'വഖഫ് ബില്ല് ഭരണഘടനയുടെ ലംഘനമാണ്, മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങൾ നിഷേധിക്കരുത്': കെ. രാധാകൃഷ്ണന്‍
വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ ഉള്‍പ്പെടുത്തുന്നത് മുസ്‌ലിം സമുദായത്തിന്റെ മതപരമായ സ്വയം ഭരണത്തിലുള്ള കടന്നാക്രമണമാണ്. മറ്റ് മതങ്ങളോട് ഈ സമീപനം സ്വീകരിക്കാന്‍ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു


ന്യൂഡൽഹി: വഖഫ് ബില്ല് ഭരണഘടനയുടെ ലംഘനമാണെന്ന് കെ. രാധാകൃഷ്ണന്‍ എംപി. മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങൾ നിഷേധിക്കരുതെന്നും ബില്ലിന് പിന്നില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമമല്ലെന്നും കെ. രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിലുള്ള കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് കുറച്ചെന്നും സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ബില്ലാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
'വഖഫ് ബില്ല് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ച് കടക്കുന്നതിന്റെ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കാനും ഈ ബില്ല് ഉദ്ദേശിക്കുന്നു. മുസ്‌ലിം സമൂഹത്തിന് അവരുടെ മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള അവകാശമുണ്ടാകണം. അത് നിഷേധിക്കുന്ന സമീപനം സ്വീകരിക്കാന്‍ പാടില്ല. വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ ഉള്‍പ്പെടുത്തുന്നത് മുസ്‌ലിം സമുദായത്തിന്റെ മതപരമായ സ്വയം ഭരണത്തിലുള്ള കടന്നാക്രമണമാണ്. മറ്റ് മതങ്ങളോട് ഈ സമീപനം സ്വീകരിക്കാന്‍ തയ്യാറാകുമോ'- കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കുന്നവർ ഹിറ്റ്ലറെ പിന്തുണച്ച പാസ്റ്റർ മാർട്ടിൻ നിമോളറുടെ വിലാപകാവ്യം മറക്കരുതെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ‘ആദ്യം അവർ കമ്യൂണിസ്റ്റുകളെ തേടി വന്നു. ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു. പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു. അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാനൊരു തൊഴിലാളി ആയിരുന്നില്ല. പിന്നീട് അവർ ജൂതരെ തേടി വന്നു. അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാനൊരു ജൂതനായിരുന്നില്ല. ഒടുവിൽ അവർ എന്നെ തേടി വന്നു. അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല.’ ഇത് പറഞ്ഞാണ് കെ. രാധാകൃഷ്ണന്‍ പ്രസംഗം അവസാനിപ്പിച്ചത്.
കെ. രാധാകൃഷ്ണന്റെ പ്രസംഗത്തിനെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി എതിർത്തു. തന്റെ പേര് അനാവശ്യമായി രാധാകൃഷ്ണന്‍ വലിച്ചിഴക്കുന്നെന്ന് സുരേഷ് ഗോപി ആരോപിച്ചു. ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നാളെ ബില്‍ പാസാക്കുന്നതോടെ അറബിക്കടലില്‍ മുങ്ങുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. ന്യൂനപക്ഷത്തിന് എതിരല്ല ബില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു പറയുന്നത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.