ചട്ടം ലംഘനം; കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം റദ്ദാക്കി

യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി സർവകലാശാലാ സെനറ്റ് അംഗം വി.വിജയകുമാർ, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി.ജോസ് എന്നിവർ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്

Update: 2022-03-22 06:24 GMT
Editor : afsal137 | By : Web Desk
Advertising

കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് തീരുമാനം. ഗവർണറുടെ സത്യവാങ്മൂലം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.

എതിർകക്ഷികളായ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്കു നോട്ടിസ് നൽകാനും കോടതി നിർദേശിച്ചിരുന്നു.നിയമപ്രകാരം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനെയും അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടതു ചാൻസലറാണെന്നും നിയമനം നടത്തേണ്ടതു സിൻഡിക്കേറ്റാണെന്നുമാണ് ഗവർണർ വിശദീകരിച്ചത്. വൈസ് ചാൻസലറുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് മുൻപു ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചിരുന്നതെന്നും നിലവിലെ വൈസ് ചാൻസലറും മുൻപു ശുപാർശ നൽകിയിരുന്നെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.ചാൻസലറുടെ അധികാരം കവർന്നാണ് കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം നടത്തിയിരിക്കുന്നതെന്നും യോഗ്യതയില്ലാത്തവരെ നിയമിച്ചെന്നും ചൂണ്ടിക്കാട്ടി സർവകലാശാലാ സെനറ്റ് അംഗം വി.വിജയകുമാർ, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി.ജോസ് എന്നിവർ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.

നിയമനം സർവകലാശാലാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജനുവരിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. സിൻഡിക്കേറ്റ് നേരിട്ട് നിയമനം നടത്തുകയായിരുന്നുവെന്നും ഗവർണർ കോടതിയെ അറിയിച്ചു.ചാൻസലറായ ഗവർണറുടെ വിശദീകരണവും പരിഗണിച്ചായിരുന്നു അപ്പീലിൽ ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

വിവിധ സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കുന്നതിൽ സിൻഡിക്കറ്റിന്റെയും ചാൻസലറുടെയും അധികാരവും നിയമന രീതിയും വിശദമാക്കുന്ന പട്ടിക ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം സമർപ്പിച്ചിരുന്നു.ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ഗവർണറുടെ നാമനിർദേശം ഇല്ലാതെ സിൻഡിക്കറ്റ് തന്നെ നേരിട്ടു നിയമിക്കുന്നതിനുള്ള ചട്ട ഭേദഗതി നിർദേശം കഴിഞ്ഞ സിൻഡിക്കറ്റ് യോഗം അംഗീകരിച്ചതുമാണ്. ഈ തീരുമാനം ഗവർണർക്ക് അയച്ചെങ്കിലും അദ്ദേഹം ഒപ്പിട്ടില്ല. ചാൻസലർ പദവി ഒഴിയുന്നതായി ഗവർണർ പ്രഖ്യാപിച്ച ശേഷമായിരുന്നു സിൻഡിക്കറ്റ് നീക്കം.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News