യുദ്ധാനന്തരം ഇറാഖ് ബാക്കിയാക്കിയത്
യുദ്ധം അവസാനിച്ചിട്ടും വിമോചനം ലഭിക്കാത്ത ഒരു ജനതയാണ് ഇറാഖിൽ ജീവിക്കുന്നത്
സൈഫ് ഇസാം വയസ്സ് 42, ബഗ്ദാദിലെ അൽകറാദ സ്വദേശി. 2011 മുതൽ വടക്കൻ ഇറാഖിലെ എർബിലിൽ ജീവിക്കുന്നു. കഴിഞ്ഞ നാലു വർഷമായി സൈഫ് കൂടെ ജോലി ചെയ്യുന്നൂണ്ട്. പിതാവ് ഇസാം ആമിർ, ഇറാൻ-ഇറാഖ് യുദ്ധത്തിലെ നിർബന്ധിത സേവനത്തിനിടയിൽ രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്തശേഷം കിടപ്പിലായി. ഉമ്മ അമീറ, അൽറഷീദ് ബാങ്കിലെ ഉദ്യോഗസ്ഥ. ബഗ്ദാദിലെ നഹറൈൻ സർവകലാശാലയിൽ നിന്നും ബിരുദം നേടിയ ശേഷം സൈഫിനു യൂണിവേഴ്സിറ്റി കാമ്പസ് സെലക്ഷനിലൂടെ എണ്ണമന്ത്രാലയത്തിനു കീഴിലുള്ള ഒരു കമ്പനിയിൽ ജോലി കിട്ടി. 21-ാം വയസ്സിൽ 75 ഡോളർ എന്നത് തുച്ചമായ ശമ്പളമായിരുന്നെങ്കിലും കാമ്പസ് റിക്രൂട്ട്മെന്റിലൂടെ കിട്ടിയ ജോലി സൈഫ് സന്തോഷത്തോടെ സ്വീകരിച്ചു. 2003 ഏപ്രിൽ മാസത്തേക്ക് ജോലിയിൽ ഏഴു മാസം പൂർത്തിയാക്കി. അപ്പോഴേക്കും അമേരിക്കൻ അധിനിവേശം ഇറാഖിനു മേൽ തീമഴയായി പെയ്തിറങ്ങിയിരുന്നു. മുഴുവൻ ജനങ്ങളേയും ഭീതിയിലാക്കിയ യുദ്ധം രാജ്യത്തെ ഓരോ പൗരന്മാരെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. പല ഭാഗത്തുനിന്നും പലവിധ വാർത്തകളും കേൾക്കാൻ തുടങ്ങി. രാജ്യത്ത് വൈദ്യുതി പൂർണ്ണമായും നിലച്ചു. രാജ്യം ഭൂരിഭാഗവും ഇരുട്ടിലേക്ക് നീങ്ങി. ആകാശത്ത് തീപാറുന്ന വെടിയൊച്ചകൾ താഴെ ഹൃദയവേദനയിൽ ആർത്ത നാദങ്ങൾ. യുദ്ധത്തിന്റെ കരിമ്പുകയിൽ ദിനസരികൾ.
വാരാന്ത്യ അവധി കഴിഞ്ഞ് സൈഫ് ഒഫീസിൽ വന്നതാണ്. ഓഫീസിനു മുന്നിൽ വാഹനം തടഞ്ഞു നിർത്തി ജീവൻ വേണമെങ്കിൽ ഉടൻ തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. അന്നു മുതൽ വരുമാനത്തിന്റെ വാതിലടഞ്ഞു. കുടുംബാംഗങ്ങൾ വീട്ടിൽ തടവിലായി. ആൾ താമസമുള്ള വീട് നോക്കി സൈന്യത്തിന്റെ അന്ത്യശാസന ലഭിച്ചതിനാൽ പലതവണ വീട് വിട്ട് ഒാടേണ്ടി വന്നു. അവശനായ പിതാവിനെ എടുത്തായിരുന്നു ജീവനും കൊണ്ടുള്ള ഓട്ടം. ഒരു ബിൽഡിംഗിന്റെ അണ്ടർഗ്രൗണ്ട് പാർക്കിംഗിൽ ഒരു മാസത്തോളം ഭക്ഷണമെന്നും കഴിക്കാതെ വെള്ളം മാത്രം കുടിച്ച് ഒളിജീവിതം നയിച്ചു. യുദ്ധത്തിന്റെ ഘോരമായ ശബ്ദം സഹിക്കാൻ വയ്യാതായപ്പോൾ എല്ലാവരും ജീവനും കൊണ്ട് ചിതറിയോടി. മാതാപിതാക്കളും മക്കളും പലവഴിയിലായി. അന്ന് ഓടിപ്പോയ മൂത്ത സഹോദരനെ കുറിച്ച് ഇന്നും യാതൊരു വിവരവുമില്ല. കെമിക്കൽ എഞ്ചിനിയർ ആയ രണ്ടാമത്തെ സഹോദരൻ പിന്നീടെപ്പഴോ യൂറോപ്പിലേക്ക് കുടിയേറിയിരുന്നു. ദിവസങ്ങളോളം ഒറ്റക്ക് ഒളിച്ച് കഴിയേണ്ടി വന്ന ഏക സഹോദരി. മാതാവിന്റെ കുടുംബ വീട് ലക്ഷ്യമാക്കി പാതിരാവിൽ കിലോമീറ്ററുകളോളം ഓടി, എന്നിട്ടും ഇറാഖി സേനയാൽ പിടിക്കപ്പെട്ടു. ചെക്ക് പോയിന്റിൽ ഉണ്ടായിരുന്ന അകന്ന കുടുംബത്തിലെ ഒരു സൈനികന്റെ സഹായമുള്ളതിനാൽ മാത്രം മാതാവിനടുത്തേക്ക് എത്താൻ വഴി തെളിഞ്ഞു.
