പത്തനംതിട്ടയിലെ കാട്ടാനയാക്രമണം: വനം വകുപ്പിനെ വിമർശിച്ച് ആൻ്റോ ആന്റണി എം.പി

എം.പി രാഷ്ട്രീയം കളിക്കുകയാണെന്ന് ജെനീഷ് കുമാർ എം.എൽ.എ

Update: 2024-03-21 06:40 GMT
Advertising

പത്തനംതിട്ട: തണ്ണിത്തോട് ഏഴാംതലയിൽ വനത്തിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പിനെ വിമർശിച്ച് ആന്റോ ആന്റണി എം.പി. വനംവകുപ്പ് വേണ്ട നടപടി സ്വീകരിക്കുന്നില്ല.

വനാതിർത്തിയോട് ചേർന്ന് കഴിയുന്നവരുടെ ജീവിതം ദുസ്സഹമാണ്. അവരുടെ സുരക്ഷിതത്വത്തിന് വേണ്ടി വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും ആൻ്റോ ആൻ്റണി എം.പി പറഞ്ഞു.

അതേസമയം, എം.പിക്കെതിരെ കെ.യു. ജെനീഷ് കുമാർ എം.എൽ.എ രംഗത്തുവന്നു. ആന്റോ ആന്റണി രാഷ്ട്രീയം കളിക്കുകയാണ്. കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് അദ്ദേഹത്തിന്റെ ​ശ്രമം.

വനത്തിനുള്ളിൽ കല്ലാറിൽ മീൻ പിടിക്കാൻ പോയപ്പോഴാണ് ദിലീപിനെ കാട്ടാന ചവിട്ടിക്കൊന്നത്. ഇതു മനസ്സിലാക്കിയിട്ടും വനപാലകരെ വിമർശിച്ചത് രാഷ്ട്രീയം മുന്നിൽകണ്ടെന്നും ജെനീഷ് കുമാർ എം.എൽ.എ പറഞ്ഞു.

കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിൽ ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്. സംഭവത്തിൽ ആരോടും പരാതിയില്ലെന്ന് മരിച്ച ദിലീപിന്റെ മകൻ ദിബാഷ് പറഞ്ഞു. വനംവകുപ്പും പൊലീസും കഴിയുന്നതെല്ലാം ചെയ്തു.

കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണം. കൂടാതെ എം.പി ഫണ്ടിൽനിന്നും പ്രദേശത്ത് സ്ഥാപിച്ച് ആഴ്ചകൾ മാത്രം പ്രവർത്തിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉടനടി പ്രവർത്തനയോഗ്യമാക്കണമെന്നും ദിബാഷ് പറഞ്ഞു.

ദിലീപും സുഹൃത്ത് ഓമനക്കുട്ടനും ചേർന്നാണ് ബുധനാഴ്ച വൈകുന്നേരം കല്ലടയാറിൽ മീൻ വല വിരിക്കാൻ പോയത്. ദിലീപാണ് വെള്ളത്തിലിറങ്ങി വല വിരിച്ചത്.

ഈ സമയം അവിടേക്ക് കാട്ടാനക്കൂട്ടം എത്തിയപ്പോൾ ഓമനക്കുട്ടന് ഓടി രക്ഷപ്പെടാൻ സാധിച്ചെങ്കിലും വെള്ളത്തിലായിരുന്ന ദിലീപിന് അതിന് കഴിഞ്ഞില്ല.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News