തെരുവുനായ ബൈക്കിന് കുറുകെ ചാടി അപകടം; യുവാവ് മരിച്ചു

അരുവിയോട് ജങ്ഷനിൽ വച്ച് തെരുവ് നായ കുറുകെ ചാടുകയായിരുന്നു. ബൈക്കിൽ നിന്ന് അജിൻ തലയിടിച്ചുവീഴുകയായിരുന്നു.

Update: 2022-09-14 08:14 GMT
Advertising

തിരുവനന്തപുരം: നായ ബൈക്കിന് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാൽ, മൂവേരിക്കര റോഡരികത്ത് വീട്ടിൽ അജിൻ എ.എസ് (25) ആണ് മരിച്ചത്.

സെപ്തംബര്‍ ഒമ്പത് വെള്ളിയാഴ്ചയായിരുന്നു അപകടം. അരുവിയോട് ജങ്ഷനിൽ വച്ച് തെരുവ് നായ കുറുകെ ചാടുകയായിരുന്നു. ബൈക്കിൽ നിന്ന് തലയിടിച്ചുവീണ് ​ഗുരുതര പരിക്കേറ്റ അജിനെ ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അജിൻ വെന്റിലേറ്ററിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.

ഓണാഘോഷം കഴിഞ്ഞ് പോകവെ വീട്ടിൽ നിന്ന് രണ്ടു കി.മീ അകലെയാണ് സംഭവം. മറ്റൊരു ബൈക്കിലിടിച്ച് തെരുവുനായ അജിന്റെ ബൈക്കിന് കുറുകെ ചാടുകയായിരുന്നു. നായയെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതോടെ അജിൻ തലയിടിച്ചു വീഴുകയും ഹെൽമറ്റ് തെറിച്ചുപോവുകയുമായിരുന്നു. ഇതേ തുടർന്ന് തലയ്ക്ക് ​ഗുരുതര പരിക്കേറ്റ അജിൻ കഴിഞ്ഞ മൂന്ന് ദിവസമായി വെന്റിലേറ്ററിലായിരുന്നു.

രൂക്ഷമായ തെരുവുനായ ശല്യമുള്ള സ്ഥലമാണിതെന്നും നായ കുറുകെ ചാടിയാണ് അപകടമുണ്ടാതെന്നും ബന്ധുക്കൾ പറയുന്നു. അജിനാണ് വാഹനം ഓടിച്ചിരുന്നത്. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് നിഗമനം. വിവാഹിതനാണ്. ഭാര്യ നീതു. ഇവാന എന്ന കുഞ്ഞുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12കാരി സെപ്തംബർ അഞ്ചിന് മരിച്ചിരുന്നു. പത്തനംതിട്ട റാന്നി പെരുനാട് മന്ദപുഴ ചേര്‍ത്തലപടി ഷീന ഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമി ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞദിവസം കൊല്ലത്തും കോഴിക്കോടും തെരുവുനായ കുറുകെ ചാടി സ്കൂട്ടർ‍ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. കൊല്ലം അഞ്ചലിൽ സ്കൂട്ടറിന് കുറുകെ തെരുവുനായ ചാടി കൊട്ടാരക്കര സ്വദേശി കവിതയ്ക്കാണ് പരിക്കേറ്റത്.

കവിതയുടെ ഇടത് കാൽ പൂർണമായും ഒടിഞ്ഞു. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അഞ്ചൽ മാവിളയിൽ 12ന് രാവിലെ ഒമ്പതിനായിരുന്നു അപകടം.

കോഴിക്കോട് കുറ്റ്യാടിയില്‍ തെരുവുനായ കുറുകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. പേരാമ്പ്ര സ്വദേശി മല്ലികയ്ക്കും മകന്‍ രാജിലിനുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News