വഖഫ് ബിൽ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല, അജണ്ടയുടെ ഭാഗം: മുഖ്യമന്ത്രി പിണറായി വിജയൻ
'എമ്പുരാൻ ഒരു രാഷ്ട്രീയ സിനിമയല്ല, വ്യവസായ സിനിമ'


മധുര: വഖഫ് ബിൽ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിൽ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. വഖഫ് സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ആയുധമാണ്. മുസ്ലിങ്ങളേയും ക്രിസ്ത്യാനികളേയും തമ്മിലടിപ്പിക്കുന്നു. സമൂഹത്തെ തമ്മിലടിപ്പിക്കാനുള്ള പദ്ധതിയാണെന്ന് പലരും തിരിച്ചറിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ മുസ്ലിങ്ങളും ക്രിസ്ത്യാനുകളും അക്രമിക്കപ്പെടുന്നു. കേരളത്തിൽ കമ്യൂണിസ്റ്റുകൾ അക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കോൺഗ്രസിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എമ്പുരാൻ ഒരു രാഷ്ട്രീയ സിനിമയല്ല, വ്യവസായ സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. "എമ്പുരാൻ ഒരു കമ്മ്യൂണിസ്റ്റ് സിനിമയല്ല. എന്നിട്ടും ചില ഭാഗങ്ങളുടെ പേരിൽ ചിത്രം ആക്രമിക്കപ്പെട്ടു. ഭാഗങ്ങൾ മുറിച്ചു മാറ്റി. സെൻസർബോർഡ് അംഗീകരിച്ച സിനിമയാണത്. സിനിമ ഒരു വ്യവസായമാണ്. ഭാഗങ്ങൾ മുറിച്ചു മാറ്റുന്നത് സിനിമയെ ബാധിക്കും. അതിന് വേണ്ടി പണിയെടുത്ത തൊഴിലാളികളേയും ബാധിക്കും," അദ്ദേഹം ചൂണ്ടിക്കാട്ടി.