കോളേജ് പ്രവേശനത്തിൽ ഫ്‌ളോട്ടിങ് സംവരണം നിർത്തുന്നത് പിന്നാക്ക വിഭാഗങ്ങളുടെ അവസരം കുറയ്ക്കും: സുദേഷ് എം രഘു
പി.എസ്.സി പരീക്ഷയിലൂടെ ആദ്യം സംവരണത്തിൽ പ്രവേശനം കിട്ടിയ ഉദ്യോഗാർഥിയുടെ മെറിറ്റ് സീറ്റ് പിന്നാലെയാണു വരികയെന്നും അങ്ങനെ വരുമ്പോൾ സംവരണ സീറ്റ് മെറിറ്റായും മെറിറ്റ് സീറ്റ് സംവരണമായും മാറ്റുന്ന ഫ്‌ളോട്ടിങ് രീതിയാണ് നടപ്പാക്കേണ്ടതെന്നും സുദേഷ് എം രഘു
കോഴിക്കോട്: കോളേജ് പ്രവേശനത്തിലും പി.എസ്.സി പരീക്ഷകളിലും ഫ്‌ളോട്ടിങ് സംവരണം നടപ്പാക്കാതിരിക്കുന്നത് പിന്നാക്ക വിഭാഗങ്ങളുടെ അവസരം കുറയ്ക്കുമെന്ന് എഴുത്തുകാരൻ സുദേഷ് എം രഘു. പി.എസ്.സിയിൽ മെറിറ്റിൽ കയറാൻ യോഗ്യതയുള്ള എസ്.സി-എസ്.ടി-ഒ.ബി.സി വിഭാഗക്കാരെ സംവരണത്തിൽപ്പെടുത്തുന്ന 20 യൂണിറ്റ് റൊട്ടേഷൻ സമ്പ്രദായത്തിന്റെ മറ്റൊരു പതിപ്പാണ് ഫ്‌ളോട്ടിങ് സംവരണം അവസാനിപ്പിക്കാനുള്ള പുതിയ നീക്കമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. മെറിറ്റിലും സംവരണത്തിലും പ്രവേശനം കിട്ടുന്ന വിദ്യാർഥിക്ക് കൂടുതൽ മെച്ചപ്പെട്ട കോളേജിലേക്ക് (മിക്കവാറും അവിടെ സംവരണ ക്വോട്ടയിലാകും അഡ്മിഷൻ) മാറാനുള്ള അവസരമാണ് നഷ്ടമാകുന്നതെന്നും അവർക്ക് മെറിറ്റിൽ കിട്ടിയ സീറ്റ് സംവരണ ക്വോട്ടയിലേക്കും സംവരണക്വോട്ട മെറിറ്റായും മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി. തന്മൂലം അതതു സമുദായക്കാർക്ക് ഒരു സീറ്റ് കൂടി കിട്ടാനുള്ള അവസരമുണ്ടാകുമെന്നും ഓർമിപ്പിച്ചു. അത്തരം സാഹചര്യത്തിൽ ആ വിദ്യാർഥി മെറിറ്റ് സീറ്റ് ഉപേക്ഷിച്ചുവേണം സംവരണ സീറ്റിലേക്കു വരാനെന്നും തന്മൂലം ആ സമുദായത്തിൽപ്പെട്ട ഒരു വിദ്യാർഥിക്കു കൂടി അഡ്മിഷൻ കിട്ടാനുള്ള അവസരം നഷ്ടമാകുമെന്നും സുദേഷ് എം രഘു ചൂണ്ടിക്കാട്ടി.
കേരള പി.എസ്.സി ഫ്‌ളോട്ടിങ് സംവരണം വർഷങ്ങളായി നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി പരീക്ഷയിലൂടെ ആദ്യം സംവരണത്തിൽ പ്രവേശനം കിട്ടിയ ഉദ്യോഗാർഥിയുടെ മെറിറ്റ് സീറ്റ് പിന്നാലെയാണു വരികയെന്നും അങ്ങനെ വരുമ്പോൾ സംവരണ സീറ്റ് മെറിറ്റായും മെറിറ്റ് സീറ്റ് സംവരണമായും മാറ്റുന്ന ഫ്‌ളോട്ടിങ് രീതിയാണ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ രീതി പിഎസ്‌സി വർഷങ്ങളായി ചെയ്യാറില്ലെന്നും മറിച്ച് സംവരണത്തിൽ കിട്ടിയ ആളെ അവിടെ ഒതുക്കിയിട്ട് മെറിറ്റ് സീറ്റ് മറ്റാർക്കെങ്കിലും നൽകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്‌ളോട്ടിങ് സംവരണം നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയില്ലെങ്കിൽ സൂത്രത്തിൽ കേരളത്തിലെ ഉദ്യോഗസ്ഥ-രാഷ്ട്രീയ വൃന്ദം അതു നടപ്പാക്കിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതേക്കുറിച്ചൊന്നും അറിയാത്ത ഒ.ബി.സീ രാഷ്ട്രീയ നേതൃത്വം അനങ്ങാതിരിക്കുകയും ചെയ്യുമെന്നും കുറ്റപ്പെടുത്തി.