‘കുട്ടികളിലെ അക്രമ വേലിയേറ്റങ്ങൾ’ - ആത്മപരിശോധനയും പ്രവൃത്തികളുമാണ് ഇനി ആവശ്യം
‘അക്രമങ്ങൾ നിസ്സാരവൽക്കരിക്കപ്പെടുകയും മഹത്വവൽക്കരിക്കപ്പെടുകയും ചെയ്യുമ്പോൾ കുട്ടികൾ അതുകണ്ട് സ്വന്തം ജീവിതത്തിലേക്ക് പ്രാവർത്തികമാക്കാനുള്ള സാധ്യതകൾ കൂടുതലാണ്. അതുപോലെ, നിറവേറ്റപ്പെടാത്ത ആവശ്യങ്ങളോ മറ്റോ ഉണ്ടാക്കുന്ന നിരാശകൾ പലപ്പോഴും ഇത്തരം അക്രമങ്ങളിലേക്ക് നയിച്ചേക്കാം’


പത്താം ക്ലാസ്സ് വിദ്യാർത്ഥി ഷഹബാസ് സഹ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് മരണപ്പെട്ട സംഭവം അങ്ങേയറ്റം ഞെട്ടലോടെ ആണ് കേരളക്കര കേട്ടത്. ഇത് കേരളത്തിൽ ഒരു ഒറ്റപ്പെട്ട സംഭവമായി ഇനിയും തള്ളിക്കളയാവുന്ന ഒന്നല്ല. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇടയിൽ വർധിച്ചു വരുന്ന അക്രമവാസനയുടെ ഇരകൾ ഈ 2025 ലും കൂടി വരികയാണ്. ആയതിനാൽ തന്നെ കുട്ടികളിൽ വർധിച്ചു വരുന്ന അക്രമ സംസ്കാരത്തിന്റെ ഏറ്റവും ഭയാനകമായ ഓർമ്മപ്പെടുത്തൽ ആയി തന്നെ ഈ വിഷയത്തെ കാണേണ്ടതുണ്ട്.
എന്താണ് ഇത്തരം അക്രമവാസനകൾ പെരുകുന്നതിന്റെ കാരണം? സമൂഹ മാധ്യമങ്ങൾ ചർച്ചചെയ്യും പോലെ മലയാളത്തിൽ അടുത്തിടെ തരംഗമാകുന്ന അങ്ങേയറ്റം വയലൻസ് നിറഞ്ഞ സിനിമകൾ മാത്രം ആണോ ഇതിന് കാരണം? ഒരിക്കലും അങ്ങനെ മാത്രം പറയാൻ സാധിക്കില്ല എന്നതാണ് വാസ്തവം. ഇത്തരം സിനിമകൾ കുട്ടികളെ സ്വാധീനിക്കുന്നില്ലേ എന്ന് ചോദിച്ചാൽ സ്വഭാവികമായും ചെറുതല്ലാത്ത ഒരു കൂട്ടത്തെ സ്വാധീനിക്കുന്നുണ്ട് എന്ന് തന്നെ വേണം പറയാൻ, പക്ഷെ അതുമാത്രമായി തള്ളി കളയാൻ സാധിക്കുന്ന ഒരു സാഹചര്യമല്ല നിലവിലുള്ളത് എന്ന് കൂടെ മനസിലാക്കേണ്ടതുണ്ട്. പലരും സിനിമയിലെ മാറി വരുന്ന ട്രെൻഡുകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെങ്കിലും, ഈ ഭയാനകമായ പ്രവണതയ്ക്ക് പിന്നിലുള്ള ബഹുമുഖ കാരണങ്ങളെ ഏറ്റവും ആഴത്തിൽ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
