ഓർത്തഡോക്‌സ് സഭ സീനിയർ മെത്രാപ്പോലീത്ത സഖറിയാസ് മാർ അന്തോണിയോസ് അന്തരിച്ചു
ലളിത ജീവിതത്തിലൂടെ മാതൃകയായ ഭദ്രാസനാധിപനായിരുന്നു മാർ സഖറിയാസ്. മൂന്ന് പതിറ്റാണ്ടിലേറെ കൊല്ലം, കൊച്ചി ഭദ്രാസന ചുമതല വഹിച്ച അദ്ദേഹം വിദേശയാത്രകൾ നടത്തുകയോ സ്വീകരണങ്ങൾ ഏറ്റുവാങ്ങുകയോ ചെയ്തിരുന്നില്ല
കൊല്ലം: ഓർത്തഡോക്സ് സഭ മുൻ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു. 77 വയസ്സായിരുന്നു. ചെങ്ങന്നൂർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മല്ലപ്പള്ളിയിലെ സഭയുടെ ദയറായിൽ കഴിഞ്ഞ ഒരു വർഷമായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മെത്രാപ്പോലീത്ത. ലളിത ജീവിതത്തിലൂടെ മാതൃകയായ ഭദ്രാസനാധിപനായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടിലേറെ കൊല്ലം, കൊച്ചി ഭദ്രാസന ചുമതല വഹിച്ച അദ്ദേഹം വിദേശയാത്രകൾ നടത്തുകയോ സ്വീകരണങ്ങൾ ഏറ്റുവാങ്ങുകയോ ചെയ്തിരുന്നില്ല. പാസ്‌പോർട്ട് പോലുമെടുക്കാതെ തികച്ചും ലളിതമായ ജീവിതചര്യയായിരുന്നു അദ്ദേഹം പിന്തുടർന്നിരുന്നത്. അത്യാവശ്യത്തിന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ യാത്രകൾ. യാത്രകളിൽ ആഡംബരവാഹനങ്ങളും ഒഴിവാക്കിയിരുന്നു.
ഒരിക്കൽ അദ്ദേഹത്തിന് പിറന്നാൾ സമ്മാനമായി കാർ നൽകുന്നതിനെ കുറിച്ച് സംസാരമുണ്ടായപ്പോൾ കാർ നൽകിയാൽ ഉപയോഗിക്കില്ലെന്നും പകരം കളമശേരി മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ആഹാരം നൽകാൻ ശ്രമിക്കണമെന്നുമായിരുന്നു മെത്രാപ്പോലീത്തയുടെ ഉപദേശം.
1946 ജൂലൈ 11ന് പുനലൂരിൽ ഡബ്ല്യൂ.സി എബ്രഹാമിന്റെയും മറിയാമ്മയുടെയും മൂത്ത മകനായി ജനിച്ച എ.ചെറിയാനാണ് സഖറിയ മാർ അന്തോണിയോസ് ആയി മാറിയത്. കൊല്ലം ഫാത്തിമ മാതാ കോളജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കോട്ടയം സെമിനാരിയിൽ നിന്ന് വൈദ്യപഠനം. പിന്നീട് 1974ൽ പൗരോഹിത്യം സ്വീകരിച്ചു.
കൊല്ലം ബിഷപ്‌സ് ഹൗസിൽ മാനേജരായി ഏറെനാൾ പ്രവർത്തിച്ച മാർ സഖറിയാസ് നെടുമ്പായിക്കുളം, കുളത്തൂപ്പുഴ, കൊല്ലം കാദീശ തുടങ്ങി അനേകം ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1989ൽ മെത്രാപ്പോലീത്തയായി അവരോധിക്കപ്പെട്ടു. 2009 ഏപ്രിൽ 1നാണ് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തയാകുന്നത്.