‘മൂന്നു വർഷം ഒരേ ക്ലാസ്സിലിരുന്നു പഠിച്ച സഹപാഠിയെ ഈ നിലയിൽ കണ്ടപ്പോൾ ഞാൻ ഞെട്ടി’

‘ഞാൻ ഷൂട്ടിങ്ങിനു രണ്ടുമൂന്നു ദിവസം മുൻപാണ് എത്തിയത്. റൂമിൽ പോയി ഫ്രഷ് ആയതിനു ശേഷം സ്ക്രിപ്റ്റും ചാർട്ടുകളും മറ്റുമായി ഞാൻ സംവിധായകന്റെ മുറിയിലേക്ക് ചെന്നു. മുൻകൂട്ടി അറിയിച്ചിട്ടാണ് പോയത്. അടഞ്ഞുകിടക്കുന്ന വാതിലിൽ മുട്ടിയപ്പോൾ “കം ഇൻ’’ എന്ന് അദ്ദേഹത്തിന്റെ ശബ്ദം കേട്ടു’ - വൈഡ് ആംഗിള്‍: 45

Update: 2024-11-18 05:57 GMT
Advertising

ഞാൻ സഹസംവിധായകനായി ജോലി ചെയ്തിട്ടുള്ളത് കൂടുതലും ബക്കറിനോടൊപ്പമാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ “കബനീ നദി ചുവന്നപ്പോൾ” മുതൽ “ഇന്നലെയുടെ ബാക്കി” വരെയുള്ള സിനിമകളിൽ ഞാൻ തന്നെ ആയിരുന്നു അസ്സോസിയേറ്റ് ഡയറക്ടർ. അവസാന ചിത്രമായ “ശ്രീനാരായണ ഗുരുവിൽ” ഞാൻ ഔദ്യോഗികമായി വർക്ക് ചെയ്തില്ലെങ്കിലും, ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ, ഞാൻ പഠിപ്പിക്കുന്ന സതേൺ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് അടുത്തായിരുന്നത് കൊണ്ട് ചിലപ്പോഴൊക്കെ വിദ്യാർത്ഥികളെയും കൊണ്ട് അവിടെ പോകാറുണ്ട്. പരിചയക്കുറവുള്ളവരായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ സംവിധാന സഹായികൾ. ക്ലോസ് അപ് എടുക്കുമ്പോൾ എവിടെയാണ് (ലുക്ക് പൊസിഷൻ) നോക്കേണ്ടതെന്നു അഭിനേതാവ് ചോദിച്ചപ്പോൾ, “അയൂബിനോട് ചോദിക്കു” എന്ന് സഹായിയോട് അദ്ദേഹം സ്വകാര്യമായി പറഞ്ഞത് ഞാൻ കേട്ടു. ഞാനത് പറഞ്ഞു കൊടുക്കുകയും ചെയ്തു.. അതുകൂടാതെയും പല ദിവസങ്ങളിലും ഞാൻ ക്ലാസ് കഴിഞ്ഞു ഷൂട്ടിംഗ് ലൊക്കേഷനിൽ പോയി കഴിയുന്ന സഹായങ്ങൾ ഒക്കെ ചെയ്യുമായിരുന്നു. രാമു കാര്യാട്ടിനൊപ്പം ഒരു സിനിമയിൽ സംവിധാന സഹായി ആയി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, പിന്നീട് അദ്ദേഹത്തിന് പ്രൊഡക്ഷൻ മാനേജർ ആയാണ് സിനിമയിൽ തിരക്കേറിയത്. സിനിമയേക്കുറിച്ചു വളരെ ഉദാത്തമായ സങ്കല്പങ്ങളുള്ള അദ്ദേഹത്തിന് പക്ഷെ സിനിമയുടെ സാങ്കേതിക കാര്യങ്ങളിൽ വലിയ പരിചയം ഉണ്ടായിരുന്നില്ല. ആദ്യ ചിത്രം മുതൽ തന്നെ ഞാൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് പിന്നെ പൂർണ്ണമായും ആ വിഭാഗം എന്റെ ഉത്തരവാദിത്വം ആയിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ പ്രവർത്തിച്ച എല്ലാവരും തന്നെ അദ്ദേഹത്തിന്റെ സ്ഥിരം സഹപ്രവർത്തകർ ആയിരുന്നു. ക്യാമറാമാൻ-വിപിൻദാസ്, എഡിറ്റർ-രവി, സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റർ എന്നിങ്ങനെ ഒരു സ്ഥിരം യൂണിറ്റ് ആയിരുന്നു. ഞാനായിരുന്നു സ്ഥിരം അസ്സോസിയേറ്റ്.