ഒരു വശത്ത് അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശം രാജ്യത്ത് ബോംബുകളൂം ഷെല്ലുകളും മിസൈലുകളുമായി പെയ്തിറങ്ങുമ്പോൾ മറുവശത്ത് ഇറാൻ വംശീയതക്ക് മൂർച്ചകൂട്ടി കൊല്ലും കൊലവിളിയും നിത്യ സംഭവമാക്കി ഷിയാ ഗ്രൂപ്പുകളെ സജീവമാക്കി നിർത്തി. അതുകൊണ്ട് തന്നെ പുറത്തിറങ്ങിയാൽ അമേരിക്കയുടെ യുദ്ധ വ്യൂഹത്തെ മാത്രം ഭയന്നാൽ പോരായിരുന്നു. വിവിധ വംശീയ പക്ഷങ്ങളെ അതിലേറെ ഭയക്കണമായിരുന്നു. വർഷങ്ങളുടെ അലച്ചിലിനും ഒറ്റപ്പെടലിനുമൊടുവിൽ സൈഫ് വടക്കൻ ഇറാക്കിലെ എർബിലിലേക്ക് രക്ഷപ്പെട്ടു. തൊഴിലിടത്തിൽ നിന്നും പരിചയമുള്ള സുഹൃത്തിന്റെ കച്ചവടച്ചരക്കുവണ്ടിയിൽ വലിയൊരു തുക വാഗ്ദാനം ചെയ്ത് കയറിപ്പറ്റി. സാധനങ്ങൾക്കിടയിലും സീറ്റിനടിയിലുമൊക്കെ നീണ്ട ആറു മണിക്കൂർ കിടന്ന് യാത്ര ചെയ്താണ് എർബിലിലെത്തിയത്. പുതിയ നഗരത്തിൽ എല്ലാം ഒന്നിൽ നിന്നു തുടങ്ങണമായിരുന്നു. കുടുംബക്കാർ ആരും സഹായിക്കാനുണ്ടായിരുന്നില്ല. പലയിടങ്ങളിലായി രണ്ട് വർഷം ജോലി ചെയ്ത് ജീവിതം പടുത്തുയർത്തി. ഇത് ഒരു സൈഫിന്റെ മാത്രം കഥയല്ല. യുദ്ധ കാലത്ത് എല്ലാ ഇറാഖികൾക്കും ഏറിയും കുറഞ്ഞും സമാനമായതൊ അതിനേക്കാൾ ഭീകരമായതോ അവസ്ഥയായിരിക്കും. ജീവനും കൊണ്ട് ഓടിപ്പോയവർ, അഭയാർഥി ക്യാമ്പുകളിൽ അഭയം തേടിയവർ, ഇടയിൽ വീണുപോയി ജീവൻ പൊലിഞ്ഞവർ, യുദ്ധപ്പുകയിൽ നിത്യരോഗിയായി മാറിയവർ, മനസ്സിന്റെ സമനില എന്നെന്നേക്കുമായി തെറ്റിയവർ, ... ഈ പട്ടിക അവസാനിക്കുന്നില്ല. സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് എല്ലാറ്റിനും സാക്ഷിയായി ഏറെ സഹിച്ച് നാടുവിടാതെ തീതിന്ന് ജീവിച്ച ഒരു സമൂഹം ഇന്നും ഇറാഖിൽ ബാക്കിയുണ്ട്. അതേസമയം സൈഫിനെ പോലുള്ളവർ ഇനി മില്യൺ ഡോളർ കൊടുത്താലും ബാഗ്ദാദിലേക്ക് മടങ്ങുന്ന പ്രശ്നമില്ലെന്ന് ആണയിടുന്നു.
