വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കും: മന്ത്രി വീണാ ജോര്‍ജ്
എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി
പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
കോട്ടയം ചങ്ങനാശേരിക്ക് അടുത്ത് കുറിച്ചി എന്ന സ്ഥലത്തു വെച്ച് മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണ് വാവസുരേഷിന് കടിയേറ്റത്. കാലിൽ കടിയേറ്റ സുരേഷിനെ കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ ഇദ്ദേഹം ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പാമ്പിനെ പിടിക്കാൻ വൈകീട്ട് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തയത്. പാമ്പിനെ പിടികൂടി ചാക്കിൽ ഇടന്നതിനിടെ മൂർഖൻ കറങ്ങിവന്ന് തുടയിൽ കൊത്തുകയായിരുന്നു.