ആദം അയ്യൂബ്

 

ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ ഇല്ലാതായതോടെ ആർട്ട് സിനിമകൾ പിൻവലിഞ്ഞു. ബക്കറിനും സിനിമകൾ കുറഞ്ഞു. അങ്ങിനെയിരിക്കെ ഞങ്ങളുടെ സ്ഥിരം എഡിറ്റർക്ക് ഒരു സിനിമ കിട്ടി, സംവിധാനം ചെയ്യാൻ. പ്രശസ്തമായ ഒരു സിനിമയുടെ നിർമ്മാതാവായിരുന്നു നിർമ്മാതാവ്. ഞാൻ വർക്ക് ചെയ്ത പല ചിത്രങ്ങളുടെയും എഡിറ്റർ എന്ന നിലയിൽ ഞാനും അദ്ദേഹവും നിരവധി ചിത്രങ്ങളിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ചിത്രീകരണ സമയത്തു മാത്രമല്ല,പോസ്റ്റ് പ്രൊഡക്ഷൻ വേളകളിലും സകല സാങ്കേതിക കാര്യങ്ങളും സൂക്ഷ്മമായി കൈകാര്യം ചെയ്തിരുന്ന എന്നിൽ വലിയ മതിപ്പു ഉണ്ടായിരുന്നത് കൊണ്ട് , ഈ ചിത്രത്തിൽ തന്റെ അസ്സോസിയേറ്റ് ആയി വർക്ക് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. പൂനാ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് എഡിറ്റിംഗിൽ ബിരുദം നേടിയ അദ്ദേഹം, ഏറ്റവും നല്ല എഡിറ്റർക്കുള്ള നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. ഒരു ചിത്രം നേരത്തെ സംവിധാനം ചെയ്തിട്ടുമുണ്ട്. പക്ഷെ ആ പടം ഓടിയില്ല. നിർമാതാവ് എന്റെ നാട്ടുകാരൻ ആണെങ്കിലും ഞങ്ങൾ തമ്മിൽ മുൻ പരിചയം ഒന്നുമില്ല. 

റോണി വിൻസന്റ്

 

തോമസ് തോമസിന്റെ “വിഷഭൂമികളിൽ മയങ്ങുന്നവർ’’ എന്ന നോവലാണ് ഇവർ സിനിമക്കായി തെരഞ്ഞെടുത്തത്. തിരക്കഥ, സംവിധായകൻ തന്നെയാണ് എഴുതിയത്. പ്രാരംഭ ചർച്ചകൾ മുതൽ തന്നെ ബിഗ് ബഡ്ജറ്റ് സിനിമയുടെ എല്ലാ ആർഭാടങ്ങളും ഉണ്ടായിരുന്നു. പണം ചെലവഴിക്കുന്നതിൽ നിർമ്മാതാവ് ഒരു ലോഭവും കാണിച്ചിരുന്നില്ല. ബക്കറിന്റെ സിനിമകളിൽ നിന്ന് ഞാൻ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠം, ഏറ്റവും ചെലവ് ചുരുക്കി ഏറ്റവും നന്നായി എങ്ങിനെ എടുക്കാം എന്നാണ്. പക്ഷെ ഇവിടെ വന്നപ്പോൾ ആ പാഠം പ്രാവർത്തികമാക്കേണ്ട ഒരു സാഹചര്യവും ഉണ്ടായില്ല. പ്രധാന നടന്മാരെ തെരഞ്ഞെടുക്കാൻ സ്ക്രീൻ ടെസ്റ്റ് നടത്തിയിരുന്നു. അതുപോലും സിനിമാസ്കോപ് കളർ ഫിലിമിൽ ആയിരുന്നു. അന്ന് സിനിമാസ്കോപ് അപൂർവമായിരുന്ന കാലമായിരുന്നു. പിന്നീട് പ്രശസ്തനായ, നടൻ ദേവനെ ഈ സിനിമയ്ക്ക് വേണ്ടി സ്ക്രീൻ ടെസ്റ്റ് (ഇന്ന് അതിനെ ഓഡിഷൻ എന്ന് പറയും) നടത്തി റിജെക്ട് ചെയ്തതാണ്. അന്ന് അദ്ദേഹത്തിന് ചെറിയ വിക്കു ഉണ്ടായിരുന്നു. ( അന്ന് ഭയം കൊണ്ട് ഉണ്ടായതാണോ എന്നറിയില്ല.) എം.ജി.ആറിന്റെ നായിക ആയിരുന്ന ലതയുടെ സഹോദരൻ രാജ്കുമാർ, വിൻസെന്റ് മാസ്റ്ററുടെ സഹോദരൻ റോണി വിൻസെന്റ് എന്നിവരാണ് ടെസ്റ്റ് പാസ്സായവർ. തമിഴ് സിനിമയിൽ അന്ന് പ്രശസ്തനായിരുന്നു മലയാളി നടൻ വിജയനും (മീശ വിജയൻ) റോണിയുമായിരുന്നു പ്രധാന അഭിനേതാക്കൾ. അംബിക ആയിരുന്നു നായിക. എറണാകുളത്തു ഏലൂരിലുള്ള FACT ആയിരുന്നു പ്രധാന ലൊക്കേഷൻ. ഒരു കെമിക്കൽ ഫാക്ടറി സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണവും അവിടത്തെ തൊഴിലാളികളുടെ ജീവിതവുമൊക്കെയാണ് ഇതിവൃത്തം.