2003 ൽ ആരംഭിച്ച ഇറാഖ് യുദ്ധത്തിന് ഏതാനും മാസങ്ങൾ കൂടി കഴിയുമ്പോൾ 20 വയസ്സാവുകയാണ്. യുദ്ധം അവസാനിച്ചിട്ടും വിമോചനം ലഭിക്കാത്ത ഒരു ജനതയാണ് ഇറാഖിൽ ജീവിക്കുന്നത്. അതേ വർഷം മേയ് മാസത്തോടെ ജോർജ് ഡ്ബ്ലിയൂ ബുഷ് മിഷൻ അക്കൊമ്പ്ലിഷ്ഡ് എന്ന് അവകാശപ്പെട്ടെങ്കിലും ആ ദൗത്യപൂർത്തീകരണം ഇനിയും ഏറെ ശ്രമകരമായിരുന്നുവെന്ന് തിരിച്ചറിയാൻ പ്രസിഡന്റുമാർ മാറിവരേണ്ടി വന്നു. ഒരു രാജ്യത്തെ എന്നെന്നേക്കുമായി നശിപ്പിച്ചു എന്നതിനപ്പുറം അമേരിക്കക്ക് എന്തായിരിന്നു നേടാനായത്?. ഇറാഖികളുടെ സമ്പത്തും സമാധാനവും അടിവേരോടെ കവർന്നെടുത്തുവെന്നതാണ് യുദ്ധം രാാജ്യത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന. രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും കവർന്നെടുത്ത് യുദ്ധാനതരം വംശീയ കലാപത്തിന്റെ വിളനിലമാക്കി മാറ്റാനും അധിനിവേശം നടത്തിയ അമേരിക്കയും സഖ്യ കക്ഷികളും ശ്രദ്ധിച്ചു. സദ്ദാമിന്റെ കാലത്ത് ഇറാഖിൽ സുന്നികൾക്കായിരുന്നു അധികാരം. അന്ന് ഷിയാക്കളും കുർദുകളും അമേരിക്കയെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചു. സദ്ദാമിന്റെ പതനത്തോടെ ഷിയാക്കൾക്ക് രാജ്യത്ത് മേൽകൈ വന്നു. സുന്നികളെ കൊലപ്പെടുത്താനും അവരുടെ ദേശങ്ങളിൽ നിന്ന് അവരെ തുരത്താനും ഷിയാ പക്ഷങ്ങൾ ലക്ഷ്യമിട്ടു. അതിന്റെ പൂർത്തീകരണത്തിനു കൂടിയായിരുന്നു അമേരിക്കൻ- ഇസ്രായേൽ നേതൃത്വത്തിൽ ഐസിസിനെ ഇറക്കുമതി ചെയ്തത്.
ഇറാഖിൽ യുദ്ധം നിർത്തിയെന്ന് മാറിവന്ന യു.എസ് പ്രസിഡന്റുമാർ അവകാശപ്പെടുമ്പോഴും ഇറാഖി ജനതക്ക് അവരുടെ രാജ്യത്തെ പൂർവസ്ഥിതിയിലാക്കി നൽകാൻ ആരും തയ്യാറായില്ല. ഇറാഖി ജനതയുടെ വർത്തമാനം എവിടെയും വിഷയമാകുന്നില്ല. ഒരു രാജ്യത്തിന്റെ ചരിത്രമെന്നത് അവിടെ ജീവിക്കുന്ന ജനതയുടെ ചരിത്രം കൂടിയാണെന്നും അത് കാലം രേഖപ്പെടുത്തുമെന്നും അധിനിവേശ ശകതികൾ മറന്നുപോകുന്നു. സൈന്യത്തെ രാജ്യത്തു നിന്ന് പിൻവലിച്ചു എന്ന് ലോക മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് ഉറക്കെ വിളിച്ച് പറഞ്ഞിട്ടും അധികാരത്തിൽ സ്വാധീനമുറപ്പിച്ച് അള്ളിപ്പിടിച്ചിരിക്കാനുള്ള വഴി തേടുകയായിരുന്നു സഖ്യകക്ഷികൾ. രാജ്യത്തെ എണ്ണക്കമ്പനികൾ വീതം വെച്ചും സൈന്യമുൾപെടെയുള്ള രാജ്യത്തെ ആഭ്യന്തരകാര്യങ്ങളിൽ പരോക്ഷമായ പങ്കാളിത്തം ഉറപ്പിച്ചുകൊണ്ടുമല്ലാതെ അമേരിക്കൻ സൈന്യം രാജ്യം വിടുകയില്ല. ഗ്രീൻസോൺ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിലിരുന്ന് രാജ്യത്തെ
ഇപ്പോഴും നിയന്ത്രിക്കുന്നത് അമേരിക്കയും മറ്റു ബാഹ്യ ശക്തികളുമാണെന്ന് പകൽ പോലെ വ്യക്തമാണ്. വർഷങ്ങളായി രാജ്യത്തെ എണ്ണ വരുമാനം നിയന്ത്രിക്കുന്നത് വിദേശ ശക്തികളാണ്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ അമിത കൈകടത്തലും അമേരിക്കയുൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളുടെ അതിരു കവിഞ്ഞ സ്വാധീനവുമുണ്ടെന്ന് എല്ലാ രാഷ്ടീയ പാർട്ടികൾക്കുമറിയാം. ഇനിയെത്രെ സ്വതന്ത്രമായാലും ബാഹ്യ ശക്തികളുമായുള്ള കെട്ടുപാടുകൾ പൊട്ടിച്ച് പുറത്ത് കടക്കൽ എളുപ്പമല്ല. ഏണ്ണയുടെ തിണ്ണബലമാസ്വദിക്കുന്ന ലോകത്തെ വമ്പൻ ശക്തിയായ ഒരു അറബ് രാജ്യത്തെ ദരിദ്രരാജ്യങ്ങളുടെ കൂട്ടത്തിലേക്ക് തള്ളിയിടാൻ അധിനിവേശത്തിനു സാധിച്ചു. ഒപ്പം ലോകത്തെ ആപത്സാധ്യതയുള്ള രാജ്യമെന്ന പദവി അലങ്കാരമാക്കി നൽകാനും അവർക്ക് സാധ്യമായി. തൽഫലമായി രാഷ്ട്രീയ നേതാക്കന്മാർ വിദേശികൾക്ക് ഗ്രീൻസോൺ ഒരുക്കുന്ന നേർകാഴ്ചകളാണ് ഇറാഖിൽ കാണുന്നത്.