മാധ്യമങ്ങൾ, അതായത് സിനിമയും സമൂഹ മാധ്യമങ്ങളും ഉൾപ്പെടുന്ന വലിയൊരു ശൃംഘല ഇത്തരം അക്രമവാസനകൾക്ക് ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. ഒരു സിനിമയിൽ ആവശ്യമെങ്കിൽ ഹിംസയും അക്രമവും കാണിക്കാം, അത് ഒരിക്കലും കുറ്റം പറയാൻ സാധിക്കുന്ന ഒന്നല്ല. പക്ഷെ, അത്തരം അക്രമങ്ങളെയും ഹിംസകളെയും മഹത്വവൽക്കരിക്കുകയോ നിസ്സാരവൽക്കരിക്കുകയോ ചെയ്യുമ്പോൾ അത് സ്വാഭാവികമായും ഉണ്ടാക്കുന്ന ഇംപാക്ട് വലുത് തന്നെയാണ്. 18 വയസ്സ് പൂർത്തിയായവർക്ക് മാത്രമേ ഇത്തരം സിനിമകൾ കാണാൻ അവകാശമുള്ളൂ എന്ന് സർട്ടിഫൈഡ് ചെയ്യുമ്പോൾ ഈ നവയുഗത്തിൽ അതാണോ സംഭവിക്കുന്നത്? ഒരു കുട്ടിയുടെ മനസ്സിനെയോ യുവ മനസ്സിനെയോ രൂപപ്പെടുത്തുന്നതിൽ നിരവധി ഘടകങ്ങളിൽ ഒന്ന് മാത്രം ആയി സിനിമ നിലനിൽക്കുന്നു. ആയതിനാൽ തന്നെ മുഴുവൻ കുറ്റവും സിനിമയ്ക്ക് മേൽ ആരോപിക്കുന്നത് അതിരുകടന്ന മണ്ടത്തരം എന്നെ പറയാൻ സാധിക്കു.
സമൂഹമാധ്യമങ്ങൾ ഇതിനൊരു വലിയ പങ്ക് വഹിക്കുന്നുണ്ട്. എല്ലാ പ്രായക്കാരും ഉൾക്കൊള്ളുന്ന വലിയൊരു മേഖലയാണ് ഇന്ന് ഫേസ്ബുക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള നവ മാധ്യമങ്ങൾ. ഇത്തരം നവസമൂഹ മാധ്യമങ്ങൾ ഇന്ന് പലപ്പോഴും ആൾക്കൂട്ട ആക്രമങ്ങൾക്കും കൂട്ടായ സൈബർ ബുള്ളികൾക്കും വേദിയാകുന്നില്ലേ? കമന്റ് ബോക്സുകളിലൂടെയും പോസ്റ്റുകളിലൂടെയും കൊലവിളി നടത്തുന്നതും ആൾക്കൂട്ട അക്രമങ്ങൾ നടത്തുന്നതും കണ്ട് വരുന്ന യുവതലമുറ സ്വാഭാവികമായും അത് പിന്തുടരും എന്ന് എന്തുകൊണ്ട് നിങ്ങൾ മനസിലാക്കുന്നില്ല?
മയക്കുമരുന്നുകളുടെയും ലഹരിയുടെയും സുലഭമായ ലഭ്യതയും ഇത്തരം അക്രമങ്ങൾക്ക് കാരണമാകുന്നുണ്ട് എന്നുപറയാതെ വയ്യ. കൃത്യമായി സ്കൂൾ കുട്ടികളെ ഉൾപ്പെടെ ലക്ഷ്യം വെച്ചുകൊണ്ട് വളരുന്ന ലഹരി മാഫിയകൾ കേരളത്തിൽ ചുവട് ഉറപ്പിച്ചിട്ടുണ്ട് എന്നതിന്റെ തെളിവ് തന്നെ ആണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ലഹരി ചേർത്തുള്ള ചോക്ലറ്റ് നിർമ്മാണം.
ഇതിനൊക്കെ പുറമെ കുട്ടികളെ ഇത്തരം അക്രമവാസനകളിലേക്ക് നയിക്കുന്ന ഘടകങ്ങൾ ഇനിയുമുണ്ട്, നിർബന്ധമായും ചർച്ച ചെയ്യപ്പെടേണ്ട കാര്യങ്ങൾ.
