വീണ വിജയന്റെ കമ്പനി പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് പണംപറ്റി- എൻ.കെ.പ്രേമചന്ദ്രൻ
സംഘടിതമായ തീവെട്ടിക്കൊള്ളയാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നതെന്നും അതിന് സിപിഎം ചൂട്ടുപിടിക്കുന്നുവെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു
കോട്ടയം: കേരളത്തിലെ ചില പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വീണ വിജയന്റെ കമ്പനി പണം കൈപറ്റിയെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. അമിത് ഷായുടെ മകനെതിരെ ആരോപണം ഉന്നയിച്ച സിപിഎം കേന്ദ്ര നേതൃത്വം പിണറായിയുടെ കാര്യത്തിൽ മിണ്ടുന്നില്ല. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ആദ്യം മറുപടി നൽകട്ടെയെന്നും എൻ.കെ.പ്രേമചന്ദ്രൻ മീഡിയവണിനോട് പറഞ്ഞു.
പുതുപ്പള്ളിയിൽ ജനങ്ങളോട് വോട്ട് ചോദിക്കാൻ വരുന്ന മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിച്ച ഗൗരവതരമായ ചോദ്യങ്ങൾക്ക് മറുപടി പറയണം. സമഗ്രമായി പരിശോധിച്ചാൽ കേരളത്തിലെ ചില പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും പരോക്ഷമായി വീണ വിജയന്റെ കമ്പനി മാസപ്പടിയോ ആനുകൂല്യങ്ങളോ കൈപ്പറ്റിയിട്ടുണ്ടെന്നാണ് പ്രചരിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമാണ്. സംഘടിതമായ തീവെട്ടിക്കൊള്ളയാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നതെന്നും അതിന് സിപിഎം ചൂട്ടുപിടിക്കുന്നുവെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു.