ഹലാല്‍കേക്ക് ബഹിഷ്‌കരണവും മറനീക്കുന്ന രഹസ്യബന്ധങ്ങളും

2024 ഡിസംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍

Update: 2025-01-26 07:47 GMT
Advertising

സംബര്‍ 1 - മറനീക്കുന്ന രഹസ്യബന്ധങ്ങള്‍

ഡിസംബര്‍ ഒന്നാം തിയ്യതി ദീപിക ദിനപത്രം 'മറനീക്കുന്ന രഹസ്യബന്ധങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. (മറനീക്കുന്ന രഹസ്യബന്ധങ്ങള്‍, ഡിസംബര്‍ 1, 2024, ദീപിക ദിനപത്രം). സി.പി.എമ്മും കോണ്‍ഗ്രസ്സും ന്യൂനപക്ഷ സംഘടനകളുമായി രഹസ്യബന്ധത്തിലാണെന്നാണ് ഈ കുറിപ്പില്‍ ആരോപിക്കുന്നത്: വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകള്‍ ജയിച്ചവരും തോറ്റവരും ഒന്നുപോലെ നടത്തുന്ന വിലയിരുത്തലുണ്ട്. വര്‍ഗീയതയുടെ വിജയമാണ് തെരഞ്ഞെടുപ്പിലുണ്ടായത്. സി.പി.എമ്മിനും കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒറ്റ അഭിപ്രായമാണ്. ആര്‍.എസ്.എസും കോണ്‍ഗ്രസുമായി രഹസ്യധാരണയുണ്ടെന്ന് സി.പി.എമ്മും, സി.പി.എമ്മും ആര്‍എസ്എസുമായി രഹസ്യധാരണയുണ്ടെന്നു കോണ്‍ഗ്രസും ആരോപിച്ചു. മുസ്‍ലിം പാര്‍ട്ടികളുടെ തോളിലിരുന്നാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്ന് സി.പി.എമ്മും, എക്കാലവും ജമാഅത്തെ ഇസ്‍ലാമിക്കാരുടെ തോളില്‍ കൈയിട്ടു നടക്കുന്നവരാണ് സി.പി.എം എന്ന് കോണ്‍ഗ്രസും ആരോപിച്ചു. സി.പി.എം ഇപ്പോള്‍ മൃദു ഹിന്ദുത്വ കാര്‍ഡാണ് ഉപയോഗിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പാലക്കാട്ട് ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്കു വല്ലാത്ത സങ്കടമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പരിഹസിക്കുന്നു. കോണ്‍ഗ്രസും സി.പി.എമ്മും മുസ്‍ലിം വര്‍ഗീയ കാര്‍ഡ് കളിക്കുന്നതായാണ് ബി.ജെ.പിയുടെ ആരോപണം. ഹിന്ദുവികാരം വോട്ടാക്കുന്നവരാണ് സംഘപരിവാര്‍ കുടുംബാംഗമായ ബി.ജെ.പി. മുസ്‍ലിം ലീഗ് മതേതര കക്ഷി യാണെന്ന് അവകാശപ്പെടുന്നതുപോലെ അവരും മതേതരത്വം അവകാശപ്പെടുന്നു. കേരളത്തിലെ മുസ്‍ലിം ലീഗ് മതേതര കക്ഷിയാക്കപ്പെട്ടതുപോലെ ഒരുദിവസം അവരെയും മതേതര കക്ഷിയായി മുഖ്യധാരാ പാര്‍ട്ടികള്‍ അംഗീകരിക്കില്ലെന്ന് ആരു കണ്ടു.

മുസ്‍ലിം സംഘടനകളെ വര്‍ഗീയ ലേബലിട്ട് വിമര്‍ശിക്കുന്നതും എതിരാളികളെ ഇത്തരം സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരില്‍ ആക്ഷേപിക്കുന്നതും കേരള രാഷ്ട്രീയത്തിലെ മുഖ്യപ്രചാരണങ്ങളിലൊന്നാണ്. 2024ലെ ഉപതിരഞ്ഞെടുപ്പില്‍ ഇത് സജീവ ചര്‍ച്ചാവിഷയമായിരുന്നു. ഇവിടെ മറ്റുള്ളവര്‍ക്കുമുകളില്‍ വര്‍ഗീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുമേലാണ് വര്‍ഗീയ ആരോപിച്ചത്. അതായത് ഇസ്‍ലാമോഫോബിയയുടെ പ്രചാരകര്‍ ഇസ്‍ലാമോഫോബിയയുടെ ഇരകളുമായി തീരുന്നതിന്റെ തെളിവാണിത്.

ഡിസംബര്‍ 3- മറ്റു പാര്‍ട്ടികളിലെ നേതൃത്വത്തെ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‍ലാമി

നാട്ടിലെ വിവിധ പാര്‍ട്ടികളിലെ നേതൃത്വത്തെ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‍ലാമിയാണെന്നാണ് മുന്‍ മാധ്യമപ്രവര്‍ത്തകനും സി.പി.എം നേതാവുമായ നികേഷ് കുമാര്‍ പറയുന്നത്. ഫാഷിസ്റ്റ് പാര്‍ട്ടിയായ ആര്‍.എസ്.എസ്സിനെ അദ്ദേഹം ജമാഅത്തുമായി സമീകരിക്കുകയുംചെയ്തു: അച്ഛന്‍ കഴിഞ്ഞാല്‍ മകന്‍.അല്ലെങ്കില്‍ അമ്മ കഴിഞ്ഞാല്‍ മകള്‍, അതുമല്ലെങ്കില്‍ മതം; ഇതൊന്നും, പരിഗണനയാകാത്ത ഇന്ത്യയിലെ ഏക പാര്‍ട്ടി സി.പി.എമ്മാണ്. ആര്‍എസ്എസും ജമാഅത്തെ ഇസ്‍ലാമിയുമാണ് മറ്റ് പാര്‍ട്ടികളിലെ നേതൃത്വത്തെ തീരുമാനിക്കുന്നത്. അടുത്ത തലമുറയുടെ ഭാവി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം സി.പി.എമ്മിന്റേതാണ്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍, മഞ്ഞപ്പത്രക്കാരും നീലപ്പത്രക്കാരും ചേര്‍ന്ന, ജമാഅത്തെ ഇസ്‍ലാമിയും ആര്‍എസ്എസും ചേര്‍ന്ന മഴവില്‍ മഹാസഖ്യത്തെ ഇല്ലാതാക്കാന്‍ സി.പി.എമ്മിനേ സാധിക്കൂ(ദി ക്യൂ, ഡിസംബര്‍ 3, 2024). മുസ്‌ലിം അദൃശ്യകരം എന്ന വാർപ്പു മാതൃകയാണ് നികേഷ് കുമാറും ഉപയോഗിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ അഭിവാജ്യ ഘടകമായി ഇസ്‌ലാമോഫോബിക് പ്രചാരവേല മാറുന്നതിൻ്റെ ഭാഗമാണിത്.

ഡിസംബര്‍ 4- ബംഗ്ലാദേശിലെ സംഘര്‍ഷവും ഇന്ത്യന്‍ മുസ്‍ലിംകളും

ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കേരളത്തില്‍ വ്യാപകമായ ഇസ്ലാമോഫോബിക് പ്രചാരണത്തിനാണ് തുടക്കം കുറിച്ചത്. ഹിന്ദുക്കള്‍ മതപരമായ കാരണങ്ങളാല്‍ കൊല്ലപ്പെടുന്നുവെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടത്. സര്‍ക്കാര്‍ വിരുദ്ധ സംഘര്‍ഷങ്ങളില്‍ ഏതാനും ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിനേക്കാള്‍ കൂടുതല്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടുവെന്നും മതപരമായ കാരണങ്ങളാലല്ല അതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതേ വാദവുമായി ബംഗ്ലാദേശിലെ ഹിന്ദു സംഘടനകളും രംഗത്തുവന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ മറിച്ചാണ് വാദിച്ചത്. ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചുകൊണ്ട് ഇടതുപക്ഷവും രംഗത്തുവന്നു. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെ ഹിന്ദുസമൂഹത്തിന് ഭീഷണിയാണെന്നാണ് സംഘപരിവാര്‍ സംഘങ്ങള്‍ പറയാന്‍ ശ്രമിച്ചത്.

വര്‍ഗീയത പടരുന്നത് തടയണം- കാന്തപുരം

ബംഗ്ലാദേശിലെ 'ന്യൂനപക്ഷവേട്ട'യില്‍ പ്രതിഷേധിച്ചുകൊണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്തുവന്നതാണ് ഇതില്‍ അവസാനത്തേത്. അയല്‍ രാജ്യമായ ബംഗ്ലാദേശ് സംഘര്‍ഷഭരിതമാകുന്നത് ആശങ്കാജനകമാണെന്നും അവിടുത്തെ ന്യൂനപക്ഷങ്ങള്‍ എല്ലാ അര്‍ഥത്തിലും സുരക്ഷിതരായിരിക്കാനുള്ള നടപടികള്‍ ആ രാജ്യം കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാബോധത്തിലേക്ക് എടുത്തെറിയപ്പെടുന്നത് ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്താനും നേപ്പാളുമെല്ലാമടങ്ങുന്ന മേഖലയിലാകെ പ്രത്യാഘാതം സൃഷ്ടിക്കാന്‍ പോന്ന ദുരവസ്ഥയാണ്. സാധാരണ മനുഷ്യരെ വൈകാരികമായി ഇളക്കിവിടരുത്. സമാധാനവും സൗഹാര്‍ദവും കാത്തുസൂക്ഷിക്കാനും വര്‍ഗീയത പടരുന്നത് തടയാനും ഇടക്കാല സര്‍ക്കാര്‍ തയാറാകണം.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ത്യന്‍ മുസ്‍ലിംകള്‍ ഒരു നിലയ്ക്കും അതില്‍ ഉത്തരവാദികളല്ല. വസ്തുത അതായിരിക്കെയാണ് മുസ്‍ലികള്‍ തന്നെ അപലപിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നത്. മുസ്‍ലിംകളുടെ ഈ അധികബാധ്യതയും ഇസ്‍ലാമോഫോബിയയുടെ പ്രത്യേകതയാണ്. (ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടണം: കാന്തപുരം, ഡിസംബര്‍ 4, 2024, മാതൃഭൂമി)

മതതീവ്രവാദികള്‍ പിടിമുറുക്കുന്നു പ്രഫ. ഹമീദ് ചേന്ദമംഗലൂര്‍

മുസ്‍ലിംകള്‍ക്ക് ബംഗ്ലാദേശ് കലാപത്തില്‍ ബാധ്യതയുണ്ടെന്ന് വാദിക്കുന്നയാളാണ് ഹമീദ് ചേന്ദമംഗലൂര്‍. മതത്തിന് ഒരു ജനതയെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് 25 വര്‍ഷത്തിനിടയില്‍ പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് വേറിട്ടതെന്നും മതേതരത്വം തകരുന്നിടത്ത് മതതീവ്രവാദം ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശില്‍ മതേതരവാദിയായ മുജീബ് റഹ്‌മാന്റെ ഭരണത്തിന് ശേഷം മതതീവ്രവാദികള്‍ പിടിമുറുക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 

