ഉമാ തോമസിന്‍റെ പത്രിക തള്ളണമെന്ന് ഹരജി; ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും
നാമനിര്‍ദേശ പത്രികയിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് നല്‍കിയ പരാതി റിട്ടേണിംഗ് ഓഫിസര്‍ കൃത്യമായി പരിഗണിച്ചില്ലെന്ന് ഹരജി
കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്‍റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. സ്വതന്ത്ര സ്ഥാനാര്‍ഥി സി.പി ദിലീപ് നായരാണ് കോടതിയെ സമീപിച്ചത്.
നാമനിര്‍ദേശ പത്രികയിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് നല്‍കിയ പരാതി റിട്ടേണിംഗ് ഓഫിസര്‍ കൃത്യമായി പരിഗണിച്ചില്ലെന്ന് ഹരജിയില്‍ പറയുന്നു. പി.ടി തോമസിന് എസ്.ബി.ഐയിലും എച്ച്.ഡി.എഫ്.സി ബാങ്കിലും ലോണ്‍ കുടിശികയും കോര്‍പ്പറേഷനില്‍ ഭൂനികുതി കുടിശികയും ഉണ്ടെന്നും ഇക്കാര്യം പത്രികയില്‍ മറച്ചുവെച്ചുമെന്നുമാണ് പരാതി. ഭാര്യയെന്ന നിലയ്ക്ക് സ്ഥാനാര്‍ഥിക്ക് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്. ബാലറ്റ് പേപ്പറില്‍ അക്ഷരമാലാക്രമം മറികടന്ന് ഉമയുടെ പേരിന് മുന്‍ഗണന നല്‍കിയെന്നും പരാതിയുണ്ട്.
പ്രചാരണം അവസാനിക്കാന്‍ ഇനി അഞ്ച് ദിവസം
തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രം. മുഖ്യമന്ത്രി വീണ്ടും കളത്തിലിറങ്ങിയതോടെ എല്‍.ഡി.എഫ് ക്യാമ്പ് ആവേശത്തിലായി. യു.ഡി.എഫും ബി.ജെ.പിയും പ്രചാരണം ശക്തമാക്കി. വോട്ടുറപ്പിക്കാന്‍ നേതാക്കളുടെയും അണികളുടെയും നെട്ടോട്ടമാണ്. അതിരാവിലെ മുതല്‍ വീടുകളും കടകളും കയറിയിറങ്ങിയാണ് പ്രചാരണം.
എല്‍.ഡി.എഫ് മൂന്നാംഘട്ട പര്യടനം തുടങ്ങി. വെണ്ണലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ റാലിയും പൊതുയോഗവും. ഇനി മൂന്ന് ദിവസം കൂടി മുഖ്യമന്ത്രി പ്രചാരണ രംഗത്തുണ്ട്. ഇന്ന് രാവിലെ ഏഴരക്ക് ഇടത് സ്ഥാനാർഥി ജോ ജോസഫ് ഇടപ്പള്ളിയില്‍ നിന്ന് പ്രചാരണം തുടങ്ങും.
യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് ഇന്ന് പൂർണമായും വെണ്ണലയിലാണ് പ്രചാരണം നടത്തുക. യു.ഡി.എഫ് നേതാക്കള്‍ വീട് കയറി നടത്തുന്ന പ്രചാരണം മറ്റൊരു വഴിക്ക് പുരോഗമിക്കുന്നുണ്ട്. ബി.ജെ.പി സ്ഥാനാർഥി എ എന്‍ രാധാകൃഷ്ണന്‍ തമ്മനം, എളംകുളം മേഖലകളിലാണ് ഇന്ന് പൂർണമായും പ്രചാരണത്തിലേർപ്പെടുക. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ വോട്ട് പിടിക്കാന്‍ രംഗത്തുണ്ട്.