മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ സെക്രട്ടേറിയറ്റിന് മുകളിൽനിന്ന് ചാടിയത് എന്തിന്?; എന്താണ് മഹാരാഷ്ട്രയിലെ സംവരണ പ്രശ്‌നം?

ഡെപ്യൂട്ടി സ്പീക്കർ സെക്രട്ടേറിയറ്റിന് മുകളിൽ നിന്നും ചാടിയതോടെ മഹാരാഷ്ട്രയിലെ സംവരണം വിഷയം രാജ്യവ്യാപകമായി ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്

Update: 2024-10-04 10:40 GMT
Editor : ശരത് പി | By : Web Desk
Advertising

മുംബൈ; മഹാരാഷ്ട്രയിൽ സർക്കാരിനെതിരെ സെക്രട്ടേറിയറ്റിന് മുകളിൽ നിന്നും ഡെപ്യൂട്ടി സ്പീക്കറും ഭരണകക്ഷി എംഎൽഎമാരും ചാടിയത് വാർത്തയായിരുന്നു. പല സംസ്ഥാനങ്ങളെയും പോലെ സംവരണ വിഷയം തന്നെയാണ് മഹാരാഷ്ട്രയെയും പിടിച്ചുകുലുക്കുന്നത്.

അട്ടിടയ വിഭാഗമായ ധൻഗറിന് എസ്ടി പദവി നൽകുന്ന വിഷയത്തെച്ചോല്ലിയാണ് മഹാരാഷ്ട്രയിൽ പ്രതിഷേധമുയർന്നുകൊണ്ടിരിക്കുന്നത്. നിലവിൽ നാടോടി വിഭാഗത്തിലാണ് ധൻഗറുള്ളത്. എന്നാൽ ഇത് പോര തങ്ങളെ ആദിവാസി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ധൻഗർ വിഭാഗത്തിൽ നിന്നും കുറച്ചു വർഷങ്ങളായി വൻതോതിൽ ആവശ്യമുയരുന്നുണ്ട്. ഏക്‌നാഥ് ഷിൻഡെ സർക്കാരിന് ഗുരുതരമായ തലവേദനയായാണ് വിഷയം മാറിയിരിക്കുന്നത്.

ആഗസ്റ്റിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സമൂഹത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ ഉന്നമനത്തിനായി എസ്‌സി, എസ്ടി വിഭാഗങ്ങൾക്കുള്ളിൽ ഉപവിഭാഗങ്ങൾ നിർമിക്കാനായി സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഇതോടെ ധൻഗർ വിഭാഗം തങ്ങളുടെ സംവരണത്തിനായി വൻതോതിൽ സമരങ്ങൾ നടത്താൻ തുടങ്ങി.

3.5 ശതമാനമാണ് ധൻഗർ വിഭാഗത്തിന് നിലവിൽ ലഭിക്കുന്ന തൊഴിൽ, വിദ്യാഭ്യാസ സംവരണം, എന്നാൽ എസ്ടി വിഭാഗത്തിന് ഇത് 7 ശതമാനമാണ്. എസ്ടി വിഭാഗത്തിലേക്ക് ചേർക്കുന്നതോടെ ഈ സവരണം ലഭ്യമാക്കുമെന്നതാണ് ധൻഗർ വിഭാഗത്തെ പ്രക്ഷോഭത്തിലേക്കിറക്കാൻ തയ്യാറാക്കുന്നത്.

ധൻഗർ വിഭാഗത്തിൽപെട്ട ആറുപേർ സെപ്തംബർ ഒമ്പത് മുതൽ ആനുകൂല്യങ്ങൾക്കായി നിരാഹാര സത്യാഗ്രഹവും നടത്തിവരികയാണ്. ബിജെപിയിൽ നിന്നുള്ള ധൻഗർ നേതാവ് സംസ്ഥാനവ്യാപകമായി വഴിമുടക്ക് സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മഹാരാഷ്ട്ര പര്യടനത്തിലും വിഷയം ഉയർന്നുവന്നു. മഹാരാഷ്ട്ര എക്‌സൈസ് മന്ത്രി ശംഭുരാജ് ദേശായിയോട് സമുദായ പ്രതിനിധികളെ കാണാനും ആവശ്യങ്ങൾ കേൾക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ സെക്രട്ടേറിയറ്റിന് മുകളിൽനിന്ന് ചാടിയത് എന്തിന്?; എന്താണ് മഹാരാഷ്ട്രയിലെ സംവരണ പ്രശ്‌നം?

ഇതിനിടെ ധൻഗറുകളെ പട്ടികവിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനെതിരെ ആദിവാസി സംഘടനകൾ പ്രതിഷേധങ്ങൾ നടത്താൻ തുടങ്ങി. തങ്ങളുടെ സംവരണം തന്നെ വ്യക്തമായല്ല നടക്കുന്നത് ഇതിനിടെ അവസരങ്ങൾ നഷ്ടപ്പെടാൻ ഈ നടപടി കാരണമാകുമെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.