ഇറാനില്‍ ഷിയാകളും സുന്നികളും പോരടിക്കുന്നു. തുര്‍ക്കിയില്‍ എര്‍ദോഗനും അഫ്ഗാനിസ്ഥാനില്‍ താലിബാനും ലിബറല്‍ മുസ്‍ലിംളെ കൊന്നൊടുക്കുന്നു. മുസ്‍ലിംമായ സല്‍മാന്‍ റുഷ്ദിയെ കൊല്ലാന്‍ കോടികള്‍ പ്രഖ്യാപിച്ചത് മുസ്‍ലിമായ ആയത്തുള്ള ഖൊമേനിയാണ്. കേരളത്തില്‍ ചേകന്നൂര്‍ മൗലവിയെ കൊന്നത് മതതീവ്രവാദികളാണ്. മുസ്‍ലിം ബ്രദര്‍ഹുഡിന്റെയും ജമാഅത്തെ ഇസ്‍ലാമിയുടെയും ആശയത്തെ പിന്‍പറ്റിയാണ് അല്‍ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും ഉണ്ടായത്. ഹിന്ദുക്കളില്‍ സങ്കുചിത ചിന്താഗതിക്കാര്‍ ന്യൂനപക്ഷമാണെങ്കില്‍ മുസ്‍ലിം സമൂഹത്തില്‍ അത് ഭൂരിപക്ഷമാണ്- അദ്ദേഹം പറഞ്ഞു. (ബംഗ്ലാദേശ് പ്രശ്നത്തിന് പിന്നില്‍ പൊളിറ്റിക്കല്‍ ഇസ്‍ലാമിന്റെ വക്താക്കള്‍: ഹമീദ് ചേന്ദമംഗലൂര്‍, ജന്മഭൂമി, ഡിസംബര്‍ 12, 2024)

ഡിസംബര്‍ 8- കൈവെട്ടും മാധ്യമം പത്രവും

കേരളം മുസ്‍ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‍ലാം എന്ന പുസ്തകം പുറത്തിറങ്ങിയ ശേഷം ദേശാഭിമാനി ആഴ്ചപ്പതിപ്പ് ഒരു പ്രത്യേക പതിപ്പ് (ദേശാഭിമാനി വാരിക, ഡിസംബര്‍ 8, 2024, ലക്കം 31, പുസ്തകം 55, പേജ് 23, 24) പുറത്തിറക്കി, രാഷ്ട്രീയ ഇസ്‍ലാമിന്റെ കേരള സ്വപ്‌നങ്ങളെന്ന പേരില്‍. രാഷ്ട്രീയ ഇസ്‍ലാമിനെക്കുറിച്ചുള്ള ലേഖനങ്ങളും പി ജയരാജനുമായുള്ള അഭിമുഖവുമാണ് ഇതിലെ പ്രധാന ഭാഗം.

 പതിപ്പില്‍ പത്രാധിപര്‍ കെ.പി മോഹനന്‍ എഴുതിയ എഡിറ്റോറിയല്‍ കുറിപ്പില്‍ ഇസ്‍ലാമിക വര്‍ഗീയത തങ്ങളുടെ ചെമ്പു പുറത്താകും എന്ന സന്ദര്‍ഭത്തില്‍ എടുത്തണിയുന്ന കവചമായാണ് ഇസ്‍ലാമോഫോബിയ എന്ന പ്രയോഗത്തെ കാണുന്നത്.  ജമാഅത്തെ ഇസ്‍ലാമിയെക്കുറിച്ചുള്ള പുസ്തകത്തിലെ പരാമര്‍ശത്തെക്കുറിച്ച് ജയരാജനുമായി അഭിമുഖം നടത്തുന്ന റഫീഖ് ഇബ്രാഹിം ഒരു ചോദ്യം ഉന്നയിച്ചു. എന്തിനാണ് ഒരു ചെറുന്യൂനപക്ഷമായ ജമാഅത്തിനെതിരേ ഇത്രയേറെ എഴുതുന്നതെന്ന്. 

ജമാഅത്തെ ഇസ്‍ലാമി ചെറുതാണെങ്കിലും വിഷമാണെന്നും ഒരു ലിറ്റര്‍ പാലില്‍ ഒരു തുള്ളി വിഷം കലക്കുന്നതുപോലെ അപകടകരമാണെന്നുമായിരുന്നു മറുപടി. മതരാഷ്ട്രത്തിന്റെ വക്താക്കളാണെന്നും അക്രമം നടത്തുന്നില്ലെങ്കിലും അതിനുള്ള ആശയം രൂപീകരിക്കുന്നത് ജമാഅത്താണെന്നും ജയരാജന്‍ പറഞ്ഞുവച്ചു: 1942 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും തങ്ങളെവിടെയും ആക്രമണം നടത്തിയിട്ടില്ല എന്നവര്‍ നിരന്തരമായി സ്വയം ന്യായീകരിക്കാറുണ്ട്. ആക്രമണങ്ങള്‍ എന്നതിനെ നാം ബാഹ്യലക്ഷണമായാണ് കാണേണ്ടത്. രോഗം എന്നത് മതരാഷ്ട്ര ആശയങ്ങളാണ്. 2010ല്‍ ജോസഫ് മാഷുടെ കൈവെട്ട് സംഭവം നടന്നു. ഇദ്ദേഹം ആക്രമിക്കപ്പെടേണ്ട ആളാണ് എന്ന നിലയിലുള്ള ആശയപ്രചരണം ഇതിന് മുന്നോടിയായി സംഘടിപ്പിച്ചതില്‍ മാധ്യമം പത്രത്തിന്റെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം ആരോപിക്കുന്നു.

മുസ്‍ലിം ലീഗിന്റെ ജമാഅത്ത് വല്‍ക്കരണം

ജമാഅത്തെ ഇസ്‍ലാമിക്കാര്‍ മതേതര രാജ്യത്ത് ജീവിക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയില്ലെന്ന് വിശ്വസിക്കുന്നവരാണെന്ന് പി ജയരാജന് അഭിപ്രായമുണ്ട്. വിഷലിപ്തമായ ആശയങ്ങളെ എതിര്‍ക്കുമ്പോള്‍ ഇസ്‍ലാമോഫോബിയയുടെ കവചം സൃഷ്ടിക്കാനാണ് അവരുടെ പുറപ്പാട്. 2015നു ശേഷം വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിച്ചശേഷം അതുവരെ ജമാഅത്തിനോടുണ്ടായിരുന്ന ലീഗിന്റെ എതിര്‍പ്പ് ഇല്ലാതായി. അവര്‍ പരസ്പരം അടുത്തു. ഇതിനെ മുസ് ലിംലീഗിന്റെ ജമാഅത്ത് വല്‍ക്കരണം എന്നു പറയാം. മുസ് ലിംരാഷ്ട്രീയത്തിന്റെ വക്താക്കളായിരിക്കുന്നവര്‍ പൊളിറ്റിക്കല്‍ ഇസ്‍ലാമിന്റെ ആളുകളായി മാറി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മുസ് ലിംജീവിതത്തെയും തീര്‍ച്ചയായും സാമുദായികവും അല്ലാത്തതോ ആയ അവരുടെ രാഷ്ട്രീയതാല്‍പ്പര്യങ്ങളെയുമാണ് മുസ് ലിംരാഷ്ട്രീയം എന്നു വിളിക്കുന്നത്. മതരാഷ്ട്രം സ്ഥാപിക്കാന്‍ പരിശ്രമിക്കുന്നവര്‍ പൊളിറ്റിക്കല്‍ ഇസ്‍ലാമും. മാവോവാദികളും ഇസ്‍ലാമിസ്റ്റുകളും ആശയതലത്തിലും പ്രായോഗികമായും യോജിക്കുന്നവരാണെന്നും അദ്ദേഹം പറയുന്നു (ദേശാഭിമാനി വാരിക, ഡിസംബര്‍ 8, 2024, ലക്കം 31, പുസ്തകം 55, പേജ് 23, 24).

ഡിസംബര്‍ 11- സിറിയന്‍ പ്രതിസന്ധിയും ഇസ്‌ലാമിസവും

സിറിയയില്‍ നടക്കുന്ന രാഷ്ട്രീയനീക്കങ്ങളെ മുസ്‍ലിംവിരുദ്ധ ആഖ്യാനങ്ങള്‍ക്കൊണ്ട് സമ്പുഷ്ടമാക്കുന്ന ഒരു ലേഖനം കെ ടി ഡൂള്‍ ന്യൂസില്‍ പ്രസിദ്ധീകരിച്ചു. 'പശ്ചിമേഷ്യയെ രക്തക്കളമാക്കുന്ന സാമ്രാജ്യത്വ-സയണിസ്റ്റ് -രാഷ്ട്രീയ ഇസ്ലാമിസ്റ്റ് അട്ടിമറി' (ഡൂള്‍ ന്യൂസ് ഡിസംബര്‍ 11, 2024) എന്ന ശീര്‍ഷകത്തിലെഴുതിയ ഈ ലേഖനം തയ്യാറാക്കിയത് സി.പി.എം നേതാവായ കെ.ടി കുഞ്ഞിക്കണ്ണനാണ്.

പശ്ചിമേഷ്യയില്‍ സാമ്രാജ്യത്വത്തി്‌നും മതതീവ്രവാദത്തിനുമെതിരേ നിലപാട് സ്വീകരിച്ച് പൊരുതിനില്‍ക്കുന്ന സിറിയയിലെ ബാഷര്‍ അസദിനെ സാമ്രാജ്യത്വവും സയണിസ്റ്റുകളും രാഷ്ട്രീയഇസ്‍ലാമിസ്റ്റുകളും ചേര്‍ന്ന് അട്ടമറിച്ചുവെന്നാണ് ലേഖനം വാദിക്കുന്നത്. അട്ടിമറിയെ രാഷ്ട്രീയ ഇസ്‍ലാമിസ്റ്റുകള്‍ ആഘോഷമാക്കിയതായും കുഞ്ഞിക്കണ്ണന്‍ കുറ്റപ്പെടുത്തുന്നു. ദേശീയശക്തികളെയും മതനിരപേക്ഷകരെയും സമാധാനകാക്ഷികളെയും ജനങ്ങളെയും ആശങ്കപ്പെടുത്തുന്ന നീക്കമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചുള്ള ഏകദേശ ധാരണപോലും പുറംലോകത്തിന് ലഭ്യമല്ലെങ്കിലും കേരളത്തിലടക്കമുള്ള മുസ്‍ലിംസാമുദായിക പ്രസ്ഥാനങ്ങളെ പ്രതിസ്ഥാനത്തുനിര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ വിശകലനം.


സിറിയയിൽ ലക്ഷക്കണക്കിനു മനുഷ്യരെ കശാപ്പ് ചെയ്ത സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള ബഅസ് പാർട്ടിയുടെ അസദിൻ്റെ ചെയ്തികൾ ഒരു വസ്തുതയാണ്. എങ്കിലും അതു സോഷ്യലിസ്റ്റുകളുടെയോ ഇടതുപക്ഷത്തിൻ്റെയോ പൊതു പ്രത്യേകതയായി ലേഖനം കാണുന്നില്ല.

സിറിയയിലെ ഏതെങ്കിലും പ്രസ്ഥാനങ്ങളോടു ഒരു ബന്ധവും കേരളത്തിലെ മുസ്‌ലിം പ്രസ്ഥാനങ്ങൾക്കില്ല. എങ്കിലും സിറിയൻ പ്രതിസന്ധിയെ കേരളത്തിലെ മുസ്‍ലിം പ്രസ്ഥാനങ്ങളോടു സമീകരിക്കാനാണ് കുഞ്ഞിക്കണ്ണൻ താൽപര്യപ്പെട്ടത്. ഇപ്പോൾ സിറിയയിൽ അധികാരത്തിലേറിയ സായുധ വിഭാഗത്തോടു ഒരു പ്രത്യയ ശാസ്ത്ര - രാഷ്ട്രീയ ബന്ധവും കേരളത്തിലെ ഒരു മുസ്‌ലിം വിഭാഗത്തിനുമില്ല. എങ്കിലും ആഗോള ഇസ്‌ലാമിസം എന്ന പൊതു ലേബൽ ഉപയോഗിച്ചാണ് കുഞ്ഞിക്കണ്ണൻ എഴുതിയത്.

സാമ്രാജ്യത്വ വിരുദ്ധത മാത്രമല്ല സിറിയൻ പ്രശ്നത്തിൻ്റെ മർമം. സാമ്രാജ്യത്വ താൽപര്യത്തിനപ്പുറം സിറിയയിലെ ഏകാധിപത്യ ഭരണകൂടത്തോടുള്ള ജനങ്ങളുടെ ചെറുത്തുനിൽപ്പ് കൂടി വിശകലനങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഇത്തരം സങ്കീർണതകളെ മറച്ചു പിടിച്ചാണ് കുഞ്ഞിക്കണ്ണൻ ലേഖനം എഴുതിയത്.

ഡിസംബര്‍ 11- ഭഗത്‍ സിങ് വിവാദവും ദാവൂദും

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‍ലാമിയെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുന്ന സമയത്ത് ജിദ്ദയില്‍ മീഡിയാവണ്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദ് പങ്കെടുത്ത ഒരു യോഗത്തിലെ ഭഗത് സിങ്ങിനെക്കുറിച്ച പരാമര്‍ശം വിവാദമായി. ഭഗത് സിങ് കോടതിയില്‍ ബോംബ് വച്ചയാളാണെന്നും 1947 ആഗസ്റ്റ് 15ന് ഒരു കലണ്ടര്‍ ദിനം മാറിയപ്പോള്‍ അദ്ദേഹം ധീരദേശാഭിമാനിയായി മാറിയെന്നുമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശമാണ് വിമര്‍ശരെ ചൊടിപ്പിച്ചത്.

അത്രയും കാലം ഭീകരരും തീവ്രവാദിയുമായി വിശേഷിപ്പിക്കപ്പെട്ട ഒരാള്‍ ആഗസ്റ്റ് 15ഓടെ ശഹീദും ധീരദേശാഭിമാനിയുമായി മാറുന്നതിലെ ആഖ്യാനത്തിന്റെ സങ്കീര്‍ണതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‍ലിം സംഘടനകളെ വര്‍ഗീയ-ഭീകരവാദ മുദ്രചുമത്തി ഒഴിച്ചുനിര്‍ത്തുന്നതിനെക്കുറിച്ച ചോദ്യത്തിന്റെ ഉത്തരമായാണ് ഇതദ്ദേഹം പറഞ്ഞത്.

ഇതിനെതിരേ ഇടതുനേതാക്കളും സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളും ശക്തമായി പ്രതിഷേധിച്ചു. ദാവൂദ് ഭഗത് സിംഗിനെ അപമാനിച്ചുവെന്ന് ആക്ഷേപിച്ച് ഡി.വൈ.എഫ്.ഐ പ്രത്യക്ഷസമരത്തിനിറങ്ങി. ധീര വിപ്ലവകാരി ഭഗത് സിംഗിനെ അപമാനിച്ച മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നായിരുന്നു അവരുടെ ആവശ്യം. ജമാഅത്തെ ഇസ്‍ലാമി ഉയര്‍ത്തുന്ന മതരാഷ്ട്ര വാദത്തില്‍ ആകൃഷ്ടരായി ജനങ്ങളെ ബോംബ് സ്‌ഫോടനം നടത്തി കൊന്നൊടുക്കുന്ന മത തീവ്രവാദികളെ ഭഗത് സിംഗിനോട് ഉപമിച്ച് രണ്ടും ഒന്നാണെന്ന് വരുത്തി തീര്‍ക്കാനുള്ള പാഴ് വേലയാണ് ദാവൂദിന്റെ മനസ്സിലെങ്കില്‍ അത് സ്വാതന്ത്ര സമരത്തിന്റേയും തൊഴിലാളി- കര്‍ഷക പോരാട്ടങ്ങളുടേയും പൊള്ളുന്ന ചരിത്രം പേറുന്ന കേരളത്തിലെ മനുഷ്യര്‍ക്കിടയില്‍ ചെലവാകില്ലെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു:

രാജ്യത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വ കിരാത ഭരണം നടമാടുന്ന കാലത്ത് ജനവിരുദ്ധമായ ഒരു നിയമം പാസാക്കുന്ന അസംബ്ലിയുടെ നടുത്തളത്തിലേക്ക് കൈബോംബും പിന്നെ എന്തുകൊണ്ടാണ് തങ്ങളിങ്ങനെ ചെയ്യുന്നത് എന്ന് വിശദമാക്കുന്ന ലഘുലേഖകളും എറിയുകയും, രക്ഷപ്പെടാനുള്ള സാധ്യതയുണ്ടായിട്ടും അത് ചെയ്യാതെ പിടികൊടുക്കുകയും ചെയ്ത ഭഗത് സിംഗും കൂട്ടാളികളും അടങ്ങുന്ന ധീര വിപ്ലവകാരികളെ തികച്ചും നിന്ദാപരമായ ചേഷ്ടകളോടെ ഭഗത് സിംഗ് കോടതിയില്‍ ബോംബ് വച്ചതിന് ശിക്ഷിക്കപ്പെട്ടന്നും പിന്നീട് 1947 ആഗസ്ത് 15ന് എന്ന തീയ്യതി കഴിഞ്ഞപ്പോള്‍ ധീര ദേശാഭിമാനിയായെന്നുമാണ് സി ദാവൂദ് പറഞ്ഞത്. ജമാഅത്തെ ഇസ്‍ലാമി ഉയര്‍ത്തുന്ന മതരാഷ്ട്ര വാദത്തില്‍ ആകൃഷ്ടരായി ജനങ്ങളെ ബോംബ് സ്‌ഫോടനം നടത്തി കൊന്നൊടുക്കുന്ന മത തീവ്രവാദികളെ ഭഗത് സിംഗിനോട് ഉപമിച്ച് രണ്ടും ഒന്നാണെന്ന് വരുത്തി തീര്‍ക്കാനുള്ള പാഴ് വേലയാണ് സി. ദാവൂദിന്റെ മനസ്സിലെങ്കില്‍ അത് സ്വാതന്ത്ര സമരത്തിന്റേയും തൊഴിലാളി - കര്‍ഷക പോരാട്ടങ്ങളുടേയും പൊള്ളുന്ന ചരിത്രം പേറുന്ന കേരളത്തിലെ മനുഷ്യര്‍ക്കിടയില്‍ ചെലവാകില്ല എന്നോര്‍ക്കണം.വെള്ളക്കാരായ ബ്രിട്ടീഷുകാരുകാരില്‍ നിന്ന് കറുത്തവരായ ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറി കിട്ടിയിട്ട് മുസല്‍മാനെന്ത് കാര്യമെന്ന് ചോദിച്ച മൗദൂദിയുടെ ശിഷ്യന്‍മാര്‍ക്ക് സ്വാതന്ത്ര സമര കാലത്തെ വിപ്ലവ പോരാട്ടങ്ങളെ കുറിച്ച് പുച്ഛം തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ. ധീര ദേശാഭിമാനികളായ രക്തസാക്ഷികളെ അപമാനിക്കാനുള്ള ശ്രമം ഡി.വൈ.എഫ്.ഐ അനുവദിക്കില്ല. സി ദാവൂദ്, ഭഗത് സിംഗിനെതിരെയുള്ള പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം- ഇതാണ് പ്രസ്താവനയുടെ ചുരുക്കം. (ഭഗത് സിംഗിനെ അപമാനിച്ച മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ മാപ്പ് പറയുക: ഡി.വൈ.എഫ്.ഐ, ദേശാഭിമാനി, ഡിസംബര്‍ 12, 2024)

ഭീകരത, സ്വാതന്ത്ര്യം തുടങ്ങിയ വാക്കുകളുടെയും പ്രയോഗങ്ങളുടെയും അര്‍ത്ഥത്തെ ചരിത്രപരമായി വിശദീകരിക്കുന്നതിനുള്ള ശ്രമായിരുന്നു ദാവൂദിന്റെത്. അതാണ് പിന്നീട് ദാവൂദിനെതിരേയുള്ള ആക്ഷേപങ്ങള്‍ക്ക് കാരണമായത്. 

ഡിസംബര്‍ 13- കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ വിദ്വേഷം വിതച്ച പ്രവര്‍ത്തിയായിരുന്നു വ്യാജമായി നിര്‍മിച്ച കാഫില്‍ സ്‌ക്രീന്‍ഷോട്ട്. ഈ സംഭവത്തിനെതിരേ കേസെടുത്തില്ലെങ്കിലും പ്രതികള്‍ക്കെതിരേ കേസെടുത്തില്ല. ഈ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തു. എന്തുകൊണ്ട് ഇവര്‍ക്കെതിരേ പോലിസ് കേസെടുത്തില്ലെന്ന് കോടതി ചോദിച്ചു. മനീഷ്, അമല്‍ റാം, റിബേഷ്, വഹാബ് എന്നിവരാണ് സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത്. റെഡ് എന്‍കൗണ്ടര്‍, റെഡ് ബറ്റാലിയന്‍ എന്നീ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലാണ് കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ അമ്പാടിമുക്ക് സഖാക്കള്‍, പോരാളി ഷാജി എന്നീ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലൂടെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നാണ് വടകര മണ്ഡലത്തില്‍ വിവാദമായ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത്. (കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം; പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസില്ലേയെന്ന് കോടതി, ഡിസംബര്‍ 13, 2024, മനോരമ).

സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് റെഡ് എന്‍കൗണ്ടേഴ്‌സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ്. ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 2.13ന് റിബേഷാണ് ഗ്രൂപ്പില്‍ മെസ്സേജ് ഇടുന്നത്. സ്‌ക്രീന്‍ഷോട്ട് രണ്ടാമത് വന്നത് റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍. അന്നേദിവസം ഉച്ചയ്ക്ക് 2.34 ന് സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത് അമല്‍റാം എന്നയാള്‍. ഇതിനുശേഷം അമ്പാടിമുക്ക് സഖാക്കള്‍, കണ്ണൂര്‍ എന്ന ഫേസ്ബുക്ക് പേജില്‍ സ്‌ക്രീന്‍ഷോട്ട് എത്തി. പേജിന്റെ അഡ്മിനായ മനീഷാണ് സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. ഏപ്രില്‍ 25ന് രാത്രി 8.23നാണ് പോരാളി ഷാജി എന്ന പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെടുന്നത്.

ഡിസംബര്‍ 14- ബൈക്കിലേക്ക് പന വീണ് നടന്ന മരണവും ലൗജിഹാദ് പ്രചാരണവും

കോതമംഗലം നീണ്ടപാറ ചെമ്പന്‍കുഴിയില്‍ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി മരിച്ചു. ആന്‍മേരിയാണ് മരിച്ചത്. കോതമംഗലത്ത് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളായ ആന്‍മേരിയും അല്‍ത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ അപകടത്തില്‍ പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കിനു മുകളിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആന്‍മേരി മരണത്തിന് കീഴടങ്ങുകയായിരുന്നു. ( കാട്ടാന മറിച്ചിട്ട പന ബൈക്കിലേക്ക് വീണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ന്യൂസ് 24, ഡിസംബര്‍ 14, 2024).

ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്ത മറുനാടന്‍ ടി വിയുടെ വാര്‍ത്താ ഹാന്‍ഡിലിന്റെ കമന്റ് ഭാഗത്ത് ലൗജിഹാദ് പോലുള്ള ആരോപണങ്ങള്‍ നിറഞ്ഞു. ആന്‍മരിയയുടെ കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിയുടെ പേര് അല്‍ത്താഫ് എന്നായതായിരുന്നു കമന്റിട്ടവരുടെ പ്രകോപനം. ചിലര്‍ ലൗജിഹാദ് ആരോപണവും ഉയര്‍ത്തി. (കാട്ടാന കുത്തിമറിച്ചിട്ട പന വീണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; മറുനാടന്‍ ടിവി, ഡിസംബര്‍ 14, 2024)

ഡിസംബര്‍ 20- ഇസ്‍ലാമിസ്റ്റ് കടല്‍ക്കിഴവന്മാരെ തോളിലേറ്റിയവര്‍

ജമാഅത്തെ ഇസ്‍ലാമിക്കെതിരേ നടത്തുന്ന മതരാഷ്ട്രവാദ ആക്രമണം ഹിന്ദുത്വരും ഏറ്റുപിടിച്ചു. അതുപക്ഷേ, ഇടതുപക്ഷത്തിനും എതിരായിരുന്നു. ഹിന്ദുത്വ കാഴ്ചപ്പാടുള്ള സംഘടനകളുടെ നാലയലത്തു പോലും പോകാതെ മാറിപ്പോ എന്ന് ഭ്രഷ്ട് കല്പിക്കുന്ന ആഢ്യന്‍ മതേതര എമ്പ്രാന്മാര്‍ക്ക് തങ്ങളുടെ തോളിലിരുന്ന് ഇസ്‍ലാമിസ്റ്റുകള്‍ വിസര്‍ജിക്കുന്ന മതഭ്രാന്തിന് അറേബ്യന്‍ അത്തറിന്റെ പരിമളമാണ്.(ഇസ്‍ലാമിസ്റ്റ് കടല്‍ക്കിഴവന്മാരെ തോളിലേറ്റി രണ്ടു വമ്പന്മാര്‍ !, കേസരി വാരിക, ശാകല്യന്‍, ഡിസംബര്‍ 20, 2024) എന്ന് കേസരി ലേഖനം കുറ്റപ്പെടുത്തി.

ഡിസംബര്‍ 21- വയനാട് ഉപതിരഞ്ഞെടുപ്പും വര്‍ഗീയ ചേരിയും

രാഹുല്‍ ഗാന്ധി ജയിച്ചത് മുസ്‍ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെ- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് ജയിച്ചത് മുസ്‍ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍ ആരോപിച്ചു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് വിജയരാഘവന്റെ പരാമര്‍ശങ്ങള്‍. മുസ്‍ലിംവര്‍ഗീയ ചേരിയുടെ പിന്തുണയില്ലായിരുന്നെങ്കില്‍ രാഹുല്‍ ഡല്‍ഹിയിലെത്തുമായിരുന്നില്ല. അദ്ദേഹമാണ് കോണ്‍ഗ്രസ്സിന്റെ പ്രതിപക്ഷനേതാവ്. പ്രിയങ്കയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വര്‍ഗീയതയിലെ മോശപ്പെട്ട ഘടകളായിരുന്നു. തീവ്രവാദ- വര്‍ഗീയ ഘടകങ്ങളും ഉണ്ടായിരുന്നു(രാഹുല്‍ ഗാന്ധി ജയിച്ചത് മുസ്‍ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെ' എ.വിജയരാഘവന്‍, ന്യൂസ് 18, ഡിസംബര്‍ 21, 2024)

ന്യൂനപക്ഷവര്‍ഗീയ ബി.ജെ.പിക്ക് വഴിയൊരുക്കുന്നു

വയനാട് സമ്മേളനത്തിന്റെ തൊട്ടടുത്ത ദിവസം അദ്ദേഹം ഇതേ വിഷയത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ജമാഅത്ത് -എസ്.ഡി.പി.ഐ ബന്ധം ബി.ജെ.പിക്ക് പ്രചാരണം നടത്താന്‍ അവസരമൊരുക്കിയെന്നായിരുന്നു പുതിയ പരാതി: ''രാഹുല്‍ഗാന്ധിയും പ്രിയങ്കയും വയനാട്ടില്‍ വിജയിച്ചത് കോണ്‍ഗ്രസും ലീഗും ജമാ-അത്തെ ഇസ്‍ലാമിയും എസ്.ഡി.പി.ഐയും ഉള്‍പ്പെടുന്ന ചേരിയുടെ പിന്തുണയിലാണ്. ഇത് നല്‍കുന്ന രാഷ്ട്രീയ സന്ദേശം എന്താണെന്ന് കോണ്‍ഗ്രസ്സ് തിരിച്ചറിഞ്ഞിട്ടുണ്ടോ? ജമാ-അത്തെ ഇസ്‍ലാമിയെയും എസ്.ഡി.പി.ഐയെയും കൂട്ടുപിടിച്ചുള്ള വയനാട്ടിലെ മത്സരം, പ്രതിപക്ഷം തീവ്രമുസ്‌ലിം വര്‍ഗീയതയ്ക്ക് ഒപ്പമാണ് എന്ന പ്രചരണം നടത്താന്‍ ബി.ജെ.പിക്ക് അവസരമൊരുക്കി. ഇത് രാജ്യമാകെ അവര്‍ പ്രചരണ വിഷയമാക്കി. അതിന് അവര്‍ക്ക് അവസരം നല്‍കിയതിലൂടെ വലിയൊരു തെറ്റാണ് കോണ്‍ഗ്രസ്സ് ചെയ്തത്. ന്യൂനപക്ഷവര്‍ഗീതയതയുടെ ഏറ്റവും മോശപ്പെട്ട ശക്തികളെവരെ കൂട്ടുപിടിച്ചുകൊണ്ട് അവര്‍ കേരളത്തിന്റെ പുരോഗമന അടിത്തറ തകര്‍ക്കുകയെന്ന പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കി. സംഘപരിവാറിനെ ഉള്ളിലൂടെ പരിലാളിക്കുന്നത് ഒരുവശത്ത് നടക്കുമ്പോള്‍ത്തന്നെ പ്രകടമായി ഇസ്‍ലാമിക തീവ്രവര്‍ഗീയ വാദികളെയും കൂട്ടുപിടിക്കുന്നു. അധികാരം കിട്ടാന്‍ ഏത് വര്‍ഗീയതയുമായും സന്ധിചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തെളിയിക്കുന്നത്. (ഡിസംബര്‍ 22, 2024, എ വിജയരാഘവന്‍, എഫ്ബി)


സി.പി.എം വര്‍ഗീയ രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുന്നു


വിജയരാഘവന്റെ വിദ്വേഷപരാമര്‍ശത്തിനെതിരേ സുപ്രഭാതം ദിനപത്രം എഡിറ്റോറിയലെഴുതി. പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാനും മുസ്‍ലിം വിരോധം പ്രചരിപ്പിക്കുകയും ബി.ജെ.പിയെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുകയുമാണ് സി.പി.എം നേതാക്കളെന്നായിരുന്നു എഡിറ്റോറിയില്‍ നടത്തിയ വിമര്‍ശനം. വര്‍ഗരാഷ്ട്രീയം വിട്ട് സി.പി.എം അവസരത്തിനൊത്ത് വര്‍ഗീയ രാഷ്ട്രീയത്തെ ഉപയോഗിക്കുകയാണെന്നും സി.പി.എമ്മിന്റെ മുസ്‍ലിം വിരുദ്ധതയും വെറുപ്പുമാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നും കുറ്റപ്പെടുത്തി ('സംഘ്പരിവാറിന് മണ്ണൊരുക്കുന്നുവോ സി.പി.എം', എന്ന തലക്കെട്ടിലാണ് 'സുപ്രഭാതം' മുഖപ്രസംഗം, ഡിസംബര്‍ 23, 2

'ജമാഅത്തെ ഇസ്‍ലാമിയെ വിമര്‍ശിച്ചാല്‍ മുസ്‍ലിം വിമര്‍ശനമല്ല

ജമാഅത്തെ ഇസ്‍ലാമിയെ വിമര്‍ശിച്ചാല്‍ അത് മുസ്‍ലിം സമുദായത്തിനെതിരായ വിമര്‍ശനമല്ലെന്നും എ. വിജയരാഘവന്റെ പ്രസംഗത്തിലെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ''ജമാഅത്തെ ഇസ്‍ലാമിക്കെതിരായ വിമര്‍ശനം മുസ്‍ലിംകള്‍ക്കെതിരല്ല. ആര്‍.എസ്.എസ് വിമര്‍ശനം ഹിന്ദുക്കള്‍ക്കും എതിരല്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ ശക്തിയായി വരുന്നു. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മുസ്‍ലിം സമുദായത്തില്‍ ഭൂരിപക്ഷവും മതേതരവാദികളാണ്. മുസ്‍ലിം വര്‍ഗീയവാദത്തിന്റെ പ്രധാന വിഭാഗമായി ജമാഅത്തെ ഇസ്‌ലാമിയും ഭീകരവാദ പ്രസ്ഥാനത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐയും നില്‍ക്കുന്നു. കോണ്‍ഗ്രസ് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പി.ഐയുടെയും സഖ്യകക്ഷിയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ('ജമാഅത്തെ ഇസ്‍ലാമിയെ വിമര്‍ശിച്ചാല്‍ അത് മുസ്‍ലിം വിമര്‍ശനമല്ല; വിജയരാഘവന്‍ പറഞ്ഞതില്‍ തെറ്റില്ല, ഡിസംബര്‍ 23, 2024, മാധ്യമം)

ഗോവിന്ദനു പിന്നാലെ സി.പി.എം നേതാവ് പി കെ ശ്രീമതിയും ന്യായീകരണവുമായി രംഗത്തുവന്നു. പാര്‍ട്ടി നിലപാടാണ് വിജയരാഘവന്‍ പറഞ്ഞതെന്ന് ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. 'വിജയരാഘവന്‍ അങ്ങിനെ തെറ്റായി പറഞ്ഞതായി തോന്നിയില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്നു. കേരളത്തിലും വര്‍ഗീയവാദികളും തീവ്രവാദികളും തല ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. അത് ആരായാലും. ഹിന്ദു വര്‍ഗീയവാദികളായാലും മുസ്‍ലിം വര്‍ഗീയവാദികളായാലും അതിന് എതിരായ നിലപാടാണ് സി.പി.എം സ്വീകരിക്കുക.(വിജയരാഘവന്‍ പറഞ്ഞത് പാര്‍ട്ടി നിലപാട്, വര്‍ഗീയവാദികള്‍ കേരളത്തില്‍ തലപൊക്കാന്‍ ശ്രമിക്കുന്നു- പി.കെ ശ്രീമതി, മാതൃഭൂമി, ഡിസംബര്‍ 23, 2024)

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ അഭിപ്രായത്തില്‍ സി.പി.എം ഭൂരിപക്ഷവര്‍ഗീയ പ്രീണനമാണ് നടത്തുന്നത്. (ഡിസംബര്‍ 23, 2024, സി.പി.എം നേതാക്കള്‍ക്ക് സംഘപരിവാറിനെ ഭയം, വിജയരാഘവന്‍ സംസാരിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ- വി.ഡി. സതീശന്‍)

സംഘ്പരിവാറിന്റെ ആരോപണങ്ങള്‍ അതേപടി ആവര്‍ത്തിച്ച് ഇസ്‍ലാമോഫോബിയ വളര്‍ത്തുകയാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ചെയ്യുന്നതെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിമര്‍ശിച്ചു. (എ.വിജയരാഘവന്റെ വര്‍ഗീയ പ്രസംഗം; സി.പി.എം ഇസ്‍ലാമോഫോബിയ വളര്‍ത്തുന്നുവെന്ന് ഐഎസ്എം, മീഡിയാവണ്‍, ഡിസംബര്‍ 23, 2024)

ഇസ്‍ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് സ്വീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ്‍ലാമിയുമായി ചേര്‍ന്ന് യുഡിഎഫിന്റെ കക്ഷിയായി നില്‍ക്കുന്നത് ശക്തമായ പ്രത്യാഘാതം ലീഗിന് ഉണ്ടാക്കുമെന്നും ദേശീയ നേതൃത്വം എന്തു വിചാരിച്ചാലും കോണ്‍ഗ്രസിനെ കൂടുതല്‍ കടന്നാക്രമിക്കുന്ന നിലപാടായിരിക്കും കേരളത്തിലെ ഇടതുപക്ഷത്തിനെന്നും മറുമാടന്‍ മലയാളി റിപോര്‍ട്ട് ചെയ്തു(മറുനാടന്‍ മലയാളി, ഡിസംബര്‍ 23, 2024)

