രാജ്യത്ത് നിരോധിക്കപ്പെട്ട സ്ഥലമാണോ വെൽഫെയർ പാർട്ടിയുടെ ഓഫീസ്; രാഹുൽ മാങ്കൂട്ടത്തിൽ
''ജമാഅത്തെ ഇസ്‍ലാമിയുടെ സ്ഥാപനത്തിൽ പോകരുതെന്ന് എവിടെയാണ് നിയമം. പാലക്കാട്ടെ വോട്ടർമാരെ എല്ലാവരെയും കണ്ടിട്ടുണ്ട്''
പാലക്കാട്: വെൽഫെയർ പാർട്ടി ഓഫീസിൽ പോകുന്നതിൽ എന്താണ് തെറ്റെന്ന് നിയുക്ത എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽ. ജമാഅത്തെ ഇസ്‍ലാമിയുടെ സ്ഥാപനത്തിൽ പോകരുതെന്ന് എവിടെയാണ് നിയമം. പാലക്കാടെ വോട്ടർമാരെ എല്ലാവരെയും കണ്ടിട്ടുണ്ട്. ഇനിയും കാണുമെന്നും രാഹുൽ പറഞ്ഞു.
'' ഈ രാജ്യത്ത് നിരോധിക്കപ്പെട്ട സ്ഥലമാണോ വെൽഫെയർ പാർട്ടിയുടെ ഓഫീസ്. ആ, പാർട്ടിയുടെ പരിപാടികളിൽ എത്രയോ നേതാക്കന്മാർ പങ്കെടുക്കാറുണ്ട്. പാലക്കാട്ടെ മുഴുവൻ വോട്ടർമാരെയും ഞാൻ കണ്ടിട്ടുണ്ട്. ഇനിയും വോട്ടർമാരെ കാണും''- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപറേഷന്‍ കമല നടത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കൗൺസിലർമാരുമായി തുറന്ന ചർച്ച നടന്നിട്ടില്ല. നയംമാറ്റം വന്നാൽ എല്ലാവരെയും സ്വീകരിക്കും. പാലക്കാട്ടെ ആളുകളുടെ മനസിൽ പ്രത്യയശാസ്ത്രം മാറി. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അത് മാറ്റത്തിന്‍റെ സൂചനയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
സന്ദീപ് വാര്യർ ബിജെപിയിൽ ആയിരുന്നപ്പോൾ എല്ലാവർക്കും സുപരിചിതനായിരുന്നു. അന്നത്തെ നിലപാടുകളോട് എതിർപ്പായിരുന്നു. നിലപാടുകൾ വിട്ട് പാർട്ടിയിൽ വന്നപ്പോൾ സ്വീകരിച്ചു. ഭൂരിപക്ഷത്തിനപ്പുറം ഉപതെരഞ്ഞെടുപ്പിന് പുതിയൊരു മാനം സന്ദീപിന്റെ വരവോടെ ഉണ്ടായെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
Watch Video Report