'കത്തികൊണ്ട് കുത്തിക്കൊന്ന് മണ്ണെണ്ണ ഒഴിച്ച് തീയിട്ടു'; കുറ്റം സമ്മതിച്ച് വിസ്മയയുടെ സഹോദരി
ഇന്നലെ ദുരൂഹ സാഹചര്യത്തില്‍ കണ്ട ജിത്തു ലക്ഷദ്വീപ് സ്വദേശിനിയാണെന്നാണ് ആദ്യം പൊലീസിനോട് പറഞ്ഞത്
എറണാകുളം പറവൂരിൽ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സഹോദരി അറസ്റ്റിൽ. കാക്കനാട് നിന്നാണ് കൊല്ലപ്പെട്ട വിസ്മയയുടെ സഹോദരി ജിത്തുവിനെ പൊലീസ് പിടികൂടിയത്. വിസ്മയയെ കൊലപ്പെടുത്തിയത് താനാണെന്ന് ജിത്തു മൊഴി നല്‍കി.
സഹോദരിയുമായുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ കത്തി ഉപയോഗിച്ച് വിസ്മയയെ കൊലപ്പെടുത്തിയെന്നാണ് ജിത്തുവിന്‍റെ മൊഴി. മരിച്ചുവെന്ന് മനസ്സിലാക്കി മണ്ണെണ്ണ ഒഴിച്ച് തീയിട്ട ശേഷം വീട്ടില്‍ നിന്നും രക്ഷപ്പെട്ടുവെന്നും ജിത്തു മൊഴി നല്‍കി. ഇന്നലെ പുലര്‍ച്ചെ 1.30ന് കാക്കനാട് വെച്ച് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ജിത്തുവിനെ പൊലീസ് അഭയകേന്ദ്രത്തിലാക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശിയാണെന്നാണ് പൊലീസിനെ അറിയിച്ചത്. പിന്നീട് ലക്ഷദ്വീപ് പൊലീസ് എത്തി ചോദ്യം ചെയ്തുവെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. കയ്യില്‍ പൊള്ളലേറ്റ പാട് കണ്ടതോടെ സംശയം തോന്നി പറവൂര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. വൈകിട്ട് 5.30ന് ജിത്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ചൊവ്വാഴ്ചയാണ് പെരുവാരം പനോരമ നഗറില്‍ ശിവാനന്ദന്റെ മകള്‍ വിസ്മയയെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയക്കൊപ്പം വീട്ടിലുണ്ടായിരുന്ന സഹോദരി ജിത്തുവിനെ സംഭവശേഷം കാണാതാവുകയായിരുന്നു. ജിത്തു പെരുവാരം ടൌണിലേക്ക് നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ജിത്തുവും സഹോദരിയും തമ്മില്‍ വഴക്കുണ്ടായത്.