സ്വകാര്യ ഹജ്ജ് യാത്ര അനിശ്ചിതത്വം; വീഴ്ചയുണ്ടായത് കേന്ദ്ര സർക്കാരിനെന്ന് ആരോപണം
'സൗദി ഹജ്ജ് കാര്യ പോർട്ടലില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത് വൈകിപ്പിച്ചു'


കോഴിക്കോട്: സ്വകാര്യ ഹജ്ജ് യാത്ര അനിശ്ചിതത്വത്തിലായതിന് കാരണം കേന്ദ്ര സർക്കാർ ഉദ്യേഗസ്ഥരെന്ന് ആരോപണം. സൗദി ഹജ്ജ് കാര്യ പോർട്ടലില്‍ ഉദ്യേഗസ്ഥർ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത് വൈകിപ്പിച്ചു.
ഫെബ്രുവരിയോടെ തന്നെ സ്വകാര്യ ഹജ്ജ് ഓപറേറ്റർമാർ വിവിധ സേവനങ്ങള്‍ക്കായി പണമടച്ചിരുന്നു. കേന്ദ്രഇടപെടല്‍ തേടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. സൗദിയിലെ സൗകര്യങ്ങള്‍ക്കായി അഡ്വാന്‍സ് പണമടക്കുന്നതിനായി ഓരോ തീർഥാടകനില്‍ നിന്നും 1000 രൂപ വീതം സർവീസ് ചാർജും ന്യൂനപക്ഷ മന്ത്രാലയം ഇടാക്കിയിരുന്നു.
അതിനിടെ, ഹജ്ജ് യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപെട്ട് സ്വകാര്യ ഹജ്ജ് ഓപറേറ്റർമാർ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് നിവേദനം നൽകി. 42,000 ത്തിലധികം ഹാജിമാർക്ക് ഇത്തവണ അവസരം നഷ്ടമാകാതിരിക്കാൻ കേന്ദ്ര സർക്കാർ സൗദി ഹജ്ജ് കാര്യ മന്ത്രാലയവുമായി അടിയന്തര ഇടപെടൽ നടത്തണമൊന്നാണവശ്യം.
സൗദിയുടെ നുസൂഖ് പോർട്ടല്‍ തുറക്കാൻ ആവശ്യമായ നടപടി സ്വീകരിക്കമെന്ന് സ്വകാര്യ ഓപറ്റേർമാർ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ കേന്ദ്ര നയതന്ത്രസംഘം സൗദിയിലെത്തി ചർച്ച നടത്തണമെന്നും നിവേദനത്തിലുണ്ട്. സൗദി ഹജ്ജ് പോർട്ടൽ അടച്ചതോടെ നടപടിക്രമങ്ങൾ പൂർത്തിയാകാതെ 42, 000 പേർക്ക് അവസരം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.