റീസർവെയിലെ അപാകതകൾ പരിഹരിക്കണം; ഇടുക്കി വാത്തിക്കുടി പഞ്ചായത്തിൽ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ
ഇടുക്കി: റീസർവെയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി വാത്തിക്കുടി പഞ്ചായത്തിൽ യു.ഡി.എഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പട്ടയമില്ലാത്ത കൈവശഭൂമി സർക്കാർ ഭൂമിയെന്ന് രേഖപ്പെടുത്തി സർവെ നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. പരാതി ഉയർന്നതോടെ നിലവിലെ കൈവശക്കാരന്‍റെ പേര് ഉൾപ്പെടുത്തി സർവെ പൂർത്തിയാക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. 90 ശതമാനം സർവെ പൂർത്തിയായിട്ടും ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
ഡിജിറ്റൽ സർവെ പൂർത്തിയായ ഇരട്ടയാർ വില്ലേജിലും സർവെ നടക്കുന്ന രാജാക്കാട്,മഞ്ചുമല,വാത്തിക്കുടി,കൽക്കൂന്തൽ വില്ലേജുകളിലും കൈവശ ഭൂമിയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണുയരുന്നത്. അതേസമയം റവന്യൂ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രശ്ന പരിഹാരമുറപ്പാക്കിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ സൂചിപ്പിച്ചു. ഡിജിറ്റൽ സർവെ പട്ടയനടപടികളെ ബാധിക്കില്ലെന്നാണ് സർവെ വിഭാഗത്തിന്‍റെ വിശദീകരണം.