 

വിജയൻ

നിർമ്മാതാവും സംവിധായകനും തമ്മിലുള്ള ചർച്ചകൾ പലപ്പോഴും മദ്യപാന സദസ്സുകൾ ആയിരുന്നു. അതുകൊണ്ടു ഞാൻ ആ ചർച്ചകളിൽ അധികം നേരം ഇരിക്കാറില്ല. ക്രിയാത്മകമായ ചർച്ചകൾ ഐസ് കട്ടയിൽ വഴുതി ഗ്ലാസിൽ വീഴുമ്പോൾ, ഞാൻ പതുക്കെ സ്ഥലം വിടും. ഷൂട്ടിംഗ് തുടങ്ങുന്നതിനു വളരെ മുൻപ് തന്നെ നിർമ്മാതാവും സംവിധായകനും എറണാകുളത്തെത്തി. വെല്ലിങ്ടൺ ഐലൻഡിലെ ഒരു മുന്തിയ ഹോട്ടലിൽ ആയിരുന്നു അവരുടെ താമസം. മറ്റു സന്നാഹങ്ങളുമായി ഞാൻ ഷൂട്ടിങ്ങിനു രണ്ടുമൂന്നു ദിവസം മുൻപാണ് എത്തിയത്. റൂമിൽ പോയി ഫ്രഷ് ആയതിനു ശേഷം സ്ക്രിപ്റ്റും ചാർട്ടുകളും മറ്റുമായി ഞാൻ സംവിധായകന്റെ മുറിയിലേക്ക് ചെന്നു. മുൻകൂട്ടി അറിയിച്ചിട്ടാണ് പോയത്. അടഞ്ഞുകിടക്കുന്ന വാതിലിൽ മുട്ടിയപ്പോൾ “കം ഇൻ’’ എന്ന് അദ്ദേഹത്തിന്റെ ശബ്ദം കേട്ടു. വാതിൽ തുറന്നു അകത്തു കയറിയപ്പോൾ , പതിവ് പോലെ മദ്യത്തിന്റെ രൂക്ഷമായ ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറി. ടീപ്പോയിൽ കുപ്പിയും ഗ്ലാസുകളും മറ്റു അനുബന്ധ സാധനങ്ങളുമൊക്കെ ഉണ്ടായിരുന്നു. നിർമ്മാതാവും സംവിധായകനും കൂടാതെ മറ്റൊരാൾകൂടി മുറിയിൽ ഉണ്ടായിരുന്നു. കട്ടിലിന്റെ ഒരു മൂലയിൽ തലകുനിച്ചിരിക്കുന്ന ഒരു സ്ത്രീ. അതിൽ അസാധാരണത്വം ഒന്നും തോന്നാത്തത് കൊണ്ട്, ഞാൻ അവളെ അവഗണിച്ചു കൊണ്ട് കാര്യത്തിലേക്കു കടന്നു. ഫയലുകൾ ഒക്കെ മേശപ്പുറത്തു വെച്ചിട്ടു ഞാൻ സംവിധായകനോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു:-

“അയൂബിനു ഒരാളെ പരിചയപ്പെടുത്താം. “

ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.

“ഈ ഇരിക്കുന്ന ആളെ മനസ്സിലായോ ?”

അദ്ദേഹം ആ സ്ത്രീയെ ചൂണ്ടി ചോദിച്ചു. ഇല്ലെന്നു ഞാൻ തലയാട്ടി..

“ഒന്ന് മുഖം കാണിച്ചു കൊടുക്ക്”

അദ്ദേഹം തല കുനിച്ചിരിക്കുന്ന ആ സ്ത്രീയോട് പറഞ്ഞു. അവൾ തല ഉയർത്തിയില്ല.

