ഡൽഹിയിൽ കുരിശിന്റെ വഴിക്ക് അനുമതി നൽകാത്തതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തി ആഘോഷത്തിനും അനുമതി നൽകിയിരുന്നില്ലെന്ന് ജോർജ് കുര്യൻ പറഞ്ഞു


തിരുവനന്തപുരം: ഡൽഹിയിൽ കുരിശിന്റെ വഴിക്ക് അനുമതി നൽകാത്തതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഡൽഹിയിലെ സുരക്ഷാ പ്രശ്നം മുൻ നിർത്തിയാണ് അനുമതി നിഷേധിച്ചതെന്നും കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തി ആഘോഷത്തിനും അനുമതി നൽകിയിരുന്നില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.
'11-ാം തിയ്യതി മുതൽ ഡൽഹിയിൽ അധി ശക്തമായ സുരക്ഷയാണ് എന്ന വാർത്തകൾ വരുന്നു. എന്തിനാണ് സൂക്ഷയെന്ന് എനിക്കറിയില്ല. സുരക്ഷയുടെ കാരണം മാധ്യമങ്ങൾക്കറിയാം. കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തി ആഘോഷത്തിനും അനുമതി നൽകിയില്ല'-ജോർജ് കുര്യൻ പറഞ്ഞു.
സുരക്ഷാകരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹി സേക്രഡ് ഹാർട്സ് ദേവാലയത്തിൽ കുരിശിന്റെ വഴിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്. തുടർന്ന് പള്ളി ഗ്രൗണ്ടിലാണ് കുരിശിന്റെ വഴി ചടങ്ങ് നടത്തിയത്. സെന്റ്മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് പള്ളിയിലേക്ക് പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. സംഭവത്തിൽ ഡൽഹി പൊലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.