യുദ്ധാനന്തരം ഒരു ജനത ഒന്നടങ്കം പുതിയ പ്രഭാതം കാത്തുവെങ്കിലും അതിന്നുവരെയുമുണ്ടായില്ല. ജനാധിപത്യം പുലരുവോളം പഴയ ഇറാഖ് വെറും സ്വപ്നമായി തന്നെ അവശേഷിക്കുന്നു. ഭരണചക്രം കറക്കുന്നത് ഇറാനാണൊ അമേരിക്കകയാണൊ എന്ന സംശയം പലപ്പോഴും ബലപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന പാർലമെന്റ് തെരെഞ്ഞെടൂപ്പിനു ശേഷം ഇതെഴുതുന്നത് വരെയും പുതിയ ഭരണകൂടത്തെ തീരുമാനിക്കാൻ പാർട്ടികൾക്ക് സാധിച്ചില്ല എന്നത് വലിയ സൂചനകൾ നൽകുന്നു. ബാഹ്യശക്തികളുടെ ബലാബലത്തിൽ രാഷ്ടീയ നേതാക്കൾ വെറും പാദസേവകരാകുന്നുവെന്ന് ഇതൊരിക്കൽ കൂടി തെളിയിക്കുന്നു. അമേരിക്കൻ അധിനിവേശാനന്തരമുള്ള അഞ്ചാമത്തെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഇറാൻ അനുകൂല സംഘടനകൾ ഉൾപ്പെടെ പ്രബല ശക്തികൾ പലരും മുട്ടുകുത്തി വീണു. സദ്ദാമിനു ശേഷമുള്ള ഇറാഖിൽ ചിഹ്നഭിന്നരാഷ്ട്രീയമാണ് പരീക്ഷിക്കപ്പെടുന്നത്. മിഡിൽ ഈസ്റ്റിലെ കലുഷിതഭൂമി എന്നതിനാൽ സാമൂഹ്യവും രാഷ്ട്രീയപരവുമായ ഒട്ടേറെ പ്രത്യേകതകളുള്ള ഇറാഖിലെ തെരെഞ്ഞെടുപ്പുകൾ രാഷ്ട്രീയ ലോകം എന്നും ഉറ്റുനോക്കുന്ന ഒന്നായിമാറി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും കോവിഡ്-19 രാജ്യത്തിനുമേൽ ഏൽപ്പിച്ച വമ്പിച്ച ആഘാതത്തിനും നടുവിൽ ഒട്ടേറെ വെല്ലുവിളികളിലൂടെയാണ് ഇന്നും രാജ്യം കടന്നു പോയികൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ ഭാവിയിൽ കടുത്ത ആശങ്കയും അതിലേറെ വെല്ലുവിളികളും നിറഞ്ഞ ഒരു ഘട്ടത്തിൽ പോലും ഭരണചക്രം തിരിക്കാൻ കൂട്ടുകക്ഷി സഭകൾക്ക് വരെ ആകുന്നില്ലെന്നത് വിചിത്രമാണ്.
പുലരാത്ത ജനാധിപത്യം
ജനാധിപത്യത്തിന്റെ ഓരോ തൂണുകളും കടപുഴക്കിയെറിയാൻ അധിനിവേശ ശക്തികൾ നന്നായി പണിയെടുത്തിട്ടുണ്ടാകണം. ഇറാഖിന്റെ ഭാവി നിർണ്ണയത്തിലെ പ്രധാന ഘടകം ജനാധിപത്യം തിരിച്ചു കൊണ്ടുവരികയായിരിക്കും. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും ശക്തമായ നിയമനിർമാണസഭയുള്ള ഇറാഖിൽ യുദ്ധാനതരം രാഷ്ടീയ പദവികൾക്കപ്പുറം ജനാധിപത്യം വെറും ചോദ്യ ചിഹ്നമാണ്. തെരെഞ്ഞെടുപ്പിലൂടെ രാജ്യത്ത് ജനാധിപത്യം പുലരുമെന്നും അതിലൂടെ ഒരു മാറ്റമുണ്ടാകുമെന്നും ഇറാഖി ജനത കരുതുന്നില്ല. നാമമാത്രയായ ജനാധിപത്യത്തിൽ ഇറാഖികൾക്ക് ഒട്ടും താൽപര്യവുമില്ലാത്തതിനാലും രാഷ്ടീയം കൈകാര്യം ചെയ്യുന്നവരിൽ വിശ്വാസം നഷ്ടപ്പെട്ടതിനാലും ഇറാഖി ജനത നിരന്തരം പ്രക്ഷോഭങ്ങൾ നടത്തി. ജനാധിപത്യം പൂർണ്ണമായ അർഥത്തിൽ നടപ്പാക്കാൻ പുതുതായി അധികാരമേൽക്കുന്ന ഭരണകൂടങ്ങൾക്ക് എന്ത് സംഭാവനയാണ് മുന്നോട്ട് വെക്കാനാവുകയെന്ന് ജനങ്ങൾ ചോദിച്ചു. സോഷ്യൽ മീഡിയ ഭരണകൂടത്തെ നിരന്തരം വിചാരണ ചെയ്തുകൊണ്ടിരുന്നു. ഇത്രയും കാലം ഭരിച്ച പാവ ഭരണകൂടങ്ങൾ ജനങ്ങൾക്ക് വേണ്ടിയല്ല ഭരിച്ചിരുന്നത് എന്ന് കണക്കുകൾ നിരത്തി അവർ തുറന്ന് പറയുകയും പ്രശ്നങ്ങൾ പരിഹരിക്കാതെ സുഖമമായി ഭരിക്കാൻ അനുവദിക്കില്ലെന്ന് പ്രക്ഷോപങ്ങളിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സമ്പത്ത് പാർട്ടികൾക്കും അവരുടെ സിൽബന്ധികൾക്കുമിടയിൽ വിഹിതം വെക്കാനുള്ളവരെ തെരെഞ്ഞെടുക്കുന്ന ജോലിയാണ് പാർലമെന്റ് തെരെഞ്ഞെടുപ്പുകൾ ചെയ്യുന്നതെന്ന വിമർശനവും ജനങ്ങൾ ഉയർത്തുന്നു.
