വിദ്വേഷ പ്രസംഗം: കലാപശ്രമം നടത്തിയതിന് കേസെടുത്ത് വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണം -SNDP സംരക്ഷണ സമിതി
‘വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് അതിതീവ്രമായ മത വിദ്വേഷ പ്രസംഗമാണ് നടത്തിയത്’
കൊല്ലം: ജാതിയുടെ ഭ്രാന്താലയമായിരുന്ന കേരളത്തെ ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ കേരളമാക്കിയ ശ്രീനാരായണ ഗുരുദേവൻ രൂപം നൽകിയ എസ്എൻഡിപി യോഗത്തിന്റെ കസേരയിലിരുന്ന് കേരളത്തെ മതതീവ്രവാദത്തിന്റെ ഭ്രാന്താലയമാക്കുന്ന വെള്ളാപ്പള്ളി നടേശനെതിരെ മതവിദ്വേഷ പ്രസംഗം നടത്തി കലാപശ്രമം നടത്തിയതിന് കേസെടുത്ത് അറസ്റ്റു ചെയ്യണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനൻ ആവശ്യപ്പെട്ടു. പി.സി ജോർജ് ഒരു ചാനലിൽ നടത്തിയ അഭിപ്രായത്തിന് കേസെടുത്ത കേരള ആഭ്യന്തര വകുപ്പ്, വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് അതിതീവ്രമായ മത വിദ്വേഷ പ്രസംഗമാണ് നടത്തിയത്.
സ്വന്തം കാര്യസാധ്യത്തിനും കൊള്ള മുതൽ സംരക്ഷിക്കാനും വേണ്ടി ഈ മതതീവ്രവാദിക്ക് കേരള വിദ്യാഭ്യാസ ആക്ട് സെക്ഷ ൻ 5 ( b)യ്ക്ക് വിരുദ്ധമായി ചേർത്തല ഗവ. ഹയർ സെക്കൻഡറി സ്കൂൾ സമ്മേളനത്തിനനുവദിച്ച് ആ പരിപാടിയിൽ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന കേരളത്തിന്റെ മുഖ്യന്ത്രിയും നാല് മന്ത്രിമാരും പങ്കെടുക്കുന്നത് കേരളത്തോടു കാട്ടുന്ന കൊടിയ വഞ്ചനയാണ്.
ഈഴവ സമുദായത്തിന്റെ ഭൗതിക സ്വത്തുക്കൾ വിറ്റും കൊള്ളയടിച്ചും നശിപ്പിക്കുകയും എസ്എൻഡിപി യോഗത്തിന്റെ ആസ്ഥാന മന്ദിരം വരെ ജപ്തിയിലാക്കുകയും എസ്എൻഡിപി യോഗത്തെ നിലപാടില്ലാത്ത സംഘടനയാക്കി മാറ്റുകയും ചെയ്ത വെള്ളാപ്പള്ളി നടേശന് ഈഴവ സമുദായത്തെക്കുറിച്ച് ഒരക്ഷരം ശബ്ദിക്കാൻ അവകാശമില്ല. എസ്എൻഡിപി യോഗത്തിലെ അംഗങ്ങൾക്ക് വോട്ടവകാശം നിഷേധിച്ച്, കണക്കു ചോദിക്കുന്ന അംഗത്തെ ആക്രമിച്ച്, കള്ളക്കണക്കെഴുതി തെരഞ്ഞെടുപ്പ് നടത്താതെ നിയമത്തെ കാറ്റിൽ പറത്തി, കോടതികളെ വിലയക്കെടുത്ത് ഞാനും കുടുംബവും തന്നെ എസ്എൻഡിപി ഭരിരിക്കുമെന്ന് പ്രഖ്യാപിക്കാൻ വെള്ളാപ്പള്ളി നടേശന് എവിടെ നിന്നാണ് ഈ ധൈര്യം കിട്ടിയതെന്ന് ഉടൻ തന്നെ വെളിപ്പെടുത്തുമെന്നും അഡ്വ. എസ്. ചന്ദ്രസേനൻ പറഞ്ഞു.