വിവാദം കത്തിനിന്നതോടെ കേരളത്തിന് പുറത്ത് സി.പി.എം ജയം ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെയാണെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പുറത്തുവിട്ടു. 2024 ല്‍ സി.പി.എമ്മിന് ലോക്സഭയില്‍ ആകെ നാല് അംഗങ്ങളാണുള്ളത്. ഇതില്‍ തമിഴ്നാട്ടില്‍ നിന്നുള്ള രണ്ടുപേരും രാജസ്ഥാനിലെ ഒരാളും ജമാഅത്തിന്റെ പിന്തുണയില്‍ ജയിച്ചവരാണ്. രാജസ്ഥാനിലെ സിക്കര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച സി.പി.എം എം.പി അംറ റാം ജമാഅത്തെ ഇസ്‍ലാമി രാജസ്ഥാന്‍ അമീര്‍ മുഹമ്മദ് നാസിമുദ്ദീനൊപ്പം ഇരിക്കുന്നതാണ് പുറത്തുവിട്ട ഒരു ചിത്രം. തെരഞ്ഞെടുപ്പിന് ശേഷം വിജയാഹ്‌ലാദം പങ്കിടാന്‍ സി.പി.എം നേതാക്കാള്‍ ജമാഅത്തിന്റെ ഓഫീസിലെത്തിയ ചിത്രവും പോസ്റ്റിലുണ്ട്.(കേരളത്തിന് പുറത്ത് സി.പി.എം ജയം ജമാഅത്തെ ഇസ്‌ലാമി പിന്തുണയില്‍; സി.പി.എമ്മിന് മറുപടിയായി ചിത്രങ്ങള്‍ പുറത്തുവിട്ട് ജമാഅത്ത്, ഡിസംബര്‍ 23, 2024, മീഡിയാവണ്‍)

വിവാദങ്ങള്‍ രൂക്ഷമായെങ്കിലും വിജയരാഘവന്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു. ന്യൂനപക്ഷവര്‍ഗീതയതയുടെ ഏറ്റവും മോശപ്പെട്ട ശക്തികളെവരെ കൂട്ടുപിടിച്ച് കേരളത്തിന്റെ പുരോഗമന അടിത്തറ തകര്‍ക്കുകയെന്ന പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കി. അധികാരം കിട്ടാന്‍ ഏത് വര്‍ഗീയതയുമായും സന്ധിചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തെളിയിക്കുന്നത്. പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയാഘോഷം തുടങ്ങിയത് എസ്.ഡി.പി.ഐ പ്രകടനത്തോടെയാണ്. ഈയിടെ മഹാത്മാഗാന്ധിയെയും ഭഗത് സിങിനെയും ജമാഅത്തെ ഇസ്‍ലാമി ആക്ഷേപിച്ചിട്ടും കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടിയിട്ടില്ല. എത്ര ആക്ഷേപിച്ചാലും കോണ്‍ഗ്രസ് നടത്തുന്ന വര്‍ഗീയ പ്രീണനനയങ്ങളെ തുറന്നുകാണിക്കുക തന്നെ ചെയ്യും. (നിലപാട് ആവര്‍ത്തിച്ച് വിജയരാഘവന്‍: 'കോണ്‍ഗ്രസ് ഇസ്‌ലാമിക വര്‍ഗീയവാദികളെ കൂട്ടുപിടിക്കുന്നു', മാധ്യമം, ഡിസംബര്‍ 23, 2024).

ഡിസംബര്‍ 22 - കിഴക്കന്‍ ജര്‍മനിയിലെ 'ഭീകരാക്രമണം'

കിഴക്കന്‍ ജര്‍മനിയിലെ മാഗ്ഡന്‍ബുര്‍ഗിലുള്ള ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. 200 പേര്‍ക്ക് പരിക്കേറ്റു. അവധിക്കാല കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞ ചന്തയില്‍ പ്രാദേശികസമയം രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. സംഭവം ഭീകരാക്രണെന്നാണ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ആക്രമണത്തില്‍ ഏഴ് ഇന്ത്യക്കാര്‍ക്കും പരിക്കേറ്റു. 2006 മുതല്‍ ജര്‍മനിയില്‍ താമസിക്കുന്ന സൗദിവംശജനായ മനോരോഗവിദഗ്ധന്‍ താലിബ് എ-യാണ് പ്രതി (ഡോ താലിബ് അബ്ദുല്‍ മുഹസിന്‍). ജര്‍മനിയില്‍ സ്ഥിരതാമസ പെര്‍മിറ്റുള്ള ഇയാള്‍ മാഗ്ഡന്‍ബുര്‍ഗിനടുത്തുള്ള ക്ലിനിക്കിലാണ് ജോലിചെയ്യുന്നത്.

സൗദിക്കാരനായ നിരീശ്വരവാദി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന താലിബ്, തീവ്രവലതുപക്ഷ, ഇസ്ലാംവിരുദ്ധ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നയാളാണ്. ജര്‍മനിയിലെ മുന്‍സര്‍ക്കാരുകള്‍ യൂറോപ്പിനെ ഇസ്‍ലാമികവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഓണ്‍ലൈനിലൂടെ ഇയാള്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. അറസ്റ്റിലായശേഷം നടത്തിയ പരിശോധനയില്‍ താലിബ് മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടത്തി(ജര്‍മന്‍ ക്രിസ്മസ് ചന്തയില്‍ ആക്രമണം; അഞ്ചുപേര്‍ മരിച്ചു, മനോരോഗവിദഗ്ധനായ കൊലയാളി അറസ്റ്റില്‍, ഡിസംബര്‍ 22, 2024, മാതൃഭൂമി)

ആക്രമണം നടത്തിയത് ഇസ്‍ലാമികവിശ്വാസിയല്ലെന്നുമാത്രമല്ല, ഇസ്‍ലാമിനെ ശക്തമായി എതിര്‍ക്കുന്നയാളുമാണ്. പക്ഷേ, ഇതൊന്നും ഇസ്ലാമോഫോബിക് പ്രചാരകരെ പിന്തിരിപ്പിക്കാന്‍ പോന്നതായിരുന്നില്ല. ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്ത മറുനാടന്‍ മലയാളി നടന്നത് ടിപ്പിക്കല്‍ ജിഹാദി ആക്രമണത്തിന് സമാനമാണെന്നാണ് എഴുതിയത്. മാത്രമല്ല, പ്രതി നിരീശ്വരവാദിയാണെന്ന വാര്‍ത്തയും നിഷേധിച്ചു. മീഡിയാവണിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് മറുനാടന്‍ വാര്‍ത്ത ചെയ്തത്: ''ജര്‍മ്മനിയെ നടുക്കിയ ഈ ആക്രമണത്തിലെ പ്രതി, ഒരു എക്‌സ് മുസ്‍ലിം ആണെന്നും, തീവ്ര വലതുപക്ഷക്കാരനായതുകൊണ്ടാണ് അയാള്‍ ഈ ആക്രമണം നടത്തിയത് എന്നായിരുന്നു, പ്രചാരണം. കേരളത്തിലടക്കം സോഷ്യല്‍ മീഡിയയയിലൂടെ ഇസ്‍ലാമിസ്റ്റുകളും മീഡിയവണ്‍ ചാനലും ഈ വാര്‍ത്ത പ്രചരിപ്പിച്ചു. എന്നാല്‍ തലേബ് എക്‌സ് മുസ്‍ലിം അല്ലെന്നും വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണ് ഇസ്‍ലാം  മതം വിട്ടവനായി സ്വയം ചിത്രീകരിച്ചതെന്നുമാണ് ജര്‍മ്മനിയിലെ എക്‌സ്-മുസ്‍ലിംകൾ പറയുന്നത്''.

പ്രതി ഇസ്‍ലാം ഉപേക്ഷിച്ച മതവിര്‍ശകന്‍ ചമയുകയാണെന്നും യാഥാര്‍ത്ഥത്തില്‍ ഷിയ തീവ്രവാദിയാണെന്നുംകൂടി മറുനാടന്‍ റിപോര്‍ട്ട് ചെയ്തു: ''ഇസ്‍ലാം ഉപേക്ഷിച്ച മതവിമര്‍ശകന്‍ എന്ന് ചമയുന്ന പ്രതി യഥാര്‍ത്ഥത്തില്‍ ഷിയ തീവ്രവാദിയാണെന്നും, കഴിഞ്ഞ ഏതാനും വര്‍ഷമായി ഇയാള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തതെന്നും ജര്‍മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എക്‌സ്-മുസ്‍ലിം ഗ്രൂപ്പുകള്‍ പറയുന്നു. തലേബിനൊപ്പം പ്രവര്‍ത്തിക്കുകയും പലപ്പോഴും സംസാരിക്കുകയും ചെയ്തതില്‍ നിന്ന് ചില സംശയങ്ങള്‍ തോന്നിയിരുന്നതായാണ് എക്‌സ്-മുസ്‍ലിംകൾ പറയുന്നത്. സൗദിയില്‍ നിന്നുള്ള സ്ത്രീകളോട് തലേബ് പെരുമാറിയിരുന്ന രീതി ശരിയല്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇസ്‍ലാമിലുള്ള തഖിയ ആണ് തലേബ് നടപ്പിലാക്കിയതെന്ന സംശയവും അവര്‍ പങ്കുവെക്കുന്നുണ്ട്. ഇസ്‍ലാമിക ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ നുണ പറയുന്നതും വഞ്ചന കാണിക്കുന്നതും അനുവദിക്കുന്ന ഇസ്‍ലാമിലെ സിദ്ധാന്തമാണ് തഖിയ. ഇതുപ്രകാരം തലേബ് സ്വയം ഇസ്ലാം വിമര്‍ശകനായും നിരീശ്വരവാദിയായും ചമഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് എക്‌സ്-മുസ്‍ലിം എന്ന ടാഗ് സോഷ്യല്‍മീഡിയയിലൂടെ സ്വന്തമാക്കി ആക്രമണം നടത്തിയെന്നാണ് ഒരു വിഭാഗത്തിന്റെ സംശയം. കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. മതം ഉപേക്ഷിച്ച ഒരു മനുഷ്യന് എങ്ങനെയാണ് മതതീവ്രാദിയെപ്പോലെ പെരുമാറാന്‍ കഴിയുക എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ചോദ്യം. തലേബിന്റെ മാനസിക നിലയും പരിശോധിക്കണമെന്ന് എക്‌സ് മുസ്‍ലിംകൾ ആവശ്യപ്പെടുന്നു.(ക്രിസ്മസ് ആഘോഷിക്കുന്നവരുടെ നേര്‍ക്ക് ബിഎംഡബ്യു കാര്‍ പാഞ്ഞു കയറ്റി 5 പേരെ കൊന്നത് എക്‌സ് മുസ്ലീമോ? പ്രതി എത്തീസ്റ്റായി അഭിനയിച്ച ഷിയാ തീവ്രവാദിയാണെന്ന് എക്‌സ് മുസ്‍ലിംകൾ; ഭീകരാക്രമണത്തിന്റെ പിന്നിലാര്? തിരഞ്ഞെടുപ്പ് കാലത്ത് ജര്‍മ്മനിയെ പിടിച്ചുകുലുക്കി ഒരു മത വിവാദം, ഡിസംബര്‍ 23, 2024, മറുനാടന്‍ മലയാളി)

ഡിസംബർ 10 - ബംഗ്ലാദേശും പ്രതിഷേധങ്ങളും

ബംഗ്ലാദേശിലെ ന്യൂനപക്ഷവിരുദ്ധ ആക്രമണങ്ങള്‍ക്കെതിരേ ഡിസംബര്‍ മാസത്തില്‍ കോഴിക്കോട് മാത്രം രണ്ടില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. ഒന്ന് സംഘപരിവാര്‍ സംഘടനകളുടെ ഒരു കൂട്ടായ്മയുടെ(ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി, ഡിസംബര്‍ 10, 2024) നേതൃത്വത്തിലും മറ്റൊന്ന് കേളു ഏട്ടന്‍ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലും(ഡിസംബര്‍ 17). മതരാഷ്ട്രവാദികളാണ് സംഘര്‍ഷങ്ങള്‍ക്കു പിന്നിലെന്നാണ് കേളു ഏട്ടന്‍ പഠനകേന്ദ്രത്തിന് നേതൃത്വം നല്‍കുന്ന കെ ടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ എഴുതിയത്: മതരാഷ്ട്രവാദികള്‍ എല്ലായിടത്തും മെജോറിറ്റിയിനിസത്തിന്റെ ഹിംസയില്‍ അഭിരമിക്കുന്നവരാണ്. ന്യൂനപക്ഷ വേട്ടയുടെ രാഷ്ട്രീയവും പ്രത്യശാസ്ത്രവും വിശകലനം ചെയ്യപ്പെട്ടാലേ ന്യൂനപക്ഷസംരക്ഷണത്തിന്റെ ജനാധിപത്യപ്രതിരോധങ്ങള്‍ ശക്തിപ്പെടുത്താനാവൂ...(ഫേസ്ബുക്ക്, കെ ടി കുഞ്ഞിക്കണ്ണന്‍, ഡിസംബര്‍ 14, 2024).