അഴിമതി, സ്വജനപക്ഷപാതം, വിഭാഗീയത
വലിയ യുദ്ധത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞിട്ടും അഴിമതിയുടെ കരാളഹസ്തങ്ങൾ പെരുകുകയാണ്. രാജ്യത്തുടനീളം അഴിമതിയും സ്വജനപക്ഷപാതവും നിർബാധം കൊടികുത്തിവാഴുന്നു. അഴിമതി നിർമാർജനം ചെയ്യുക, വിഭാഗീയത ഇല്ലാതാക്കുകയും, സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് നാളിത് വരെയുള്ള ഭരണകൂടങ്ങളൂടെ മുന്നിലുണ്ടായിരുന്നു പ്രധാന വെല്ലുവിളി. വിഭാഗീയതയേയും അഴിമതിയേയും തുരത്തുന്ന പുതിയ സഖ്യങ്ങളും സമവാക്യങ്ങളുമുണ്ടാക്കാൻ അധികാരം ചലിപ്പിക്കുന്ന പ്രമാണിവർഗത്തിനു ഇതു വരെയും സാധിച്ചില്ല. അമേരിക്കയുൾപ്പെടെയുള്ളവർ ഒരു മാറ്റത്തിനും ശ്രമിച്ചില്ല. പോളിംഗ് ശതമാനത്തിലെ റെക്കൊർഡ് താഴ്ച്ച തെരെഞ്ഞെടുപ്പിലും നേതാക്കന്മാരിലും വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് വീണ്ടും അടിവരയിടുന്നത്. ഇറാഖിന്റെ വളർച്ചക്ക് തടസ്സമാകുന്നതും രാജ്യത്തെ നശിപ്പിക്കുന്നതും അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച പാർട്ടികളുടെയും നേതാക്കന്മാരുടെയും താൽപര്യങ്ങളാണ്. പ്രമാണിവർഗങ്ങളെ പോലും നിയന്ത്രിക്കുന്നത് അവരുടെ വിഭാഗീയ വേരുകളാണ് എന്നതിൽ അതിശയോക്തിയില്ലാതായിരിക്കുന്നു.
ഇടിഞ്ഞ നാണയ മൂല്യം
1959 ൽ ഇറാഖ് ഒരു പരമാധികാര രാജ്യമായി സ്വതന്ത്രമാകുമ്പോൾ അവരുടെ നാണയം ലോകത്തെ ഏറ്റവും മൂല്യമുള്ള നാണയങ്ങളിൽ ഒന്നായിരുന്നു. ഒരു ഇറാഖി ദിനാറിന് 2.80 അമേരിക്കൻ ഡോളറിന്റെ മൂല്യമുണ്ടായിരുന്നു. 1967 വരെയെങ്കിലും ഈ നില തുടരുകയും ചെയ്തു. പിന്നീട് 3.40 ആയി അതു ഉയരുകയും ചെയ്തു 1971 ൽ ലോക നാണയ വിപണിയിലുണ്ടായ വമ്പിച്ച ഇടിവിൽ പോലും ഇറാഖി ദിനാർ പിടിച്ച് നിന്നിരുന്നു. എന്നാൽ, 80 കളിലെ ഇറാൻ ഇറാഖ് യുദ്ധത്തോടെയാണ് കാര്യങ്ങൾ മാറി മറിയുന്നത്. ഏതാണ്ട് 50 ശതമാനത്തോളം മൂല്യമിടിയാൻ ഇത് കാരണമായി. പിന്നീട് നടന്ന ഗൾഫ് യുദ്ധത്തിലും 2003 ൽ ആരംഭിച്ച അധിനിവേശത്തോടെയും ഇറാഖി നാണയമൂല്യം ചരിത്രത്തിൽ അതുവരെയില്ലാത്ത രീതിയിലേക്ക് കൂപ്പുകുത്തി. ഒരു യു.എസ് ഡോളറിന് 3000 ദിനാർ എന്ന നിലയിലേക്ക് എടുത്തെറിയപ്പെട്ടു. യുദ്ധങ്ങൾ ഒരു രാജ്യത്തെ എത്ര തലകീഴായി മറിച്ചിടുന്നു എന്നറിയാൻ ഇൗ ഒറ്റ കണക്ക് മാത്രം മതിയാകും. പിന്നീട് അത് 1250 എന്ന നിലയിലേക്ക് കൊണ്ടുവരാൻ സാധിച്ചെങ്കിലും ഇപ്പോഴും തകർച്ച നേരിടുകയാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇറാഖികൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇറാഖി ദീനാറിന്റെ റെക്കോർഡ് മൂല്യതകർച്ച. ഭൂരിഭാഗവും ഡോളർ വിനിമയ മാർക്കറ്റായ ഇറാഖിൽ തങ്ങളുടെ നാണയത്തിനു പറ്റിയ ഇടിവ് സാധാരണക്കാരെയെല്ലാം സാരമായി ബാധിച്ചു. കഴിഞ്ഞ് രണ്ട് വർഷത്തിനിടയിൽ ഒരു ഡോളറിനു ഇറാഖി ദിനാർ 1200 ൽ നിന്നും 1500 ൽ എത്തിയപ്പോൾ പിടിച്ച് നിൽക്കാനാകുന്നില്ലെന്ന് കച്ചവടക്കാർ പോലും പരിതപിച്ചു. ഇറാഖിൽ ജീവിക്കുന്ന ഓരോരുത്തർക്കും ജീവിതച്ചെലവിൽ 30 ശതമാനം മുതൽ 40 ശതമാനം വരെ അധികബാധ്യതയാണ് ഇത് വരുത്തി വെച്ചത്. രാജ്യത്തിന്റെ പൊതുകടമെന്ന പേരിൽ ഐ.