UDF got BJP support to win in Vatakara'; Minister MB Rajesh alleges

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News