എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി
മാധ്യമങ്ങളെ പുറത്താക്കാൻ ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർക്ക് സുരേഷ് ഗോപി നിർദേശം നൽകി
കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങളെ പുറത്താക്കാൻ ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർക്ക് സുരേഷ് ഗോപി നിർദേശം നൽകി. പ്രതികരണം തേടിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞത്. പുറത്ത് പോകാൻ ആവശ്യപ്പെട്ടത് മന്ത്രിയുടെ ഗൺമാനാണെന്നാണ് ഗസ്റ്റ്ഹൗസ് ജീവനക്കാരുടെ പ്രതികരണം.
രാവിലെ എറണാകുളത്ത് എത്തിയ സുരേഷ് ഗോപി, പിന്നീട് ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് മാധ്യമങ്ങൾ പ്രതികരണം തേടിയത്. എന്നാൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ മന്ത്രി അകത്തേക്ക് പോയി. തുടർന്നാണ് ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടത്. മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഗൺമാൻ അറിയിച്ചു എന്നാണ് വിശദീകരണം.
സംഭവത്തിന് പിന്നാലെ എറണാകുളം പ്രസ്ക്ലബ് ഭാരവാഹികൾ ഗസ്റ്റ് ഹൗസിൽ എത്തി. നടപടി ജനാധിപത്യവിരുദ്ധമെന്ന് ജീവനക്കാരെ അറിയിച്ചു. ഇന്നലെയും നെടുമ്പാശ്ശേരിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് മോശമായാണ് ഇടപെട്ടത്.
അതേസമയം, എല്ലാ പ്രവർത്തനങ്ങളിലും സുരേഷ് ഗോപി നാടകീയതയാണ് കാണിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വിമർശിച്ചു. സുരേഷ് ഗോപി അഭിനയിച്ച കമ്മീഷണർ സിനിമയിലെ കഥാപാത്രം അദ്ദേഹത്തെ വിട്ട് പോയിട്ടില്ല.എന്തു പറയുന്നു, പ്രവർത്തിക്കുന്നു എന്ന് സുരേഷ് ഗോപിക്ക് തന്നെ അറിയില്ല എന്നും സുധാകരൻ പറഞ്ഞു.