മരം മുറി ഉത്തരവിന് പിന്നിൽ ജലവിഭവ വകുപ്പ്: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിന് വിശദീകരണം നല്‍കി
ഉത്തരവ് വിവാദമായതോടെ സര്‍ക്കാര്‍ ബെന്നിച്ചന്‍ തോമസിനോട് വിശദീകരണം തേടിയിരുന്നു
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിന് പിന്നിൽ ജലവിഭവ വകുപ്പാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്‍റെ വിശദീകരണം. മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങള്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചിരുന്നുവെന്നും ബെന്നിച്ചൻ തോമസ് സർക്കാരിന് നൽകിയ വിശദീകരണത്തിൽ പറയുന്നു.
ഉത്തരവ് വിവാദമായതോടെ സര്‍ക്കാര്‍ ബെന്നിച്ചന്‍ തോമസിനോട് വിശദീകരണം തേടിയിരുന്നു. ഏഴ് പേജുള്ള വിശദീകരണമാണ് ബെന്നിച്ചന്‍ നല്‍കിയത്. ഇതിലാണ് മരം മുറി, ഡാം സൈറ്റിലേക്കുള്ള റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങള്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചിരുന്നതായി ബെന്നിച്ചന്‍ തോമസ് വിശദീകരിക്കുന്നത്. സെപ്തംബര്‍ 15 ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലായിരുന്നു ആദ്യ യോഗം. 17 ന് സെക്രട്ടറിയേറ്റിലെ അനക്സ് 2 വിലെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് അന്തര്‍ സംസ്ഥാന സെക്രട്ടറി തല ഉദ്യോഗസ്ഥരുടെ യോഗവും നടന്നു. ഇതിന് അധ്യക്ഷത വഹിച്ചതും അഡീഷണല്‍ ചീഫ് സെക്രട്ടറി തന്നെയായിരുന്നു. ഈ യോഗത്തില്‍ മരം മുറക്കാന്‍ അനുമതി നല്‍കാനുള്ള ധാരണ രൂപം കൊണ്ടു.
പിന്നീട് ഒക്ടോബര് 26ന് തന്നെ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫോണില്‍ വിളിച്ചു. സുപ്രീം കോടതിയുടെ മുമ്പാകെ വാദം കേൾക്കുന്നതിനിടെ വനംവകുപ്പ് മരം മുറിക്കാനുള്ള അനുമതി നൽകാത്തതിൽ തമിഴ്‌നാട് സമ്മർദം ചെലുത്തുന്നുവെന്ന് അറിയിച്ചു. നിയമപരമായി അനുവദിക്കാമെങ്കിൽ മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി വേഗത്തിലാക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. തുടര്‍ന്ന് നവംബര്‍ ഒന്നിന് താനും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി അദ്ദേഹത്തിന്‍റെ ചേംബറില്‍ കൂടിക്കാഴ്ച നടത്തി. അപ്പോഴും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മരം വെട്ടേണ്ടതിന്‍റെ ആവശ്യകത ആവര്‍ത്തിക്കുകയും അത് മൂലം സുപ്രീംകോടതിയിലെ കേസില്‍ ശരിയായി വാദിക്കാന്‍ കഴിയുമെന്ന് അറിയിക്കുകയും ചെയ്തുവെന്നാണ് ബെന്നിച്ചന്‍ തോമസിന്‍റെ വിശദീകരണത്തിലുള്ളത്.