കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്‍റെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചത് ഏഴ് മണിക്കൂറോളം; സംസ്കാരം ഇന്ന്
എൽദോസിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നൽകാനും തീരുമാനിച്ചു
കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്‍റെ മൃതദേഹവുമായി ഏഴുമണിക്കൂറിലേറെ നാട്ടുകാരുടെ പ്രതിഷേധം. വന്യജീവി ശല്യം ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് കൃത്യമായ ഉറപ്പ് ലഭിച്ച ശേഷം പുലർച്ചെ രണ്ടരയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ജില്ലാ കലക്ടറും എംഎൽഎമാരും പങ്കെടുത്ത ചർച്ചയിൽ കൊല്ലപ്പെട്ട എൽദോസിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നൽകാനും തീരുമാനിച്ചു.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്‍റെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് എടുക്കാൻ അനുവദിക്കാതെയായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം. ജില്ലാ കലക്ടർ നേരിട്ട് എത്തിയതോടെയാണ് ചർച്ചകൾക്ക് വഴിയൊരുങ്ങിയത്. പ്രദേശത്ത് ഫെൻസിംഗ് നിർമാണം ഉടൻ തുടങ്ങും. ട്രഞ്ചുകൾ ഇന്ന് തന്നെ പണിത് തുടങ്ങും. അഞ്ചുദിവസത്തിനകം പ്രദേശത്ത് തെരുവിളക്കുകൾ സ്ഥാപിക്കും. മരിച്ച എൽദോസിന്‍റെ കുടുംബത്തിന് പ്രഖ്യാപിച്ച 10 ലക്ഷത്തിൽ 5 ലക്ഷം രൂപ നൽകുകയും ചെയ്തു. ഇതോടെയാണ് മൃതദേഹം എടുക്കാൻ പ്രദേശവാസികൾ അനുവദിച്ചത്.
പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 27ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരാനും തീരുമാനിച്ചു. ഇന്നലെ രാത്രി 8:30നാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ എൽദോസിനെ കാട്ടാന ആക്രമിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ എൽദോസ് കൊല്ലപ്പെട്ടിരുന്നു. വന്യജീവി ശല്യം തുടർക്കഥയായതോടെയാണ് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധത്തിന് ഇറങ്ങിയത്.