യോഗത്തില്‍ സംസാരിച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഇന്ത്യന്‍ സാഹചര്യവുമായി ബന്ധപ്പെടുത്തിയാണ് വിഷയം അവതരിപ്പിച്ചത്. മതരാഷ്ട്രവാദികളായ സംഘപരിവാറിനെ മറ്റൊരു മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‍ലാമിയുമായി ചേര്‍ന്ന് പ്രതിരോധിക്കാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു (കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം, ഡിസംബര്‍ 18, 2024, ഡൂള്‍ ന്യൂസ്)

ബംഗ്ലാദേശ് പ്രശ്‌നത്തെ ഇന്ത്യന്‍ മുസ്‍ലിംകളെ കുറ്റപ്പെടുത്താനും നിയന്ത്രിച്ചു നിര്‍ത്താനുമുള്ള ഉപാധിയാക്കി മാറ്റുകയായിരുന്നു പല ഇടതുപക്ഷ ചിന്തകരും രാഷ്ട്രീയപ്രവര്‍ത്തകരും സംഘപരിവാര്‍ ശക്തികളും. 

ബംഗ്ലാദേശില്‍ ഇടപെടാന്‍ ഇന്ത്യക്കും അവകാശം

ബംഗ്ലാദേശ് ഭാരതീയരുടെ രക്തംചൊരിഞ്ഞ് ഉണ്ടായ രാജ്യമാണെന്നും ഭരണകൂടം ജനങ്ങള്‍ക്കെതിരെ തിരിയുന്ന അവസ്ഥയില്‍ ഭാരതത്തിന് ഇടപെടാന്‍ അവകാശമുണ്ടെന്നുമാണ് മുന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസന്റെ അഭിപ്രായം. ലോക മനുഷ്യാവകാശ ദിനമായ ഇന്നലെ ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി ഭാരതീയ വിചാരകേന്ദ്രം സംസ്‌കൃതി ഭവനില്‍ സംഘടിപ്പിച്ച 'ബംഗ്ലാദേശ് മതന്യൂനപക്ഷ വേട്ടയും ഭാരതത്തിന്റെ വിശ്വമാനവികതയും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ച മുഹമ്മദ് യൂനസ് രാക്ഷസനായി മാറിക്കഴിഞ്ഞു. ബംഗ്ലാദേശിന്റെ പ്രശ്‌നം ഹിന്ദുവിരോധവും ഭാരതവിരോധവുമാണ്.

ബംഗ്ലാദേശിലെ ജനസംഖ്യയില്‍ ഹിന്ദു ജനസംഖ്യ കുറയുന്നുവെന്നാണ് പരിപാടിയില്‍ പങ്കെടുത്ത ഡോ. മോഹന്‍ വര്‍ഗീസിന്റെ അഭിപ്രായം. ജമാഅത്തെ ഇസ്‍ലാമി വരയ്ക്കുന്ന വരയിലാണ് ബംഗ്ലാദേശ് സഞ്ചരിക്കുന്നത്. ഭാരതത്തില്‍ ന്യൂനപക്ഷ സ്നേഹം പറയുന്നവര്‍ തൊട്ടയല്‍രാജ്യങ്ങളില്‍ നടക്കുന്ന പീഡനം കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. മുഹമ്മദ് ഫക്രുദ്ദീന്‍ അലിയുടെ അഭിപ്രായം. അന്യമത വിദ്വേഷത്തിലധിഷ്ഠിതമായ മതാധിപത്യമാണ് അപകടം. ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും കരച്ചില്‍ നമുക്കുള്ളില്‍ പിടച്ചിലാകണമെന്നും പ്രതിഷേധം തെരുവുകളിലേക്കെത്തിയാലേ പരിഹാരമാകൂവെന്നും അദ്ദേഹം പറഞ്ഞു(ബംഗ്ലാദേശ് ഭാരതീയരുടെ രക്തം ചൊരിഞ്ഞ് പിറന്ന രാജ്യം: ഡോ. ടി.പി. ശ്രീനിവാസന്‍, ജന്മഭൂമി, ഡിസംബര്‍ 11, 2024).

ഹൈന്ദവസമൂഹത്തിന് അപകടകരമായ സൂചന

ബംഗ്ലാദേശിലെ സംഘര്‍ഷങ്ങള്‍ ഭാരതത്തിലും കേരളത്തിലും പ്രത്യേകിച്ച് ഉത്തരകേരളത്തില്‍ വലിയ അപകടങ്ങളാണ് ഹൈന്ദവസമൂഹത്തെ കാത്തിരിക്കുന്നതെന്ന് സംഘപരിവാര്‍ നേതാവായ ജെ നന്ദകുമാര്‍ പറഞ്ഞു. (ബംഗ്ലാദേശ് അക്രമം ഹൈന്ദവസമൂഹത്തിന് നല്‍കുന്നത് അപകടകരമായ സൂചന: ജെ നന്ദകുമാര്‍, കേസരി, 2024 ഡിസംബര്‍ 13, പേജ് 64)


ഡിസംബര്‍ 22- ഹലാല്‍കേക്ക് ബഹിഷ്‌കരണവുമായി കാസ

ഡിസംബര്‍ അവസാനവാരത്തില്‍ ക്രിസ്മസിനോടുബന്ധിച്ച് വിദ്വേഷപ്രചാരകരായ കാസ മുസ്‌ലിംകള്‍ വില്‍ക്കുന്ന മാംസവും കേക്കും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. മറ്റൊരു ദൈവത്തിന് അവരുടെ മന്ത്രങ്ങള്‍ ചൊല്ലി ബലി അര്‍പ്പിക്കപ്പെട്ട മൃഗത്തിന്റെ ഹലാല്‍ മാംസമോ, ഹലാല്‍ രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ക്രിസ്മസ് ആഘോഷത്തിന്റെ പ്രധാന ഇനമായ ക്രിസ്മസ് കേക്കുകളും ഒരു കാരണവശാലും ക്രിസ്മസ് നാളില്‍ കഴിക്കരുതെന്നും ക്രിസ്മസ് ദിനം വിശുദ്ധമായാണ് നാം ആചരിക്കേണ്ടതെന്നും ക്രൈസ്തവരെ ഉപദേശിച്ചു.

ഹലാല്‍ ഭക്ഷണവും മാംസവും ഇസ്‍ലാമിക സഹോദരങ്ങളുടെ ആചാരത്തിന്റെ ഭാഗമാണ്. അവരത് ഭക്ഷിക്കുന്നതില്‍ തങ്ങള്‍ക്ക് വിരോധമില്ല. എന്നാല്‍ ക്രൈസ്തവര്‍ അത് കഴിക്കേണ്ടതില്ലെന്നാണ് കാസയുടെ വാദം (കാസ, എഫ്ബി, ഡിസംബര്‍ 22, 2024).


ഡിസംബര്‍ 23- ഖുര്‍ആന്‍ വിരുദ്ധപ്രചാരണത്തിലെ ഇസ്‍ലാമോഫോബിയ

ഖുര്‍ആനെതിരേ ഉയര്‍ന്നുവരുന്ന ആക്രമണ സ്വഭാവമുള്ള അപവാദപ്രചാരണങ്ങള്‍ സാമ്രാജ്യത്വ ഉല്‍പ്പന്നമായ ഇസ്‍ലാമോഫോബിയയുടെ ഭാഗമാണെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ പറഞ്ഞു. വഖഫ് പോലുള്ള ഖുര്‍ആനിക സംജ്ഞകള്‍ക്കെതിരായദുഷ്ടപ്രചാരണങ്ങള്‍ തെറ്റിദ്ധാരണയുടെ ഭാഗമല്ല, ബോധപൂര്‍വമായ ഫാഷിസ്റ്റ് അജണ്ടയാണ്. (ഖുര്‍ആന്‍ വിരുദ്ധപ്രചാരണത്തിലെ ഇസ്‍ലാമോഫോബിയ-സി.പി ജോണ്‍, മാധ്യമം, ഡിസംബര്‍ 23, 2024)

ഡിസംബര്‍ 23- ശരീഅത്തും മുസ്‍ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും

ശരീഅത്ത് നിയമം: മുസ്‍ലിംസ്ത്രയുടെ മൗലിക അവകാശങ്ങള്‍ ദുര്‍ബലമാവുമ്പോള്‍ എന്ന ശീര്‍ഷകത്തില്‍ അഡ്വ. സി ഷുക്കൂര്‍ ഒരു ലേഖനം മലയാളം വാരികയുടെ 2024 ഡിസംബര്‍ 23 ലക്കത്തില്‍ എഴുതി. മനുഷ്യനെ നിയന്ത്രിച്ചുനിര്‍ത്തുന്ന മതവും മതത്തിന്റെ പീഡനങ്ങളേറ്റുവാങ്ങുന്ന മുസ്‍ലിംസ്ത്രീയുമെന്ന പൊതുധാരണയിലാണ് മുസ്‍ലിംസ്ത്രീയെും ശരിഅയെയും അദ്ദേഹം അവതരിപ്പിക്കുന്നത്. സ്വന്തം ജീവിതത്തില്‍ പ്രത്യേക വിവാഹനിയമമനുസരിച്ച് വിവാഹം കഴിച്ച അനുഭവവും കഴിക്കേണ്ടിവന്ന സാഹചര്യവും അദ്ദേഹം ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ഭരണഘടനാകോടതികള്‍ സമത്വം, സമഭാവന എന്നിവയുടെ അടിസ്ഥാനത്തില്‍ ശരിഅ നിയമത്തെ വ്യാഖ്യാനിച്ചുവെന്നും എന്നാല്‍ പുരുഷമതമായ ഇസ്ലാം അതിനോട് അനുകൂലനിലപാടെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. (ശരീഅത്ത് നിയമം: മുസ്‍ലിംസ്ത്രയുടെ മൗലിക അവകാശങ്ങള്‍ ദുര്‍ബലമാവുമ്പോള്‍, അഡ്വ. സി ഷുക്കൂര്‍, സമകാലിക മലയാളം വാരിക, 2024 ഡിസംബര്‍ 23). മതത്തിലെ പുരുഷാധിപത്യം മാത്രമല്ല മതന്യൂനപക്ഷ അവകാശവും സമന്വയിപ്പിച്ചാണ് ലിംഗനീതി എന്ന ആവശ്യമുന്നയിക്കേണ്ടതെന്നതാണ് ഫെമിനിസ്റ്റ് നിലപാട് . ഇത്തരമൊരു കാഴ്ചപ്പാടിൻ്റെ അഭാവം ഇസ്‌ലാമോഫോബിയയുടെ ശക്തി കൂട്ടാൻ മാത്രമെ ഉപകരിക്കുകയുള്ളൂ.

