അരിക്കൊമ്പനെ പിടികൂടാൻ കോന്നി സുരേന്ദ്രനും സംഘവും; 'വിക്രം' വയനാട്ടിൽ നിന്ന് വണ്ടികയറി
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ മൂന്ന് കുങ്കിയാനകളും വയനാട്ടിൽ നിന്നെത്തുന്ന വിക്രമിനൊപ്പം ചേരും
വയനാട്: ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള കുങ്കിയാനകളിൽ ഒരെണ്ണം വയനാട്ടിൽ നിന്ന് തിരിച്ചു. വിക്രം എന്ന കുങ്കിയാനയെയാണ് കൊണ്ടുവന്നത്. 29 അംഗ ദൗത്യ സംഘവും അടുത്ത ദിവസം ഇടുക്കിയിൽ എത്തും.
4 കുങ്കിയാനകളും 26 ഉദ്യോഗസ്ഥരുമടക്കം മുപ്പതംഗ സംഘമാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യസംഘത്തിലുള്ളത്. ഏത് വിധേനയും അരിക്കൊമ്പനെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിക്കുന്നത്. വിക്രമിനെ പ്രത്യേകം സജ്ജമാക്കിയ ലോറിയിൽ കയറ്റിയാണ് ഇടുക്കിയിൽ എത്തിക്കുക.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ മൂന്ന് കുങ്കിയാനകളും വയനാട്ടിൽ നിന്നെത്തുന്ന വിക്രമിനൊപ്പം ചേരും. അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. കുങ്കിയാനകളുടെ സഹായത്തോടെ കാട്ടിൽ വെച്ച് തന്നെ അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വെക്കാനാണ് പദ്ധതി. പിടികൂടിയാൽ അരിക്കൊമ്പനെ കോടനാട് ആനത്താവളത്തിലേക്ക് മാറ്റുമെന്നാണ് വിവരം.
ഇടുക്കിയിൽ ഭീതി പരത്തുന്ന ഒറ്റയാൻമാരിൽ ഏറ്റവും അപകടകാരി അരിക്കൊമ്പനാണ്. അരിക്കൊമ്പനെ പിടികൂടാൻ ഉത്തരവിറങ്ങിയിട്ടും നടപടികൾ വൈകുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നിരുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന അരിക്കൊമ്പൻ അക്രമം നടത്തുന്നത് പതിവായതോടെയാണ് വനം വകുപ്പ് നടപടികൾ വേഗത്തിലാക്കിയത്.