ഏകീകൃത കുർബാന: അങ്കമാലി അതിരൂപത സർക്കുലറിനെതിരെ തൃശൂരിലും പ്രതിഷേധം
നേരത്തെ ഇരിങ്ങാലക്കുട അതിരൂപതയിലെ വൈദികരും സർക്കുലറിനെതിരെ രംഗത്തുവന്നിരുന്നു
തൃശൂർ: ഏകീകൃത കുർബാന വിഷയത്തിൽ എറണാകുളം, അങ്കമാലി രൂപത പുറത്തിറിക്കിയ സർക്കുലറിനെതിരെ തൃശൂരിലും പ്രതിഷേധം. കുർബാന ഏകീകരണത്തിൽ വൈദികർക്കിടയിൽ സർവെ വേണമെന്ന് ആവശ്യപ്പെട്ട് വൈദികരുടെ കൂട്ടായ്മയായ ആരാധനക്രമ സംരക്ഷണ സമിതി കുറിപ്പിറക്കി. നേരത്തെ ഇരിങ്ങാലക്കുട അതിരൂപതയിലെ വൈദികരും സർക്കുലറിനെതിരെ രംഗത്തുവന്നിരുന്നു.
ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലാണ് സർക്കുലർ ഇറക്കിയത്. ഇല്ലെങ്കിൽ വൈദിക വിദ്യാർഥികൾക്ക് പട്ടം നൽകില്ലെന്നും സർക്കുലറിൽ പറയുന്നു. നാലുവർഷം ആയിട്ടും കുർബാന തർക്കത്തിൽ പ്രശ്‌നപരിഹാരം കണ്ടെത്താനാവാത്തത്തോടെയാണ് സീറോ മലബാർ സഭ കടുത്ത നടപടികളിലേക്ക് കടക്കുന്നത്.
ജൂലൈ മൂന്നിനുശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്താകും എന്ന് സർക്കുലറിലൂടെ സഭ മുന്നറിയിപ്പ് നൽകി. നടപടി നേരിടുന്ന വൈദികർക്ക് വിവാഹം നടത്താനും അധികാരമില്ല. ജൂലൈ മൂന്നിനു മുൻപ് സത്യവാങ്മൂലം നൽകാത്ത വൈദിക വിദ്യാർഥികൾക്ക് വൈദിക പട്ടം നൽകില്ലെന്നും മുന്നറിയിപ്പുണ്ട്. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആണ് സർക്കുലർ ഇറക്കിയത്. ഈ സർക്കുലർ ജൂൺ 16 ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണം എന്നും നിർദേശമുണ്ട്.
എന്നാൽ സിനഡ് യോഗത്തിന് മുൻപ് സർക്കുലർ ഇറക്കാൻ അധികാരമില്ലെന്നും സർക്കുലർ തള്ളിക്കളയുന്നുവെന്ന് ആരോപിച്ച് എറണാകുളം അങ്കമാലി അതിരൂപത അല്മായ മുന്നേറ്റ സമിതി രംഗത്തുവന്നിരുന്നു.
2021 നവംബർ 28 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന സിനഡിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ, സഭയിൽ മുഴുവനായും ഏകീകൃത കുർബാന നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.