വിഷയത്തിൽ സർക്കാർ വ്യക്തമായ പഠനം നടത്താതെ മുന്നോട് പോവാൻ തീരുമാനിച്ചതാണ് ഗോത്ര എംഎൽഎമാരെ ചൊടിപ്പിച്ചത്. ധൻകഗറിലേക്ക് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതോടെ പ്രതിഷേധവുമായി മറ്റ് ഗോത്ര എംഎൽഎമാരും രംഗത്ത് വരാൻ തുടങ്ങി.

മഹാരാഷ്ട്ര സർക്കാർ പട്ടികവർഗ ഉദ്യോഗാർഥികളുടെ നിയമനം നിർത്തലാക്കിയതിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധൻഗർ ജാതിയിലെ ആളുകളെ പട്ടികവർഗത്തിലേക്ക് ചേർത്താനുള്ള തീരുമാനത്തിലും പ്രതിഷേധിച്ചാണ് നിലവിൽ എസ്ടി എംഎൽഎമാർ അപകടകരമായ പ്രതിഷേധമുറയിലേക്ക് കടന്നത്.

അധ്യാപകർ, ഫോറസ്റ്റ് ഗാർഡുകൾ, റെവന്യൂ, ആരോഗ്യ വകുപ്പുകളിലായി നിരവധി നിയമനങ്ങളാണ് ഈ മാസം മഹാരാഷ്ട്രാ സർക്കാർ നടപ്പിലാക്കിയത്. സംവരണമുണ്ടായിട്ട് പോലും ഈ അവസരങ്ങളിലേക്കധികവും ആദിവാസി ഇതര ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തെന്നായിരുന്നു പ്രധാന ആരോപണങ്ങളിലൊന്ന്. ഇതിന് പിന്നാലെ ധൻഗർ സംവരണവും എംഎൽഎമാർ വിഷയമാക്കിയതോടെ വിഷയത്തിന്റെ ഗൗരവം വർധിച്ചു.

1996ലെ പ്രത്യക ഗോത്ര നിയമപ്രകാരം പല ആദിവാസി ഉദ്യോഗാർഥികൾക്കും സർക്കാർ ജോലികളിൽ നിയമനം നൽകിയെങ്കിലും അത് താത്കാലിക നിയമനമായിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കാനായി ഗോത്ര എംഎൽഎമാർ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ സമീപിച്ചെങ്കിലും കാണാൻ അവസരം ലഭിച്ചില്ല. തുടർന്ന് മുഖ്യമന്ത്രിയെ കണ്ടെങ്കിലും ലഭിച്ച മറുപടി സംതൃപ്തികരമായിരുന്നില്ല. ഇതിന് പിന്നാലെയാണ് സെക്രട്ടേറിയറ്റിന് മുകളിൽ നിന്നും ചാടാൻ എംഎൽഎമാർ തയ്യാറായത്.

മഹാരാഷ്ട്ര സെക്രട്ടേറിയറ്റായ മന്ത്രാലയയുടെ മുകളിൽ നിന്നാണ് എംഎൽഎമാർ ചാടിയത്. 16 എംഎൽഎമാർ കെട്ടിടത്തിന് മുകളിൽ പ്രതിഷേധത്തിനെത്തിയപ്പോൾ തന്നെ പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും സജ്ജരായി നിന്നിരുന്നു. നിരവധി ആത്മഹത്യാ ശ്രമങ്ങൾ നടന്ന സ്ഥലമായതിനാൽ മന്ത്രാലയയിൽ മുമ്പ് തന്നെ സുരക്ഷാ വല സ്ഥാപിച്ചിരുന്നു. തുടർന്ന് 5 എംഎൽഎമാർ വലയിലേക്ക് ചാടുകയായിരുന്നു. ഡെപ്യൂട്ടി സ്പീക്കറും എൻസിപി എംഎൽഎയുമായ നർഹാരി സിർവാളും ചാടിയവരുടെ കൂട്ടത്തിലുണ്ട്.

സുരക്ഷാവലയിൽ നിന്നും എംഎൽഎമാരെ പൊലീസ് താഴെയെത്തിച്ചെങ്കിലും ഇവർ മന്ത്രാലയയുടെ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചു.

സർക്കാരിന് ധൻഗർ സമൂദായത്തിന് എന്തും നൽകാം എന്നാൽ അവരെ എസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് എതിരാണെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ വാദം.

തുടർന്ന് പ്രതിഷേധിച്ച എംഎൽഎമാരുമായി വിഷയത്തിൽ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിൽ മാത്രമൊതുങ്ങിയ വിഷയം ഡെപ്യൂട്ടി സ്പീകറുടെയും എംഎൽഎമാരുടെയും പ്രതിഷേധത്തിലൂടെ രാജ്യവ്യാപകമായി അറിയപ്പെട്ട് കഴിഞ്ഞു. വിഷയത്തിന് പെട്ടെന്ന് തന്നെ പ്രതിവിധി കണ്ടെത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News