ഭൗതീകമായ കളിസ്ഥലങ്ങൾ നഷ്ട്ടമാകുന്നതും മൊബൈൽ സ്ക്രീനുകളിലെ ഗെയിമുകളിലേക്ക് ചുരുങ്ങുന്നതും കുട്ടികൾക്ക് അവരുടെ ഊർജ്ജം ക്രിയാത്മകമായി ഉപയോഗിക്കാൻ ഉള്ള ഇടങ്ങളെ ഇല്ലാതെയാക്കി. ചുരുങ്ങുന്ന പൊതു ഇടങ്ങൾ കുട്ടികളെ വീട്ടിനു ഉള്ളിലേക്കും അല്ലെങ്കിൽ വളരെ ചെറിയ ഒരു വൃത്തത്തിലേക്കും മാത്രം ഒതുക്കി തുടങ്ങി. യഥാർത്ഥ ലോകത്തിലേക്കുള്ള കുട്ടികളുടെ ഇടപെടലുകൾ ഇല്ലാതെയാകുകയും ഒറ്റപ്പെടുകയും അത് അവരുടെ സാമൂഹികവും വൈകാരികവുമായ വികാസത്തെ കൂടുതൽ ബാധിക്കുകയും ചെയ്യുന്നുണ്ട്.
ഒപ്പം തന്നെ ഫലപ്രദമായ രക്ഷകർത്യത്വത്തിലും ധാർമിക മാർഗ്ഗം നിർദ്ദേശങ്ങളിലും വരുന്ന ഗണ്യമായ വിടവ് പ്രകടമാണ്. സഹാനുഭൂതിയും ബഹുമാനവും അച്ചടക്കവും ഉൾപ്പെടെ ഉള്ള മൂല്യങ്ങൾ വളർത്തി എടുക്കുന്നതിൽ രക്ഷിതാക്കൾ പരാജയപ്പെടുകയാണ്. സ്കൂളുകളും കേവല അക്കാദമിക് നേട്ടങ്ങൾ എന്നതിന് അപ്പുറത്തേക്ക് മറ്റൊന്നും കാണാതെ ഇരിക്കുകയും ധാർമ്മികമായ വിദ്യാഭ്യാസത്തെ പുറത്താക്കുകയും ചെയ്യുന്നത് പ്രശ്നം തന്നെ ആണ്. ഒരു കാലത്ത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ സ്കൂളുകൾ വഹിച്ച പങ്ക് വലുതാണ്. അത്തരത്തിൽ വലിയ പങ്ക് വഹിച്ച അധ്യാപക സമൂഹവും ഇന്ന് വ്യവസ്ഥാപരമായ സമ്മർദ്ദങ്ങളും വിഭവങ്ങളുടെ അഭാവവും മൂലം നിയന്ത്രിക്കപ്പെടുകയാണ്. കുട്ടികളിൽ വളർന്നു വരുന്ന നിർഭയത്വവും നിയമ അവബോധത്തിന്റെ അഭാവവും തന്നെ ആണ് ആ കുട്ടികളുടെ മെസ്സേജുകളിൽ പ്രകടമായത്. പലർക്കും അവരുടെ പ്രവർത്തനങ്ങളുടെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയില്ല എന്നതാണ് സത്യം.
മനഃശാസ്ത്രപരമായ ചില വീക്ഷണകോണുകളിൽ നിന്ന് കൂടി ഈ വിഷയത്തെ നോക്കി കാണേണ്ടതുണ്ട്. മറ്റുള്ളവരെ, പ്രത്യേകിച്ചും റോൾ മോഡലുകളെ നിരീക്ഷിക്കുന്നതിലൂടെയും അനുകരിക്കുന്നതിലൂടെയും കുട്ടികൾ പെരുമാറ്റങ്ങൾ പഠിക്കുന്നു എന്ന് ആൽബർട്ട് ബന്ദൂര സോഷ്യൽ ലേർണിങ് തിയറിയിലൂടെ വ്യക്തമാക്കുന്നുണ്ട്. ഒരു കാലത്ത് ആറാം തമ്പുരാനും നരസിംഹവും രാവണപ്രഭുവും ദുബായും ബിഗ് ബിയും ഒക്കെ കണ്ട് റോൾ മോഡൽ ആക്കിയിരുന്ന ഒരു തലമുറയിൽ നിന്നും ആവേശവും മാർക്കോയും ഒക്കെ കണ്ട് റോൾ മോഡൽ ആക്കുന്ന ഒരു തലമുറയിലേക്ക് മാറി എന്ന് മാത്രം. അക്രമങ്ങൾ നിസ്സാരവൽക്കരിക്കപ്പെടുകയും മഹത്വവൽക്കരിക്കപ്പെടുകയും ചെയ്യുമ്പോൾ കുട്ടികൾ അതുകണ്ട് സ്വന്തം ജീവിതത്തിലേക്ക് പ്രാവർത്തികമാക്കാനുള്ള സാധ്യതകൾ കൂടുതലാണ്. അതുപോലെ, നിറവേറ്റപ്പെടാത്ത ആവശ്യങ്ങളോ മറ്റോ ഉണ്ടാക്കുന്ന നിരാശകൾ പലപ്പോഴും ഇത്തരം അക്രമങ്ങളിലേക്ക് നയിച്ചേക്കാം.
ലോറിൻസ് കോൾബെർഗ് തന്റെ മോറൽ ഡെവലപ്പ്മെന്റ് തിയറിയിൽ പറഞ്ഞുവെക്കുന്ന ഒരു കാര്യമുണ്ട്. വീട്ടിലും സ്കൂളിലും ഉണ്ടാവുന്ന ധാർമിക വിദ്യാഭ്യാസത്തിന്റെ അഭാവം കുട്ടികളിൽ ഉയർന്ന തരത്തിൽ അരാഷ്ട്രീയതയും അധാർമ്മികയുക്തി വളർച്ചയും സാധ്യമാക്കുന്നു. ഇത് കുട്ടികളെ അക്രമാസക്തമായ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഇരയാക്കും.
കുടുംബം, സ്കൂൾ, കമ്മ്യൂണിറ്റി, സമൂഹം എന്നിവ ഉൾപ്പെടുന്ന ഒരു എക്കോ സിസ്റ്റം കുട്ടികളുടെ വികാസത്തെ സ്വാധീനിക്കുന്നു എന്ന് യൂറി ബ്രോൺഫെൻബ്രെന്നർ പറഞ്ഞുവെക്കുന്നു. ആയതിനാൽ തന്നെ ഇത്തരം എക്കോലോജിക്കൽ സിസ്റ്റങ്ങളിൽ നിന്നുണ്ടാകുന്ന മോശമായ പെരുമാറ്റങ്ങൾ, മാതാപിതാക്കളുടെ അവഗണന, അപര്യാപ്തമായ സ്കൂൾ പിന്തുണ, അക്രമങ്ങളുടെ സാമൂഹിക മഹത്വവൽക്കരണം തുടങ്ങിയ ഘടകങ്ങൾ അക്രമാത്മക പ്രവണതകൾക്ക് കാരണമാകുന്നു. സുരക്ഷ, സ്വന്തത്വം, ആത്മാഭിമാനം, തുടങ്ങിയ അടിസ്ഥാനപരവും മനഃശാസ്ത്രപരവുമായ ആവശ്യങ്ങൾ നിറവേറ്റപ്പെടാത്തത് തെറ്റായ പ്രവണതകളിലേക്ക് കുട്ടികളെ നയിക്കുന്നുണ്ട്. മാസ്ലോ തന്റെ ഹൈരാർക്കി ഓഫ് നീഡ്‌സ് തിയറിയിൽ ഇത് വ്യക്തമാക്കുന്നുമുണ്ട്.
വളരെ ശാസ്ത്രീയമായി തന്നെ ഇത്തരം വിഷയങ്ങളെ ഇനിയെങ്കിലും കൈകാര്യം ചെയ്തില്ല എങ്കിൽ ഇത്തരം വാർത്തകൾ ഇനിയും പെരുകും എന്ന കാര്യത്തിൽ സംശയമില്ല. സർക്കാർ സംവിധാനങ്ങളും സമൂഹവും വിദ്യാലയവും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ കാര്യക്ഷമമായി തന്നെ ഇടപെടേണ്ടതുണ്ട്. ഇവിടെ നമുക്ക് എന്ത് ചെയ്യാനാകും എന്ന് നോക്കാം, വളരെ ശാസ്ത്രീയവും ധാർമികവും ആയി വിദ്യാഭ്യാസ സമ്പ്രദായം പരിഷ്ക്കരിക്കുക. സ്കൂളുകൾ അക്കാദമിക് പഠനങ്ങൾക്ക് അപ്പുറത്തേക്ക് സഞ്ചരിക്കണം. സമഗ്രമായി ധാർമികവും വൈകാരികവുമായ വിദ്യാഭ്യാസം ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണം. നിയമ അവബോധം ഉൾപ്പെടെ ഉള്ള കാര്യങ്ങൾ പാഠ്യ പദ്ധതികളുടെ ഭാഗമായി അവതരിപ്പിക്കണം.