എം.എഫ് നിർദേശങ്ങളെ സാധാരണക്കാരനുമേൽ അടിച്ചേൽപ്പിക്കുന്നതായിരുന്നു ഈ നടപടികൾ. അധികാരത്തിലേറിയ ഭരണകൂടങ്ങളെ ജനങ്ങൾ വെറുക്കാൻ ഇടയായ കാരണങ്ങളിലൊന്നാണിതെങ്കിലും അടിസ്ഥാനപരമായി യുദ്ധവും അധിനിവേശവുമൊക്കെയാണ് ഈ നിലയിലേക്ക് രാജ്യത്തെ തള്ളിവിട്ടത്.
യു.എസ് സേനയുടെ പിൻമാറ്റം
അഫ്ഘാനിസ്ഥാനിലേത് പോലെ ഇറാഖിൽ നിന്ന് യു.എസ് സേന പിൻമാറുമോ? അങ്ങനെ സംഭവിച്ചാൽ വീണ്ടും ഇരുട്ടിലേക്ക് രാജ്യം നീങ്ങുമെന്ന ഭയം ഇറാഖികൾക്കുണ്ടെന്ന് പടിഞ്ഞാറൻ മാധ്യമങ്ങൾ ഇപ്പോഴും പ്രചരിപ്പിക്കുന്നു. അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങൾ പിൻമാറ്റ സൂചന ഇടക്കിടക്ക് നൽകുന്നുമുണ്ട്. എന്നാൽ, സ്വന്തമായ അസ്ഥിത്വത്തിൽ ജീവിക്കണമെന്നാണു ഇറാഖിലെ ഭൂരിപക്ഷം ജനതയുടേയും താൽപര്യം. അഫ്ഘാനിസ്ഥാനിൽ പരിഹാരത്തിനു പകരം കൂടുതൽ പ്രശ്നങ്ങളിലേക്ക് രാജ്യത്തെ വിട്ടുകൊടുത്താണ് അമേരിക്ക പോയതെന്നതിനു ലോകം സാക്ഷിയാണ്. അതുകൊണ്ട് മാത്രമാണ് ഇറാഖിന്റെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണ്ടതുണ്ടെന്ന് രാഷ്ട്രീയ വൃത്തങ്ങൾ നിരീക്ഷിക്കുന്നത്. എന്നാൽ, തന്ത്രപധാനവും രാഷ്ട്രീയ പരവുമായ കാരണങ്ങൾ എന്ന് അമേരിക്ക പറയുമ്പോഴും അഫ്ഘാനിൽ അമേരിക്കക്ക് പിൻമാറ്റം അനിവാര്യമായിരുന്നു എന്നതാണ് വസ്തുത.
ഇറാഖിന്റെ സ്ഥിതി അതല്ല; രണ്ട് ആഗോള ശക്തികൾ തമ്മിലുള്ള പോരാട്ടത്തിന് പഴക്കമുണ്ട്. അതിൽ അമേരിക്കക്ക് പിടിച്ചു നിൽക്കാതെ വഴിയില്ല. ഏഷ്യയിലും മിഡിലീസ്റ്റിലും ചൈനയുടെ വരവിനു അത് ആക്കംകൂട്ടുമെന്നും അമേരിക്കക്ക് നന്നായി അറിയാം. എണ്ണകമ്പനികളുടെ വരുമാനവും നിയന്ത്രണവും വേണ്ടെന്നുവെച്ച് മടങ്ങുന്നതിനും സാധ്യതയില്ല. വടക്കൻ ഇറാഖിലെ കുർദിസ്ഥാന്റെ തലസ്ഥാനമായ എർബിലിൽ മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ സൈനികതാവളം ഈ വർഷം തുറക്കാനിരിക്കെ പെട്ടെന്നൊരു പിന്മാറ്റത്തിന് എന്തായാലും അമേരിക്ക മുതിരാൻ സാധ്യതയില്ല. വർഷങ്ങൾക്ക് മുമ്പ് ചുട്ടെരിക്കുന്ന അഗ്നിസ്ഫുലിംഗങ്ങളായിരുന്ന ഒരു ജനതയെ ഒന്നാകെ കാർന്നുതിന്ന് ഹുങ്കാരത്തിന്റെ പര്യായമായി പോരാടിയ പട്ടാളത്തിന്റെ ബാക്കി ഇറാഖിലുണ്ട്. അതെ ഇന്നും 2500 ഓളം സജീവമായ സൈനിക വ്യൂഹമാണ് അമേരിക്കയുടേത് മാത്രമായി ഇറാഖിലുള്ളത്. അമേരിക്കൻ കാഴ്ച്ചപ്പാടനുസരിച്ച് ഒരു നാട്ടിൽ യുദ്ധം തുടങ്ങിയാൽ ഉടനെയൊന്നും ആ നാട്ടിൽ നിന്നും സൈന്യത്തെ നീക്കുകയില്ല, മറിച്ച് അതൊരു തുടർക്കഥ പൊലെ എന്നാൽ, യാഥാർഥ്യമായി അവശേഷിക്കുകയാണ് പതിവ്.