“മഹാരാജാസിലെ അയൂബിന്റെ ക്ലാസ്സ്മേറ്റ് ആണ്”

അദ്ദേഹം പറഞ്ഞു. ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവൾ പതുക്കെ തല ഉയർത്തി. ഞാൻ അവളെ തിരിച്ചറിഞ്ഞു. മഹാരാജാസിലെ ബി.എ പാറ്റേൺ ടു ക്ലാസ്സിൽ പകുതിയോളം പെൺകുട്ടികൾ ആയിരുന്നെങ്കിലും ഞാൻ ആരോടും സംസാരിച്ചിട്ടില്ല. പക്ഷെ എല്ലാവരുടെയും പേരുകൾ അറിയാം. ഇവളുടെ പേരും എനിക്കറിയാം. ഒരു നിമിഷം ഞങ്ങൾ പരസ്പരം നോക്കി. ആ മുഖത്ത് ഞാൻ കണ്ടത് ശൃംഗാരമോ നാണമോ അല്ല, ദൈന്യത ആയിരുന്നു. ആ കണ്ണുകളിൽ വേദനയുണ്ടായിരുന്നു. മൂന്നു വർഷം മഹാരാജാസ് കോളേജിൽ ഒരേ ക്ലാസിലിരുന്ന് പഠിച്ച എന്റെ സഹപാഠി ! ബിരുദധാരിണിയായ അവൾക്കു ഈ ഗതിയോ ? നിർമ്മാതാവ് ധാരാളം പണം കൊടുക്കുമായിരിക്കും… എങ്കിലും..?

ഞാൻ അവളോടൊന്നും സംസാരിച്ചില്ല. എനിക്ക് വേഗം അവിടുന്ന് പുറത്തു കടന്നാൽ മതിയെന്നായി. കൊണ്ടുവന്ന അത്യാവശ്യ സാധനങ്ങളൊക്കെ സംവിധായകനെ ഏല്പിച്ചിട്ട് ഞാൻ ധൃതിയിൽ അവിടന്ന് ഇറങ്ങാൻ തുടങ്ങി. അദ്ദേഹം എന്നെ തടഞ്ഞു:

“ഇന്നിവിടെ കൂടാം അയൂബ്. ഇത് സ്യൂട്ട് റൂമാണ്. പഴയ ക്ലാസ്സ്മേറ്റുമായി പരിചയം പുതുക്കുകയും ആവാമല്ലോ”

“വേണ്ട ചേട്ടാ , രാവിലെ കാണാം” മറ്റാരോടും ഒന്നും പറയാതെ ഞാൻ മുറി വിട്ടിറങ്ങി.

ഞാനും പ്രധാന നടൻ വിജയൻ, റോണി വിൻസെന്റ് എന്നിവർ ഭാരത് ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. വിജയൻ അന്ന് തമിഴിൽ തിളങ്ങി നിൽക്കുന്ന കാലമായിരുന്നു. കൂടാതെ ചില മലയാള സിനിമകൾക്ക് തിരക്കഥയുമെഴുതുന്നുണ്ടായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞു ഷൂട്ടിംഗ് തുടങ്ങി. FACTയിൽ ആയിരുന്നു ഷൂട്ടിംഗ്. ഏകദേശം പത്തു ദിവസം കൊണ്ട് FACT യിലെ ഷൂട്ടിംഗ് പൂർത്തിയാക്കി. പിന്നെയുള്ള ഭാഗങ്ങൾ മദ്രാസിൽ ഇൻഡോറിൽ ഷൂട്ട് ചെയ്യാം എന്ന് തീരുമാനിച്ചു. എന്നാൽ പിന്നെ പല കാരണങ്ങളാൽ ഷൂട്ടിംഗ് നിന്ന് പോയി. പിന്നെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നത് രണ്ടു വര്ഷം

കഴിഞ്ഞിട്ടാണ്. അപ്പോഴേക്കും വിജയന്റെ താര മൂല്യം നിലം പതിച്ചു, വിജയന് പകരം ഭരത് ഗോപി വന്നു. 1973 ൽ ‘ പെരിയാർ’ എന്ന സിനിമയിലൂടെയാണ് തിലകൻ സിനിമയിലേക്ക് വന്നതെങ്കിലും ഈ സിനിമയിലൂടെയാണ് അദ്ദേഹം ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയത്.


 


ഭരത് ഗോപി

രണ്ടു വർഷത്തിന് ശേഷം ചിത്രീകരണം വീണ്ടും തുടങ്ങുമ്പോഴേക്കും “വിഷഭൂമികളിൽ മയങ്ങുന്നവർ” എന്നതിന് പുതിയൊരു ടൈറ്റിൽ നൽകി.പക്ഷെ ഈ രണ്ടു വർഷത്തെ ഇടവേളയിലാണ് ബക്കറിന്റെ ആദ്യ കളർ ചിത്രമായ, പ്രേംനസീർ നായകനായ, “ചാരം” ഷൂട്ടിംഗ് തുടങ്ങിയത്. അത് കൊണ്ട് ഈ ഇടവേള എനിക്ക് പ്രയോജനകരമായി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ആദം അയ്യൂബ്

contributor

Similar News