നിപ സ്ഥിരീകരിച്ച മരുതോങ്കര പഞ്ചായത്തിൽ കാട്ടുപന്നി ചത്തനിലയിൽ
പഞ്ചായത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കാട്ടുപന്നിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു
കോഴിക്കോട്: മരുതോങ്കര ജാനകിക്കാടിന് സമീപം റോഡരികിൽ കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി.പഞ്ചായത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കാട്ടുപന്നിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് ദിവസം പഴക്കമുള്ളതാണ് ജഡം എന്നാണ് പ്രാഥമിക നിഗമനം.
നിപ സ്ഥിരീകരിച്ച സാന്നിധ്യത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വാളയാർ അതിർത്തിയിൽ പരിശോധന ഏർപ്പെടുത്തിയിരിക്കുകയാണ് തമിഴ്നാട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ വരുന്നവരുടെ ശരീര താപനില പരിശോധിച്ച ശേഷമാണ് അതിർത്തി കടത്തി വിടുന്നത്.
നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് സർക്കാർ പുറത്ത് വിട്ടിരുന്നു. 702 പേരാണ് നിപ സമ്പർക്കപട്ടികയിലുള്ളത്. ആദ്യം മരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ 371 ആളുകളും രണ്ടാമത്തെ ആളുടെ സമ്പർക്ക പട്ടികയിൽ 281 ആളുകളുമാണുള്ളത്. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 ആളുകളും ഉള്‍പ്പെട്ടിട്ടുണ്ട്.