വെള്ളാപ്പള്ളിയുടെ വൃത്തികെട്ട പ്രസ്താവന ചർച്ച ചെയ്യേണ്ട കാര്യമില്ല: പി.കെ കുഞ്ഞാലിക്കുട്ടി
‘പ്രസ്താവനക്ക് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടിയില്ല’


മലപ്പുറം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വൃത്തികെട്ട പ്രസ്താവന ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഈ പ്രസ്താവനക്ക് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടിയില്ല. ഇത് കേരളമാണ്. ഇങ്ങനെ പറയുന്നവർക്ക് കിട്ടുന്ന വോട്ട് പോലും ലഭിക്കില്ല. വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും അവർക്ക് കിട്ടിയിട്ടില്ല. അവരുടെ പ്രസ്താവനക്ക് ഒരു വിലയുമില്ല.
വെള്ളാപ്പള്ളിയുടെ പ്രസ്താവന സമൂഹം തന്നെ തള്ളിക്കളഞ്ഞു. ഇനി അതേക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യം തന്നെയില്ല. ഇതിലും താണ ഒരു പ്രസ്താവന ഇനിയില്ല. ജനങ്ങൾക്ക് ബുദ്ധിയുള്ളത് കൊണ്ടാണ് അവഗണിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വഖഫ് നിയമഭേദഗതി അഖിലേന്ത്യാ പ്രശ്നമാണ്. നിയമ ഭേദഗതിയെ ശക്തമായി എതിർപ്പ് അറിയിച്ചതാണ്. ഇതിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യും. നാളെ ഇതേ പ്രശ്നം മറ്റുള്ളവർക്കും വരും. കേസുമായി ബന്ധപ്പെട്ട് കബിൽ സിബലുമായി തിങ്കളാഴ്ച ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുനമ്പം വിഷയം രമ്യമായി പരിഹരിക്കും. അതിന് വേണ്ട പിന്തുണ നൽകും. മുസ്ലിം-ക്രിസ്ത്യൻ എന്ന തരത്തിൽ ഒരു പ്രശ്നവും വരില്ല. പ്രശ്നത്തിൽ ചിലർ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നുണ്ട്. മലയോര മേഖലയിലെ പ്രശ്നങ്ങൾക്ക് സമാന്തര പരിഹാരം കണ്ടെത്തേണ്ടതുണ്ട്. മെറിറ്റ് അടിസ്ഥാനത്തിൽ വോട്ട് ചെയുകയണെങ്കിൽ സഭയുടെ വോട്ട് യുഡിഎഫിന് തന്നെ ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.