കണിയൊരുങ്ങി; ആശാ സമര വേദിയിൽ ഇന്ന് വിഷു
മുൻപ് പൊങ്കാലയും ഇഫ്താറും അടക്കമുള്ള ആഘോഷങ്ങൾ സമരപ്പന്തലിൽ സംഘടിപ്പിച്ചിരുന്നു


തിരുവനന്തപുരം: സമരപ്പന്തലിൽ വിഷു ആഘോഷിക്കാൻ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകർ. പ്രതിഷേധത്തിന്റെ ഭാഗമായി സമരപ്പന്തലിൽ ആശാമാർ വിഷുക്കണി ഒരുക്കി. രാപ്പകൽ സമരം 64 ആം ദിവസത്തിലേക്കും അനിശ്ചിതകാല നിരാഹാരം 26 ആം ദിവസത്തിലേക്കും കടക്കുമ്പോഴാണ് വിഷുവെത്തുന്നത്.
അതേസമയം, സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് നേരിട്ടും തപാലായും സമരപന്തലിലേക്ക് വിഷുക്കൈനീട്ടം ലഭിച്ചു തുടങ്ങി. മുൻപ് പൊങ്കാലയും ഇഫ്താറും അടക്കമുള്ള ആഘോഷങ്ങൾ സമരപ്പന്തലിൽ സംഘടിപ്പിച്ചിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടും വരെ സമരം തുടരാനാണ് ആശമാരുടെ തീരുമാനം. സമരത്തെ തുടർന്ന് ഓണറേറിയം വർദ്ധിപ്പിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലവന്മാരെ വരുന്ന 21ന് സമരപ്പന്തലിൽ ആദരിക്കാനുള്ള തീരുമാനവും സമരസമിതി കൈക്കൊണ്ടിട്ടുണ്ട്.
കേന്ദ്രത്തോട് ആവശ്യങ്ങൾ ചോദിക്കൻ പറയുമ്പോൾ ഒഴിഞ്ഞുമാറുന്നവർ ആശസമര നേതൃത്വത്തിൽ ഉണ്ടെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. സമരത്തോട് വിരോധപരമായ സമീപനം ഇല്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സെക്രട്ടേറിയറ്റ് നടയില്‍ വനിതാ സിവില്‍ പോലീസ് ഉദ്യോഗാർത്ഥികൾ രാപ്പകൽ സമരം തുടങ്ങിയിട്ട് ഇന്ന് 13 ദിവസം. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ 5 ദിവസം മാത്രം ശേഷിക്കെ സർക്കാരിന്റെ കനിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ. മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരാണ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. ഇതിൽ 259 പേർക്കു മാത്രമേ ഇതുവരെ നിയമന ശിപാർശ ലഭിച്ചിട്ടുള്ളൂ. വരുന്ന 5 ദിവസത്തിനുള്ളിൽ കൂടുതൽ പേർക്ക് നിയമനം നൽകണമെന്നാണ് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം.