ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ; കേരളം കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം
പൊതു ജനങ്ങള്‍ വീട്ടില്‍ തന്നെയിരിക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം.
സംസ്ഥാനം കാത്തിരുന്ന ജനവിധി ഇന്ന്. ഒരു മാസം നീണ്ട കാത്തിരിപ്പിന് അവസാനമായി വോട്ടുകള്‍ എണ്ണിത്തുടങ്ങും.
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതല്‍ 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ആദ്യത്തെ അരമണിക്കൂര്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. എട്ടരയോടെ ആദ്യഫല സൂചനകള്‍ പുറത്ത് വരും. നാലര ലക്ഷത്തോളം പോസ്റ്റല്‍ വോട്ട് എണ്ണാനുള്ളത് കൊണ്ട് അന്തിമഫലം വൈകാനാണ് സാധ്യത. ഒരു മണ്ഡലത്തില്‍ നിന്ന് 5000 വരെ പോസ്റ്റല്‍ ബാലറ്റുകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. രാവിലെ എട്ട് മണി വരെ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. പത്ത് മണിയോടെ കേരളം ആര്‍ക്കൊപ്പമെന്ന ട്രെന്‍ഡ് വ്യക്തമാകും.
ഭരണത്തുടര്‍ച്ചയെന്ന് ഇടതും ഭരണമാറ്റമെന്ന് യുഡിഎഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബിജെപിയും പ്രതീക്ഷയിലാണ്. എക്സിറ്റുപോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. സര്‍വേകളെല്ലാം തള്ളുകയാണ് യുഡിഎഫ്. ഫലപ്രഖ്യാപനത്തിന് ശേഷം താമസിയാതെ തന്നെ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ക്കും തുടക്കമാകും.
ഇന്ന് ആഘോഷങ്ങളും ആഹ്ലാദപ്രകടനങ്ങളും നടത്തുവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ വീട്ടില്‍ തന്നെയിരിക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ കമ്മീഷന്‍റെ വെബ്‍സൈറ്റും, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പും, മാധ്യമങ്ങളേയും ആശ്രയിക്കണമെന്നാണ് പൊതുജനങ്ങള്‍ക്ക് കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഇവിഎം സൂക്ഷിച്ച സ്ട്രോങ് റൂമുകള്‍ തുറന്നു.
114 കേന്ദ്രങ്ങളിലായി 633 വോട്ടെണ്ണല്‍ ഹാളുകള്‍.