തുറന്ന ആശയവിനിമയം സാധ്യമാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. വ്യക്തമായ അതിരുകൾ നിശ്ചയിച്ചുകൊണ്ട് തന്നെ മാതാപിതാക്കൾ അവരുടെ കുട്ടികളുടെ ജീവിതത്തിൽ ഒരു പങ്ക് വഹിക്കണം. കർശനമായ മയക്കുമരുന്ന് നിയന്ത്രണം ഏർപ്പെടുത്തണം. കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കി നൽകാൻ അധികൃതർ കൂടുതൽ പരിശ്രമിക്കണം. മാധ്യമ സാക്ഷരത നടപ്പിലാക്കണം. സിനിമ ഉൾപ്പെടെ ഉള്ള മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയ ഉള്ളടക്കാതെയും വിമർശനാത്മകമായി വിശകലനം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കണം. ഫിക്ഷനും യഥാർഥ്യവും ഗുണവും ദോഷവും വേർതിരിച്ചറിയാനുള്ള ശേഷി കുട്ടികളിൽ വളർത്തി കൊണ്ടുവരണം, ഒപ്പം കൃത്യമായി കമ്മ്യൂണിറ്റി നെറ്റ് വർക്കുകൾ പുനർ നിർമ്മിക്കുകയും കുട്ടികളെ ക്രിയാത്മകമായി അതിന്റെ ഭാഗം ആക്കുകയും ചെയ്യണം.
പ്രാദേശിക സർക്കാരുകളുടെയും നാട്ടുകാരുടെയും സഹകരണത്തിൽ നാട്ടിലെ കളിസ്ഥലങ്ങൾ പുനരുജ്ജീവിപ്പിക്കണം. കൃത്യമായി പരിപാലിച്ചുകൊണ്ട് കുട്ടികൾക്ക് വഴികാട്ടികൾ ആകണം. കേരളത്തിൽ ഈ നടന്നത് ഇനിയും ഒരു ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയരുത് എന്ന് അധികാരികളോട് ഏറ്റവും ശക്തമായി തന്നെ ആവശ്യപ്പെടുകയാണ്. വളരെ എളുപ്പത്തിൽ പരിഹരിക്കാൻ പറ്റുന്ന ഒന്നല്ല കുട്ടികൾക്ക് ഇടയിൽ വളർന്നു വരുന്ന ആക്രമണവാസനകൾ എന്ന് മനസിലാക്കാനുള്ള സമയമാണിത്. അധ്യാപകരും മാതാപിതാക്കളും സർക്കാർ സംവിധാനങ്ങളും സമൂഹവും ഒരുമിച്ചു നിന്നാൽ മാത്രമേ ഒരു തലമുറയെ നല്ല രീതിയിൽ വാർത്തെടുക്കാൻ ഇനി സാധിക്കുകയുള്ളു. സമഗ്രമായ സമീപനം ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ കുട്ടികൾക്ക് സുരക്ഷിതവും അനുകമ്പയും ഉള്ളതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കുകയുള്ളും.ഇനിയൊരു ഷഹബാസ് ഉണ്ടാകാതെ ഇരിക്കട്ടെ, ഇനിയും കുട്ടി കുറ്റവാളികൾ ഉണ്ടാവാതെ ഇരിക്കട്ടെ. മാതൃകപരമായ ശിക്ഷകൾ നടപ്പിലാവട്ടെ.
....................................................................................................................................................................................................................................................................................................................................
ശ്യാം സോർബ ജാർഖണ്ഡ് കേന്ദ്ര സർവകലാശാലയിൽ അവതരണകലയിൽ ഗവേഷണം ചെയ്യുകയാണ് ലേഖകൻ. നാടക - സിനിമാ പ്രവർത്തകനും കലാ - സാഹിത്യ - സാമൂഹിക നിരീക്ഷകനുമാണ്