യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും

കേസിൽ കസ്റ്റഡിയിലുള്ള നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Update: 2023-11-22 10:59 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്. ശനിയാഴ്ച തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ കസ്റ്റഡിയിലുള്ള നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.

അഭി വിക്രം, ഫെനി, ബിനിൽ ബിനു എന്നിവരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിയെ പത്തനംതിട്ടയിൽ നിന്നും മറ്റ് രണ്ട് പേരെ തിരുവനന്തപുരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട സ്വദേശികളാണ് ഇവർ. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയാണ് അഭി. ഫെനി കെ.എസ്.യു മുൻ അടൂർ മണ്ഡലം പ്രസിഡന്റും ബിനിൽ കെ.എസ്.യു മുൻ ഏഴംകുളം മണ്ഡലം പ്രസിഡന്റുമാണ്. മൂവരും യൂത്ത് കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിന്റെ നാട്ടുകാരാണ്. മൂവർക്കും വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണത്തിൽ കൃത്യമായ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.ഇവരുടെ മൊബൈലുകളിൽ നിന്നും ലാപ്ടോപ്പുകളിൽ നിന്നും ഒട്ടേറെ വ്യാജ തിരിച്ചറിയൽ കാർഡുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.

അതേസമയം, വ്യാജകാർഡുകൾ അധികവും ഉണ്ടാക്കിയത് പത്തനംതിട്ട കേന്ദ്രീകരിച്ചാണെന്നാണ് അന്വേഷണസംഘം കണ്ടെത്തി.ഇവരുടെ ലാപ്ടോപ്പുകൾ വഴിയാണ് വ്യാജ കാർഡുകൾ നിർമ്മിക്കപ്പെട്ടതെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു സ്ഥലം കേന്ദ്രീകരിച്ച് കാർഡുകൾ നിർമിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം. നേരത്തെ ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ വേണ്ട തെളിവുകൾ  ലഭിച്ചിരുന്നു. മൂവരും യൂത്ത് കോൺഗ്രസ് സ്ഥാനാർഥികൾക്ക് വേണ്ടി തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായിയാണ് കസ്റ്റഡിയിലായ ഫെനി.തെറ്റുകാരെ സംരക്ഷിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News