ഡിസംബര്‍ 25- മതരാഷ്ട്രവാദവും ജമാഅത്തെ ഇസ്‌ലാമിയും

ജമാഅത്തെ ഇസ്‍ലാമിയുടെ അമീര്‍ പി മുജീബ് റഹ്‌മാനുമായി റിപോര്‍ട്ടര്‍ ടിവിയുടെ പ്രതിനിധി സംസാരിക്കുന്ന വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. മതരാഷ്ട്രവാദമെന്ന ആശയത്തെ തള്ളിയതും സ്ഥാപകനായിരിക്കെത്തന്നെ മൗദൂദിയോട് തങ്ങള്‍ക്ക് വിയോജിപ്പുകളുണ്ടെന്ന് പറഞ്ഞതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ജമാഅത്തെ ഇസ്‍ലാമി ആദര്‍ശപോരാട്ടമാണ് നടത്തുന്നത്. മതം അഭിപ്രായം പറയരുതെന്നാണ് ആധുനികസങ്കല്‍പ്പം. അത് മാറിക്കഴിഞ്ഞു. ആര്‍ക്കും അഭിപ്രായം പറയാം. വര്‍ഗീയമാണെങ്കില്‍ എതിര്‍ക്കാം. ബഹുസ്വര സമൂഹത്തിന് നടക്കാത്ത ഒന്നും ജമാഅത്തെ ഇസ്‍ലാമി ചെയ്തിട്ടില്ല. മതം വികാസക്ഷമതയുള്ള ദര്‍ശനമാണ്. ജമാഅത്തെ ഇസ്‍ലാമി സമാധാനപരമായി ആശയപ്രചാരണം നടത്തുകയാണ്. ദൈവത്തിനു വഴിപ്പെട്ട് ജീവിക്കണമെന്ന് കരുതുന്നവരാണ് ജമാഅത്തെ ഇസ്‍ലാമിക്കാരും പൊതുവെ മുസ്‍ലിംകളും.

ഭരണഘടനയെ അനുസരിക്കണമെന്നതും ദൈവത്തിനെ വഴിപ്പെടലാണ്. തിന്മയില്‍ ആരെയും അനുസരിക്കരുത്. നന്മയില്‍ ആരുമായും സഹകരിക്കണം. ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജമാഅത്തെ ഇസ്‍ലാമി എഴുതിവച്ചിട്ടുണ്ട്.അതുകൊണ്ട് ഭരണഘടനയനയുമായി ഏറ്റുമുട്ടലില്ല. ദൈവത്തിന്റെ ശാസനകളില്‍പെട്ടതാണ് ഭരണഘടനയെ അനുസരിക്കണമെന്നത്. ദൈവശാസനയ്ക്ക് എതിരേ ജമാഅത്തെ ഇസ്‍ലാമി പ്രവര്‍ത്തിക്കില്ല. ഇസ്‍ലാമികമല്ലാത്തതിനോടു പോലും നന്മയില്‍ സഹകരിക്കണമെന്നാണ്. ജമാഅത്തെ ഇസ്‍ലാമിയുടെ ലക്ഷ്യം ദീനിനെ നിലനിര്‍ത്തലാണ്. അത് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യമാണ്. ജമാഅത്തെ ഇസ്‍ലാമി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുന്നില്ല. പ്രവാചകന്‍ പ്രതിനിധീകരിച്ചത് നീതിയുടെ രാഷ്ട്രീയമാണ്. ജമാഅത്തെ ഇസ്‍ലാമി നിലകൊള്ളുന്നത് ഇസ്‍ലാമിനുവേണ്ടിയാണ്, മതരാഷ്ട്രത്തിനുവേണ്ടിയല്ല. പൗരോഹിത്യത്തിലധിഷ്ഠിതമായ മതരാഷ്ട്രത്തെക്കുറിച്ച് ജമാഅത്തെ ഇസ്‍ലാമി ചര്‍ച്ച ചെയ്യുന്നേയില്ല. മതമുക്തമായ പാശ്ചത്യ മതേതരത്വത്തോടാണ് മൗദൂദി വിയോജിച്ചത്. മതത്തെ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ സെക്കുലറിസത്തോട് വിയോജിച്ചിട്ടില്ല. ജനാധിപത്യം മൂല്യാധിഷ്ഠിതമാവണമെന്നാണ് മൗദൂദി പറഞ്ഞത്. ഇവയുടെ ദൗര്‍ബല്യങ്ങളെക്കുറിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നത്. ജമാഅത്തെ ഇസ്‍ലാമിയുടെ അടിസ്ഥാനം മൗദൂദിയല്ല. ജമാഅത്തെ ഇസ്‍ലാമി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുന്നില്ല. ജമാഅത്തെ ഇസ്‍ലാമി രൂപകല്‍പ്പന ചെയ്യുന്നത് മൗദൂദിയാണ്. ആ ഘട്ടത്തില്‍പ്പോലും അദ്ദേഹം പറഞ്ഞിട്ടുണ്ട്, ജമാഅത്തെ ഇസ്‍ലാമിയില്‍ തനിക്ക് യോജിക്കാത്ത പല അഭിപ്രായങ്ങളുമുണ്ടെന്ന്. ('മൗദൂദിയുടെ ആശയങ്ങളല്ല ജമാഅത്തെ ഇസ്‍ലാമി'; അമീര്‍ പി മുജീബ് റഹ്‌മാന്‍, റിപോര്‍ട്ടര്‍, ഡിസംബര്‍ 25, 2024, )

ഡിസംബര്‍ 28- ന്യൂനപക്ഷങ്ങളോട് വോട്ടുവാങ്ങുന്നതില്‍ തെറ്റില്ല

വിവാദം രൂക്ഷമായതോടെ സി.എം.പി നേതാവ് സി.പി ജോണും രംഗത്തിറങ്ങി. ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍.എസ്.എസ്സിനെ എതിര്‍ക്കുന്നതുപോലെ ജമാഅത്തെ ഇസ്‍ലാമിയെയോ എസ്.ഡി.പി.ഐയെയോ എതിര്‍ക്കേണ്ടതില്ല. ഭരണകൂടം പിടിച്ചടക്കാന്‍ ന്യൂനപക്ഷവര്‍ഗീയതക്കെ കഴിയൂ. ചില സംഘടനകളെ ബ്രാന്‍ഡ് ചെയ്യുന്നത് ഹിന്ദുവര്‍ഗീയതയെ ജ്വലിപ്പിച്ച് വോട്ടുനേടാനാണ്. ഇതാണ് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെ ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നത്. (ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് സി പി ജോണ്‍, സുപ്രഭാതം, ഡിസംബര്‍ 28, 2024)

ഡിസംബര്‍ 28- മീഡിയാവണ്‍ റിപോര്‍ട്ടറുടെ മതം

കായംകുളം എംഎല്‍എ, യു പ്രതിഭയുടെ മകന്‍ അടക്കം ഒമ്പതു സുഹൃത്തുക്കളെ കഞ്ചാവ് കൈവശംവച്ചതിന്റെ പേരില്‍ ഡിസംബര്‍ 28ാം തിയ്യതി എക്‌സൈസ് സംഘം പിടികൂടി. ഈ വാര്‍ത്ത മലയാളത്തിലെ മിക്കവാറും എല്ലാ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു. എന്നാല്‍ എം.എല്‍.എ വാര്‍ത്ത നിഷേധിച്ചു. മകന്‍ സുഹൃത്തുക്കളുമായി ഒരുമിച്ചിരിക്കുമ്പോള്‍ എക്‌സൈസ് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും മാധ്യമവാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും അവര്‍ പറഞ്ഞു. വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് എം.എല്‍.എ നടത്തിയത് ('കഞ്ചാവ് വാര്‍ത്ത തെറ്റ്; സുഹൃത്തുക്കളുമായി ഒരുമിച്ചിരുന്ന മകനെ എക്‌സൈസ് ചോദ്യം ചെയ്തു', മനോരമഓണ്‍ലൈന്‍, ഡിസംബര്‍ 28, 2024)

അന്നു വൈകീട്ട് അവര്‍ ഫേസ്ബുക്ക് ലൈവിലൂടെ മാധ്യമങ്ങളെ ശക്തമായി വിമര്‍ശിച്ചു. മനുഷ്യരുടെ മാംസം തന്നാണെങ്കിലും ജീവിക്കാമെന്നു കരുതുന്ന ചില മാധ്യമപ്രവര്‍ത്തകരുണ്ട്. അവരാണ് വ്യാജവാര്‍ത്തക്കു പിന്നില്‍. മാധ്യമങ്ങള്‍ക്ക് തന്നോട് വൈരാഗ്യമുണ്ട്. അവരുടെ തെറ്റുകള്‍ വിളിച്ചുപറയുന്നതുതന്നെ കാരണം. മകന്‍ സുഹൃത്തുക്കളുമായി കൂട്ടംകൂടിയിരിക്കുന്നത് കണ്ട ആരോ വിളിച്ചറിയിച്ചതിനെത്തുടര്‍ന്നാണ് എക്‌സൈസുകാര്‍ പരിശോധനയ്ക്കു വന്നത്. ഉദ്യോഗസ്ഥര്‍ അവരെ ചോദ്യം ചെയ്തു. ഇല്ലാത്ത വാര്‍ത്തയാണ് ഏഷ്യാനെറ്റും 24ന്യൂസും നല്‍കിയത്. മീഡിയാവണും വാര്‍ത്ത കൊടുത്തു. മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണം. നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. കേസെടുത്തിട്ടില്ലെന്ന പ്രതിഭയുടെ വാദം തൊട്ടടുത്ത ദിവസം തന്നെ അപ്രസക്തമായി. കേസെടുത്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ എക്‌സൈസ് വകുപ്പ് പുറത്തുവിട്ടു. (കഞ്ചാവ് കേസില്‍ പ്രതിഭ എം.എല്‍.എയുടെ മകന്‍ ഒന്‍പതാം പ്രതി; എഫ്.ഐ.ആര്‍ പുറത്ത്, ഡിസംബര്‍ 29, 2024)

അടുത്ത ദിവസം എം.എല്‍.എ മറ്റൊരു ലൈവുമായി രംഗത്തുവന്നു. ആദ്യം 24ലെ റിപോര്‍ട്ടറെയാണ് അഭിസംബോധന ചെയ്തത്. മറ്റുള്ളവരുടെ ശവം തിന്നാണോ ജീവിക്കുന്നതെന്ന് അവര്‍ ശകാരിച്ചു. പിന്നീട് തന്റെ സുഹൃത്തുകൂടിയായ മീഡിയാവണ്‍ റിപോര്‍ട്ടറെയും ശകാരിക്കാന്‍ തുടങ്ങി. വ്യാജവാര്‍ത്ത നല്‍കിയതിനുപിന്നില്‍ മതപരമായ ചില ചിന്തകള്‍ മീഡിയാവണിലെ റിപോര്‍ട്ടറുടെ ഭാഗത്തുനിന്നുണ്ടാവാമെന്നാണ് അവരുടെ വിലയിരുത്തല്‍.

യു.പ്രതിഭ

മീഡിയാവണ്‍ റിപോര്‍ട്ടര്‍ക്കുമാത്രം ബാധകമാക്കിയ മതസൂചന വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. രാഷ്ട്രീയനേതാക്കളും രംഗത്തുവന്നു. അന്നുതന്നെ മീഡിയാവണിനുവേണ്ടി വാര്‍ത്ത ചെയ്ത യു ഷൈജു തന്റെ ഭാഗം വിശദീകരിച്ചു. മറ്റുമാധ്യമങ്ങളില്‍ എം.എല്‍.എയുടെ മകന്‍ എന്ന സൂചന ആദ്യമേ നല്‍കിയിരുന്നെങ്കിലും തങ്ങള്‍ അങ്ങനെ ചെയ്തില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. പിന്നീടാണ് വസുതകള്‍ പുറത്തുവന്നത്. അതിനുശേഷമാണ് വാര്‍ത്തയില്‍ എം.എല്‍.എയെന്ന പരാമര്‍ശം കൊണ്ടുവന്നത്. അതേസമയം മറ്റു മാധ്യമപ്രവര്‍ത്തകരിലൊന്നും കാണാത്ത മതവിമര്‍ശനമോ മതബോധമോ തന്നില്‍ കാണുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. (യു.പ്രതിഭയുടെ ആക്ഷേപം: മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ യു.ഷൈജുവിന് പറയാനുള്ളത്, മീഡിയാവണ്‍, ഡിസംബര്‍ 29, 2024)

കഞ്ചാവിനേക്കാള്‍ അപകടകരമാണ് പ്രതിഭയുടെ വാക്കുകളെന്നും ഇത്തരമൊരു പരാമര്‍ശം നടത്തിയ എം.എല്‍.എ മാപ്പുപറയണമെന്നും മീഡിയാവണ്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദ് ആവശ്യപ്പെട്ടു. (കഞ്ചാവിനേക്കാള്‍ അപകടകരമാണ് പ്രതിഭയുടെ വാക്കുകള്‍, മീഡിയവണിനെ കുറിച്ച് പറഞ്ഞതില്‍ മാപ്പ് പറയണം, മീഡിയാവണ്‍, ഡിസംബര്‍ 31, 2024).

