18-ാം വയസ്സിൽ കളി നിർത്തി; പിന്നീട് ഫുട്‌ബോൾ ഡീലുകളിലെ സൂപ്പർ താരം... റയോളയുടെ വിജയകഥ ഇങ്ങനെ
ഏഴ് ഭാഷകളിൽ വിദഗ്ധനായിരുന്ന റയോള, ട്രാൻസ്ഫർ മാർക്കറ്റിലെ മിന്നും താരമായത് സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെയാണ്
ട്രാൻസ്ഫർ വിപണിയിൽ സൂപ്പർ താരങ്ങളായ കളിക്കാർക്കൊപ്പം തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്ന നാമമാണ് ഇന്ന് അന്തരിച്ച ഇറ്റാലിയൻ ഏജന്റ് മിനോ റയോള. കളിക്കാരനാവാൻ ആഗ്രഹിച്ച്, എന്നാൽ തന്റെ തട്ടകം കളിക്കളമല്ലെന്ന് തിരിച്ചറിഞ്ഞ് ചെറുപ്പത്തിലേ കരിയർ മാറ്റിപ്പിടിച്ച്, ഫുട്‌ബോൾ ലോകത്തെ വൻ ഡീലുകളുടെ ആശാനായി മാറിയ ഇറ്റലിക്കാരൻ. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 54-ാം വയസ്സിൽ റയോള അപ്രതീക്ഷിതമായി വിടവാങ്ങുമ്പോൾ കോടികൾ കിലുങ്ങുന്ന ഫുട്‌ബോൾ ബിസിനസിന് അത് വലിയൊരു നഷ്ടമാണ്.
മിനോ റയോള അന്തരിച്ചുവെന്ന അഭ്യൂഹം ഏപ്രിൽ 28-ന് പ്രചരിച്ചിരുന്നെങ്കിലും അദ്ദേഹം ജീവനോടെയിരിക്കുന്നുവെന്ന് വ്യക്തമാക്കി ഡോക്ടറും കുടുംബവും രംഗത്തു വന്നിരുന്നു. റയോളയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് അദ്ദേഹത്തിന്റെ തന്നെ പ്രതികരണം വന്നതോടെ, ആരോഗ്യം വീണ്ടെടുത്ത് സജീവ ഫുട്‌ബോൾ വൃത്തങ്ങളിലേക്ക് അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ഔദ്യോഗിക ട്വിറ്റർ പേജിലൂടെ തന്നെ കുടുംബം ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
കളിക്കാരനായി തുടങ്ങിയെങ്കിലും...
ഇറ്റലിയിലെ സലേർനോയിൽ 1967-ൽ ജനിച്ച മിനോ റയോള നെതർലന്റ്‌സിലാണ് വളർന്നത്. നെതർലന്റ്‌സിൽ റസ്‌റ്റോറന്റ് ഉടമയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ജീവിതത്തിലെ ആദ്യവർഷങ്ങളിൽ പഠനത്തോടൊപ്പം കുടുംബ റസ്റ്റോറന്റിൽ വെയ്റ്ററായും റയോള ജോലി ചെയ്തു. അഭിഭാഷകനാവാൻ യൂണിവേഴ്‌സിറ്റിയിൽ ചേർന്നെങ്കിലും രണ്ടു വർഷത്തിനപ്പുറം പഠനം നീണ്ടില്ല.
ചെറുപ്പം മുതൽക്കെ ഫുട്‌ബോളിൽ ഹരം പിടിച്ചിരുന്ന മിനോ റയോള തരക്കേടില്ലാത്തൊരു കളിക്കാരനുമായിരുന്നു. നെതർലന്റ്‌സിലെ എഫ്.സി ഹാർലം എന്ന ക്ലബ്ബിന്റെ യൂത്ത് ടീമിലൂടെ പ്രൊഫഷണൽ രംഗത്ത് ഭാഗ്യപരീക്ഷണം നടത്തുകയും ചെയ്തു. എന്നാൽ, പ്രതിഭകളുടെ ധാരാളിത്തമുള്ള നെതർലന്റ്‌സിൽ ഒരു കളിക്കാരനെന്ന നിലയിൽ വിജയിക്കുക പ്രയാസമാണെന്നു തിരിച്ചറിഞ്ഞ റയോള 18-ാം വയസ്സിൽ തന്നെ കളിക്കാരനായുള്ള കരിയർ ഉപേക്ഷിച്ചു.
ഫുട്‌ബോളിന്റെ പുതിയ മേച്ചിൽപ്പുറങ്ങളിൽ
കളിക്കളം വിട്ടെങ്കിലും ഫുട്‌ബോൾ ഉപേക്ഷിക്കാൻ മിനോ റയോള ഒരുക്കമായിരുന്നില്ല. നെതർലന്റ്‌സിൽ നിന്നുള്ള കളിക്കാരെ ഇറ്റലിയിലെ ക്ലബ്ബുകളിൽ ചേരാൻ സഹായിക്കുന്ന സ്‌പോർട്‌സ് പ്രമോഷൻസ് എന്ന കമ്പനിയിൽ ചേർന്നതോടെയാണ് വഴിത്തിരിവുണ്ടായത്. പിൽക്കാലത്ത് സൂപ്പർ താരമായി വാഴ്ത്തപ്പെട്ട ഡെന്നിസ് ബെർഗ്കാംപിന്റെ അയാക്‌സിൽ നിന്ന് ഇന്റർ മിലാനിലേക്കുള്ള കൂടുമാറ്റത്തിലടക്കം നിർണായക പങ്കുവഹിക്കാൻ റയോളക്ക് കഴിഞ്ഞു. ബ്രയാൻ റോയ്, മാർസിയാനോ വിങ്ക്, വിം ജോങ്ക്, മൈക്കൽ ക്രീക്ക് തുടങ്ങിയ അയാക്‌സ് താരങ്ങൾക്കും ഇറ്റലിയിലേക്ക് വഴികാട്ടിയത് റയോള തന്നെ.
