വാഴക്കോട് ആനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതികൾക്കായി വനം വകുപ്പിന്‍റെ തിരച്ചിൽ
ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് റോയിക്കൊപ്പം ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്
തൃശൂര്‍: തൃശൂർ വാഴക്കോട് ആനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ 6 പ്രതികൾക്കായി വനം വകുപ്പിന്‍റെ തിരച്ചിൽ. സ്ഥലമുടമ റോയിക്ക് സഹായം നൽകിയവരെ ഉൾപ്പെടെ കേസിൽ പ്രതി ചേർക്കാനാണ് തീരുമാനം. ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് റോയിക്കൊപ്പം ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
തൃശൂരില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് പേരാണ് വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ ഉള്ളത്. സംഭവത്തിൽ സ്ഥലമുടമ റോയി ഉൾപ്പെടെ 6 പേർ കൂടി പിടിയിലാകാനുണ്ട്. പാലായില്‍ നിന്നുള്ള സംഘമാണ് ആനയെ കുഴിച്ചിട്ടതെന്നാണ് നിഗമനം. ഇവർ ആനക്കൊമ്പ് വിൽക്കാനും കൂട്ടുനിന്നിട്ടുണ്ടെന്നാണ് കരുതുന്നത്. പട്ടിമറ്റത്ത് നിന്ന് പിടികൂടിയ കൊമ്പ് വാഴക്കോട് കണ്ടെത്തിയ ആനയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കാൻ പരിശോധനക്കയക്കും.
ആനയ്ക്ക് വിഷം നല്‍കിയിരുന്നോ എന്ന് പരിശോധിക്കാന്‍ ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആനയുടെ ജഡം പഴകിയതിനാല്‍ മരണകാരണം കണ്ടെത്താന്‍ പ്രയാസമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ കാട്ടാനയെ റബർ തോട്ടത്തിൽ കുഴിച്ചിടുകയായിരുന്നുവെന്നാണ് പിടിയിലായവർ നൽകിയ മൊഴി. വീട്ടുടമസ്ഥൻ റോയി ഗോവയിലേക്ക് കടന്നതായായി വിവരം ലഭിച്ചതോടെ വനം കുപ്പ് സംഘവും ഗോവയിൽ എത്തി അന്വേഷണം തുടരുകയാണ്.