ഭൂരിപക്ഷ തീവ്രവാദികളേയും ന്യൂനപക്ഷ തീവ്രവാദികളേയും സിപിഎം താലോലിക്കുന്നുവെന്ന് വി.ഡി സതീശൻ
പൊലീസിൽ ആർഎസ്എസുകാരുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നുവെന്നും സിപിഎമ്മിന്റെ പ്രീണനനയം കാരണമാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്
ഭൂരിപക്ഷ തീവ്രവാദികളേയും ന്യൂനപക്ഷ തീവ്രവാദികളേയും സിപിഎം താലോലിക്കുന്നുവെന്നും സോഷ്യൽ എൻജിനീയറിങ് എന്ന് പേരിട്ട് സിപിഎം നടത്തുന്നത് മതപ്രീണനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളാ പൊലീസിൽ ആർഎസ്എസുകാരുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നുവെന്നും സിപിഎമ്മിന്റെ പ്രീണനനയം കാരണമാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർക്ക് അഗ്നിശമന സേനാംഗങ്ങൾ പരീശീലനം നൽകിയത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെട്ട ഭൂമിയിലും വായ്പ കൊടുക്കാമെന്ന് സർക്കാർ നിർദേശം നൽകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. യുഡിഎഫ് ഭരണസമിതിക്ക് മാത്രമായി ലോൺ അനുവദിക്കാതിരിക്കുന്നത് നിർത്തണമെന്നും സർക്കാർ നിർദേശം നൽകിയിട്ടും അനുസരിക്കാത്ത സഹകരണബാങ്കുകളുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുസ്‌ലിം ലീഗിന്റെ കീഴിലാണ് കോൺഗ്രസ് നിലനിൽക്കുന്നതെന്ന ഇപി ജയരാജന്റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ ജയരാജന് മറുപടി പറയാൻ താൻ ആളല്ലെന്നും ഇപി ജയരാജൻ പണ്ഡിതനാണെന്നും പ്രതിപക്ഷം വിവരമില്ലാത്തവരാണെന്നും അദ്ദേഹം പരിഹസിച്ചു.
ഐഎൻടിയുസി വിഷയം അവസാനിച്ചുവെന്നും ഇനി വിഷയത്തിൽ പ്രതികരണത്തിന് ഇല്ലെന്നും വി ഡി സതീശൻ പറഞ്ഞു.
VD Satheesan says CPM is flattering majority extremists and minority extremists