ഏഴു ഭാഷകൾ, സ്വന്തം വഴി
ഇറ്റാലിയൻ, ഇംഗ്ലീഷ്, ഡച്ച്, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ജർമൻ ഭാഷകളിലുള്ള പ്രാവീണ്യവും ഇടപാടുകൾ നടത്താനുള്ള ശേഷിയും ട്രാൻസ്ഫർ വിപണിയിൽ സ്വന്തം നിലയ്ക്ക് ഭാഗ്യപരീക്ഷണം നടത്താൻ റയോളയെ പ്രേരിപ്പിച്ചു. 1996-ലെ യൂറോ കപ്പിൽ മിന്നും പ്രകടം നടത്തിയ ചെക്ക് റിപ്പബ്ലിക് താരം പാവേൽ നദ്‌വദുമായി ബന്ധപ്പെടാൻ കഴിഞ്ഞത് വഴിത്തിരിവായി. 1986-ൽ ചെക്ക് ക്ലബ്ബായ സ്പാർട്ട പ്രാഹയിൽ നിന്ന് ഇറ്റലിയിലെ ലാസിയോയിലേക്കുള്ള നെദ്‌വദിന്റെ ട്രാൻസ്ഫർ റയോള സാധ്യമാക്കി. നെദ്‌വദിനൊപ്പം റയോളയും ശ്രദ്ധിക്കപ്പെട്ടു.
യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന ഇരുപതോളം കളിക്കാരുടെ പ്രതിനിധിയായിരിക്കെയാണ് റയോളയുടെ വിയോഗം. എർലിങ് ഹാളണ്ട്, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, പോൾ പോഗ്ബ, മരിയോ ബലോട്ടലി, ബ്ലെയ്‌സ് മറ്റൗഡി, ഗ്യാൻലുയ്ജി ഡൊണറുമ്മ, മത്ത്യാസ് ഡിലിറ്റ്, ജെസ്സി ലിങ്ഗാർഡ്ഡ്, ഹെൻറിക് മിഖതർയാൻ, റൊമേലു ലുകാകു തുടങ്ങിയവർ അദ്ദേഹത്തിന്റെ കക്ഷികളാണ്.
ഡീലുകളിലെ സൂപ്പർ സ്റ്റാർ
കളിക്കാരുടെ ക്ലബ്ബ്മാറ്റത്തിനൊപ്പം വൻതുക സ്വന്തമാക്കിയിരുന്ന റയോള ട്രാൻസ്ഫർ വിപണിയിലെ സുപ്രധാന നാമമായിരുന്നു. ഇംഗ്ലീഷ്, ഇറ്റാലിയൻ, ഡച്ച് തുടങ്ങിയ ഭാഷകളിലെ പ്രാവീണ്യം അദ്ദേഹത്തെ ഈ മേഖലയിൽ അഗ്രഗണ്യനാക്കി. യുവന്റസിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് പോൾ പോഗ്ബ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് കൂടുമാറിയപ്പോൾ, ആ ഇടപാടിന് ഇടനില നിന്ന റയോള 25 ദശലക്ഷം ഡോളറാണ് സ്വന്താക്കിയത്.
ബൊറുഷ്യ ഡോട്മുണ്ട് താരം എർലിങ് ഹാളണ്ടിന്റെയും മാഞ്ചസ്റ്റർ യുനൈറ്റഡ് മിഡ്ഫീൽഡർ പോഗ്ബയുടെയും ട്രാൻസ്ഫറുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അവസാനമായി പ്രവർത്തിച്ചിരുന്നത്. ഹാളണ്ട് ബൊറുഷ്യ ഡോട്മുണ്ട് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ട്രാൻസ്ഫർ സംബന്ധിച്ച് റയോള അവസാനമായി ട്വിറ്ററിൽ കുറിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനു മുമ്പ് ജനുവരിയിലായിരുന്നു ഇത്.
മിലാനിലെ സാൻ റഫേലെ ആശുപത്രിയിൽ ശസ്ത്രക്രിയക്കു വിധേയനായ ശേഷം മിനോ റയോള പൊതുരംഗത്തുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം തൃപ്തികരമാണെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, ഫുട്‌ബോൾ ലോകം കേൾക്കാനിഷ്ടപ്പെടാത്ത ഒരു അഭ്യൂഹം പ്രചരിച്ച് രണ്ട് ദിനത്തിനുള്ളിൽ തന്നെ മിനോ റയോള മരണത്തിന് കീഴടങ്ങിയപ്പോൾ നഷ്ടം പ്രതിഭയും പണവും മാറ്റുരക്കുന്ന ഫുട്‌ബോൾ ബിസിനസിനു തന്നെ...