സിപിഎം രാഷ്ട്രീയം ആർഎസ്എസിൽ ലയിച്ചുചേരുന്നെന്ന് വെൽഫെയർ പാർട്ടി

തെരഞ്ഞെടുപ്പ് വിജയത്തിന് ഇസ്‌ലാമോഫോബിയ നിലപാടുകൾ സ്വീകരിക്കുന്ന അപകടകരമായ സമീപനമാണ് സിപിഎം പുലർത്തുന്നതെന്ന് വിമർശനം

Update: 2024-12-01 14:24 GMT
Editor : ശരത് പി | By : Web Desk
Advertising

തിരുവനന്തപുരം: സംഘ്പരിവാറിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ഉള്ളടക്കവും കേരള സി.പിഎമ്മിന്റെ നിലപാടുകളും ഒന്നായി മാറിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്

കെ.എ ഷഫീഖ്. വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനം അമീർ ഹംസ നഗറിൽ (മുസ്‌ലിം അസോസിയേഷൻ ഹാൾ, നന്ദാവനം) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജയത്തിന് ഇസ്‌ലാമോഫോബിയ നിലപാടുകൾ സ്വീകരിക്കുന്ന അപകടകരമായ സമീപനമാണ് സിപിഎം പുലർത്തുന്നത്. മുനമ്പം വിഷയത്തിൽ ഗവൺമെന്റിന്റെ ഒരു ഉത്തരവാദിത്വവും നിർവ്വഹിക്കാതെ ഉപതെരഞ്ഞെടുപ്പ് സന്ദർഭത്തിൽ തന്ത്രപരമായ മൗനം പുലർത്തി. പിന്നോക്ക ജനവിഭാഗങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കുവാനുമുള്ള സാധ്യത ഒരുക്കി കൊടുക്കുക വഴി ആർഎസ്എസിന് പശ്ചാത്തലമൊരുക്കുന്ന ദാസ്യപ്പണിയിലേക്ക് മതേതര പാരമ്പര്യം അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ എത്തിപ്പെട്ടു. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതര മൂല്യങ്ങൾ ഉയർത്തി സംഘ്പരിവാറിനെതിരെ ശക്തമായ ഐക്യനിര കെട്ടിപ്പടുക്കാനും കേരളത്തിൽ സിപിഎം നടത്തുന്ന വിഭാഗീയ പ്രവർത്തനങ്ങളെ പ്രതിരോധിക്കുവാനും വെൽഫെയർ പാർട്ടി രാഷ്ടീയ പോരാട്ടം നടത്തുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

സമ്മേളനത്തിൽ നിന്ന് തിരുവനന്തപുരം ജില്ല പ്രസിഡന്റായി അഷ്റഫ് കല്ലറയേയും ജനറൽ സെക്രട്ടറിമാരായി മെഹബൂബ് ഖാൻ പൂവാർ, ആദിൽ അബ്ദുറഹീം എന്നിവരെയും തിരഞ്ഞെടുത്തു. 2024-2026 കാലയളവിലേക്കുള്ള ജില്ലാ സമിതിയെ സമ്മേളനം തെരഞ്ഞെടുത്തു.

ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിൽ പ്രതിനിധികൾ ചർച്ച നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ ഷെഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ പ്രേമ ജി പിഷാരടി, ഡോ. അൻസാർ അബൂബക്കർ എന്നിവർ സമ്മേളന നടപടികൾക്ക് നേതൃത്വം നൽകി.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News