'സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം'; 'കേരള സ്റ്റോറി' ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ തെര.കമ്മീഷന് പരാതി നൽകി വി.ഡി സതീശൻ
സിനിമ സംപ്രേഷണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: 'കേരള സ്റ്റോറി' ദൂരദർശനില്‍ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ശ്രമമെന്നും സംഘ്പരിവാർ താല്പര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. സിനിമാ സംപ്രേഷണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത് .ബി.ജെ.പി സ്ഥാനാർഥികൾക്കായി വർഗീയ പ്രചരണം നടത്താനുള്ള ഏജൻസിയല്ല ദൂരദർശനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.
കേരള സ്റ്റോറി എന്ന സിനിമ ഇറങ്ങിയതു മുതൽ വലിയ പ്രതിഷേധം കേരളത്തിൽ ഉയർന്നു വന്നിരുന്നു. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണ് സിനിമയെന്ന് പ്രചരണം ആയിരുന്നു എൽ.ഡി.എഫും യു.ഡി.എഫും അഴിച്ചുവിട്ടത്. ഇതേ സിനിമ ദൂരദർശൻ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് വ്യാപക പ്രതിഷേധം കേരളത്തിൽ ഉയർന്നുവരുന്നത്. കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ദൂരദർശൻ പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവും രംഗത്ത് വന്നു. അസത്യങ്ങൾ കുത്തിനിറച്ച സിനിമ പ്രദർശിപ്പിക്കുന്നു എന്നാരോപിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സിനിമ പ്രദര്‍ശിപ്പിക്കുന്നത് ബോധപൂർവ്വം വർഗീയ ധ്രൂവീകരണമുണ്ടാക്കാനെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.