അമേരിക്കൻ അധിനിവേശം മൂലം ഇറാഖിനുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വർഷം തോറും വർധിക്കുകയാണ്. ഇറാഖ് മന്ത്രാലയത്തിന്റെയും ബ്രിട്ടീഷ് മെഡിക്കൽ ജേർണലുകളായ ലാൻസെറ്റിന്റെയും ന്യൂ ഇംഗ്ലണ്ട് ജേർണൽ ഒഫ് മെഡിസിന്റെയും കണക്കുകൾ പ്രകാരം ഏഴ് ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ, കൊളമ്പിയൻ യുണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് പബ്ളിക് ഹെൽത്ത് നടത്തിയ പഠനത്തിൽ പറയുന്നത് ഏറ്റവും ചുരുങ്ങിയത് പത്ത് ലക്ഷം സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ്. അതിന്റെ ഇരട്ടിയെങ്കിലും ഉണ്ടാകുമെന്നാണ് അനൗദ്യോഗികമായ കണക്കുകൾ. യുദ്ധാനന്തരം 50 ലക്ഷം പേരെങ്കിലും അഭയാർഥികളായി പോവുകയോ രാജ്യത്തിനകത്തുള്ള വിവിധ ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയൊ ചെയ്തിട്ടുണ്ടെന്നാണ് 2011 വരെയുള്ള വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. നേരിട്ട് ബാധിച്ച കുഞ്ഞുങ്ങളുടേയും കാൻസർ ബാധിച്ചവരുടേയും യുദ്ധം മൂലം മറ്റു രോഗങ്ങൾ ബാധിച്ചവരുടേയും ലക്ഷക്കണക്കിനാളുകളുടെ കണക്കുകളും വിവിധ ഏജൻസികൾ നിരത്തുന്നുണ്ട്.. ലക്ഷക്കണക്കിനു പേർ വിധവകളായി. ഔദ്യോഗിക കണക്ക് പ്രകാരം 4500 അമേരിക്കൻ സൈനികരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. സ്വന്തം വീട്ടിൽ നിന്നും ഓടിപ്പോകേണ്ടി വന്നവരും നിത്യ രോഗികളായി മാറിയവരും മാനസിക നില തെറ്റിയവരുമെല്ലാം ലക്ഷത്തിനു മുകളിലാണ്.
ഐസിസ്: യുദ്ധം സൃഷ്ടിച്ച ജാരസന്തതി
ഇറാഖ് യുദ്ധാനന്തരം ബഗ്ദാദും ഡമാസ്കസും ചരിത്രത്തോടെ പിഴുതെറിയുക, സാംസ്കാരികമായി ആ രാജ്യങ്ങളെ നശിപ്പിക്കുക എന്ന ലഷ്യത്തോടെ സൃഷ്ടിച്ച ജാരസന്തതിയായിരുന്നു എെസിസ് (ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആന്റ് സിറിയ) ഇറാഖി ജനതയേയും അന്താരാഷ്ട്ര സമൂഹത്തെ ഒന്നാകെയും മുൾമുനയിൽ നിർത്തിയ ഐസിസ് സുന്നികളൂടെ സംരക്ഷക റോളിലാണ് ആദ്യം അവതരിച്ചത്. എന്നാൽ, പിന്നീട് പ്രദേശവാസികൾക്ക് കിരാതമായ ആക്രമണങ്ങളാണ് ഐസിസ് അഴിച്ചുവിട്ടത്. ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണവും വാണിജ്യ വ്യവസായ കേന്ദ്രവുമായിരുന്ന മൊസൂളിൽ ഐസിസിന്റെ ക്രൂരതയാൽ ആയിരക്കണക്കിനു ആളുകൾ കൊലചെയ്യപ്പെട്ടു. പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി. സ്ത്രീകളും കുട്ടികളുമെല്ലാം മർദിക്കപ്പെട്ടു. ചിലരുടെ വാസ സ്ഥലങ്ങൾക്ക് തീവെച്ചു, അവരുടെ ആഭരണങ്ങൾ കൊള്ളയടിച്ചു. കുറെയാളുകളെ കൂട്ടത്തൊടെ ആട്ടിയോടിച്ചു. ലക്ഷക്കണക്കിനു ആളുകൾ ജീവനും കൊണ്ടോടി. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നത് പോലെ പെൺകുട്ടികളെ വിൽക്കുകയും അവർക്ക് വില പറയുകയും ചെയതു. സ്വന്തമായി മതകീയ നിയമങ്ങളുണ്ടാക്കുകയും അത് പഠിപ്പിക്കാനുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്തു. തങ്ങളുടെ താൽപര്യങ്ങൾ നടപ്പാക്കാൻ യുവാക്കൾക്ക് മദ്യവും മദിരാക്ഷിയുമൊരുക്കി. പറഞ്ഞാൽ തീരാത്ത ഒട്ടേറെ ഹീനതകൾ വേറെയും. ഘോരമായ യുദ്ധത്തിനൊടുവിൽ ഐസിസിൽ നിന്നു ഇറാഖിനെ മോചിപ്പിച്ചുവെന്ന് 2017 ൽ അന്നത്തെ ഇറാഖി പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യപിച്ചു. ഐസിസിന്റെ വരവോടെ ഏതാനും വർഷത്തെ ആയുധ വിപണിക്ക് അരങ്ങൊരുക്കാനും ഐസിസിനെ ഇറക്കുമതി ചെയ്തവർക്ക് സാധ്യമായി. 2014 ൽ ഇറാഖിലെത്തിയ ഐസിസ് വർഷങ്ങൾക്ക് ശേഷം പിന്മാറുമ്പോൾ സുന്നികൾക്ക് ഭൂരിപക്ഷമുണ്ടായിരുന്ന നഗരങ്ങൾ തകർത്ത് തരിപ്പണമാക്കി. അവിടെയുള്ള ജനങ്ങളെ മുഴുവൻ ഓടിച്ചു. ക്രമേണ സുന്നികൾ ന്യൂനപക്ഷമായിമാറി. അധിനിവേശാനന്തരം വംശീയ കലാപം ഇറാഖിൽ നിത്യസംഭവമായി മാറി. രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും സുരക്ഷിതമായി യാത്ര ചെയ്യാവുന്ന അവസ്ഥ ഇനിയും പുലർന്നിട്ടില്ല.
കാലങ്ങളായി നിരന്തരമായ യുദ്ധങ്ങളുടെ ഇരയായതിനാൽ സുസ്ഥിരവും സുരക്ഷിതവുമായ ഇറാഖിനു ഇനിയും കാലങ്ങൾ കാത്തിരിക്കേണ്ടി വരും. തങ്ങളുടെ രാഷ്ട്രീയ ലാഭം പരിഗണിച്ച് ഇറാഖിനെ മൂന്നായി മുറിച്ചുകൊണ്ടുള്ള പരിഹാരമായിരുന്നു യുദ്ധാനതരം പടിഞ്ഞാറ് നിർദേശിച്ചത്. നിലവിലുള്ള ഷിയാ സുന്നി കുർദ് വിഭാഗീയതകളെ കൃത്യമായി അഡ്രസ് ചെയ്യുന്ന ഒന്നായിരുന്നില്ലെന്ന് മാത്രമല്ല, ഒരു കാലത്ത് ലോകത്ത് വിളങ്ങി നിന്ന നാഗരികതയെ തകർക്കാനുള്ള ഗൂഡ പദ്ധതിയായിരുന്നു അത്. നാഗരികതയുടെ കളിതൊട്ടിലായും അറബ് സംസ്കാരികതയുടെ ഈറ്റില്ലമായുമൊക്കെ അറിയപ്പെട്ട ഇറാഖും ബഗ്ദാദും അതേപടി ഇനിയൊരിക്കലും തിരിച്ച് വരാൻ പാടില്ലെന്ന നിർബന്ധ ബുദ്ധിയിൽ നിന്നുണ്ടായ നിർദേശമായിരുന്നു അത്. യുദ്ധം അവസാനിച്ച് വർഷങ്ങൾ ആയിട്ടും ഇറാഖിൽ നിന്ന് പലായനം ചെയ്ത ലക്ഷക്കണക്കിന് ഇറാഖികളെ സുരക്ഷിതമായി തങ്ങളുടെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാൻ മാറി വന്ന ഭരണകൂടങ്ങൾക്ക് സാധിച്ചില്ല. യുദ്ധവേളയിൽ കവർന്നെടുത്ത ഇറാഖിന്റെ പൈതൃക സ്വത്തുക്കൾ അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിലെ മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് തെളിവ് സഹിതം പലരും ചൂണ്ടി കാണിച്ചിട്ടും അതൊന്നും തിരിച്ച് വന്നില്ല. അത് തിരിച്ച് കൊടുക്കുന്നതിനെ കുറിച്ച് ഒരു അധിനിവേശ ശക്തിയും ഇന്ന് വരെയും ഒന്നും പറയുന്നുമില്ല. ഇറാഖിന്റെ പാരമ്പര്യത്തെ ഇല്ലാതാക്കുകയും എണ്ണബലത്തോടൊപ്പം നിന്ന് താൽപര്യങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതിൽ അധിനിവേശ ശക്തികൾ വിജയിച്ചവെങ്കിലും ഇറാഖികളുടേതായി കരുത്തുറ്റ ഭരണ നേതൃത്വം വരുന്നത് വരെ ആയിരിക്കും അതിന്റെ ആയുസ്സ് എന്ന് മാത്രം.