ഡിസംബര്‍ 25- ഹിന്ദു ഭൂരിപക്ഷത്തിന്റെ മതേതരത്വം

മാധ്യമപ്രവര്‍ത്തകനായ പ്രമോദ് രാമന്‍ സി.പി.എം ഉയര്‍ത്തിയ വര്‍ഗീയതയെന്ന ആക്ഷേപത്തെ ചരിത്രപരമായി വീക്ഷിക്കാന്‍ തയ്യാറാവുകയും ഒരു നീണ്ട കുറിപ്പായി ഫേസ്ബുക്കിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ബിപന്‍ ചന്ദ്രയുടെ വര്‍ഗീയത ആധുനിക ഇന്ത്യയില്‍ എന്ന കൃതിയാണ് അദ്ദേഹം അതിന് അവലംബമായി എടുക്കുന്നത്. അതുപ്രകാരം മതവിശ്വാസമല്ല വര്‍ഗീയത. മതപ്രചാരണവും അല്ല. മതം മാറ്റവും വര്‍ഗീയതയല്ല. ഇതെല്ലാം ഭരണഘടനാപരമായ നമ്മുടെ അവകാശങ്ങള്‍ ആണ്. ആ അവകാശത്തിനായി സംഘടിച്ചാലും അത് വര്‍ഗീയത അല്ല. ജനാധിപത്യപരമായ മാര്‍ഗം മറികടന്ന് പ്രവര്‍ത്തിച്ചാല്‍ അത് നിയമവിരുദ്ധ പ്രവൃത്തിയാകും എന്നാണ് കാണേണ്ടത്.

രാജ്യത്തെ മതേതര പാര്‍ട്ടികളില്‍ പലതും ഹിന്ദു ഭൂരിപക്ഷത്തിന്റെ മതേതരത്വമാണ് കൊണ്ടുനടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷവിഭാഗങ്ങളോട് ചേര്‍ന്നുനില്‍ക്കാനുള്ള ശ്രമങ്ങള്‍ മുസ്‍ലിംന്യൂനപക്ഷവിഭാഗത്തിന്റെ പാര്‍ട്ടിയായി സി.പി.എമ്മിനെ തെറ്റിദ്ധരിക്കാന്‍ കാരണമായി. ഇത് മറികടക്കാനാണ് സി.പി.എം ശ്രമം. അതിന് സി.പി.എം ഒരു ന്യൂനപക്ഷാനുകൂല പാര്‍ട്ടി ആണെന്ന ധാരണ തിരുത്തണം. ഒരു ന്യൂനപക്ഷ എതിരാളി അപ്പുറത്ത് വേണം. മുസ്‍ലിം ലീഗിനെ വര്‍ഗീയമാക്കി ചിത്രീകരിച്ച 87 ലെ അടവ് ഇപ്പോള്‍ ഓടില്ല. അതിനാല്‍ ജമാഅത്തെ ഇസ്‍ലാമി ആയിക്കോട്ടെ. എസ്.ഡി.പി.ഐയെയും ചേര്‍ത്തുപറയാം. വിശ്വാസ്യത കൂടും. നേടിയ നാല് ലോക്സഭാ സീറ്റുകളില്‍ മൂന്നെണ്ണത്തിലും അവരുടെ പിന്തുണയോടെ ആണെന്ന കാര്യം ആരോര്‍ക്കാന്‍. അങ്ങനെ ജമാഅത്തെ ഇസ്‍ലാമി വര്‍ഗീയമായി. തീവ്രവാദികള്‍ ആയി. (പ്രമോദ് രാമന്‍, എഫ്ബി, ഡിസംബര്‍ 25, 2024)

ഡിസംബര്‍ 28- വിജയരാഘവന്‍ സവര്‍ക്കറാവാന്‍ ശ്രമിക്കുന്നു

ലീഗ് നേതാവും എംഎല്‍എയുമായ ഡോ. എം കെ മുനീര്‍ സി.പി.എമ്മിന്റെ ഇസ്‍ലാമോഫോബിയക്കെതിരേ ചന്ദ്രികയില്‍ സി.പി.എമ്മിന്റെ ഇസ്‍ലാമോഫോബിയ പരീക്ഷണമെന്ന പേരില്‍ മൂന്ന് ലക്കങ്ങളിലായി ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ജമാഅത്തെ ഇസ്‍ലാമിക്കെതിരേയും എസ്.ഡി.പി.ഐക്കെതിരേയും മതരാഷ്ട്രവാദ ആരോപണം ഉന്നയിക്കുന്നതിനെ അദ്ദേഹം ആര്‍എസ്എസ്സിന്റെ പ്രചാരവേലയോടാണ് ഉപമിച്ചത്. ഇന്ത്യാവിഭാജനകാലത്ത് ആര്‍എസ്എസ്സുകാര്‍ പറയാന്‍ അറച്ച കാര്യങ്ങളാണ് സി.പി.എം നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. ജമാഅത്തെ ഇസ്‍ലാമിയെയാണ് പറയുന്നത് മുസ്‍ലിംകളെയല്ല എന്ന വാദവും അദ്ദേഹം തള്ളി. സി.പി.എം നേതാക്കള്‍ ഇസ്‍ലാമോഫോബിയ വളര്‍ത്തുകയാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. വിജയരാഘവന്‍ സവര്‍ക്കറാവാനും പി മോഹനന്‍ മാസ്റ്റര്‍ മോഹന്‍ ഭാഗവതാവാനും മല്‍സരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു (സി.പി.എമ്മിന്റെ ഇസ്‍ലാമോഫോബിയ പരീക്ഷണം, ഡോ. എം കെ മുനീര്‍, ചന്ദ്രിക ദിനപത്രം, ഡിസംബര്‍ 28, 2024).

പിന്നീട് മീഡിയാവണിനു നല്‍കിയ അഭിമുഖത്തിലും മുനീര്‍ ജമാഅത്തിനെ ലക്ഷ്യമിട്ട് സി.പി.എം നടത്തുന്ന വിദ്വേഷപ്രചാരണങ്ങള്‍ ഇസ്‍ലാമോഫോബിയയുടെ ഭാഗമാണെന്ന് വിലയിരുത്തി. വ്യത്യസ്ത ആശയപരിരത്തുള്ളവരായിട്ടും ലീഗും ജമാഅത്തെ ഇ്‌സലാമിയും സഹകരിച്ചിട്ടുണ്ടെന്നും ഫാഷിസത്തിനെതിരേയുളള യുദ്ധത്തില്‍ സി.പി.എം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും ആരോപിച്ചു. (എല്ലാത്തിന് പിന്നിലും ജമാഅത്തെ ഇസ്‍ലാമി എന്ന സി.പി.എം പ്രചാരണം ഇസ്‍ലാമോഫോബിയ: എം കെ മുനീര്‍, ഡിസംബര്‍ 30, 2024, മീഡിയാവണ്‍)

ഡിസംബര്‍ 25- എം ടിയെ വിമര്‍ശിക്കുന്നതാര്?

2024 ഡിസംബര്‍ 25ന് സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ അന്തരിച്ചു. എംടിയുടെ സാഹിത്യസംഭാവനകളെ അനുസ്മരിപ്പിച്ചുകൊണ്ട് നിരവധി എഴുത്തുകള്‍ വിവിധ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇത് ദിവസങ്ങളോളം നീണ്ടുനിന്നു. ഒപ്പം എംടിയുടെ എഴുത്തിനെ വിമര്‍ശിക്കുന്ന എഴുത്തുകളും വെളിച്ചംകണ്ടു. സാമൂഹികമാധ്യമങ്ങളായിരുന്നു പൊതുവെ ഇതിന്റെ വേദി. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സമാനസ്വഭാവമുള്ള ചില എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. വിമര്‍ശകരെ ആക്രമിക്കുന്ന രീതിയാണ് പൊതുവെ കണ്ടതെങ്കിലും ചര്‍ച്ച പല രീതിയിലും വികസിച്ചു.

നിര്‍മാല്യത്തിന്റെ ക്ലൈമാക്‌സ്

ഇതിനിടയില്‍ നിര്‍മാല്യം സിനിമയെക്കുറിച്ചുള്ള പഴയൊരു ചര്‍ച്ച വീണ്ടും പൊതുജനശ്രദ്ധയിലേക്ക് വന്നു. നിര്‍മാല്യം പോലൊരു സിനിമ, പ്രത്യേകിച്ച് ഇത്തരമൊരു ക്ലൈമാക്‌സുള്ള സിനിമ ഇന്ന് എടുക്കാനാവുമോയെന്നായിരുന്നു സിനിമാസ്വാദകര്‍ ചര്‍ച്ച ചെയ്തിരുന്നത്. യഥാര്‍ത്ഥത്തില്‍ എംടി തന്നെയാണ് ഈ ചോദ്യം ആദ്യം ഉന്നയിച്ചത്, ഒരു അഭിമുഖത്തില്‍ (കഥ, തിരക്കഥ, സംവിധാനം: എം.ടി.വാസുദേവന്‍ നായര്‍, ടി അജീഷ് ഉദ്ധരിച്ചത്, മനോരമ, ജൂലൈ 15, 2027 ) എംടിയുടെ മരണം റിപോര്‍ട്ട് ചെയ്ത റിപോര്‍ട്ടര്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ 'നിര്‍മ്മാല്യം പോലൊരു സിനിമ എടുക്കാന്‍ ഇന്ന് എത്രപേര്‍ക്ക് ധൈര്യം ഉണ്ടാകുമെന്ന് എടുത്തു ചോദിച്ചു ('നിര്‍മ്മാല്യം പോലൊരു സിനിമ എടുക്കാന്‍ ഇന്ന് എത്രപേര്‍ക്ക് ധൈര്യം ഉണ്ടാകും; ഉണ്ണി ബാലകൃഷ്ണന്‍, റിപോര്‍ട്ടര്‍, ഡിസംബര്‍ 24, 2024)

1973 നവംബര്‍ 23-നായിരുന്നു നിര്‍മാല്യം തിയേറ്ററുകളിലെത്തിയത്. എം.ടി. വാസുദേവന്‍ നായര്‍ ആദ്യം സംവിധാനം ചെയ്ത സിനിമ ഈ സിനിമ പള്ളിവാളും കാല്‍ച്ചിലമ്പും എന്ന അദ്ദേഹത്തിന്റെ ചെറുകഥയുടെ ചലച്ചിത്രഭാഷ്യമാണ്. ഒരു ഗ്രാമത്തിലെ ദേവീക്ഷേത്രവും അവിടുത്തെ ശാന്തിക്കാരനും വെളിച്ചപ്പാടും കഴകക്കാരനും അവരുടെ ജീവിതവുമാണ് കഥാതന്തു. വെളിച്ചപ്പാടിന്റെ അശ്രദ്ധയില്‍ അയാളുടെ കുടുംബം ശിഥിലമാവുന്നു. പട്ടിണി മാറ്റാന്‍ ഭാര്യക്ക് മൈമുണ്ണിയെന്ന മുതലാളിക്ക് വഴങ്ങേണ്ടിവന്നു. ഇതു കണ്ടുവന്ന വെളിച്ചപ്പാട് അവസാനം തലവെട്ടിപ്പൊളിച്ച് ദേവിയുടെ വിഗ്രഹത്തിലേക്ക് ചോരതുപ്പി ആത്മഹത്യ ചെയ്യുന്നു. (ഇനിവരുമോ ഇതുപോലൊരു ക്ലാസിക്?, 50 വര്‍ഷം പിന്നിട്ട് മലയാളത്തിന്റെ 'നിര്‍മാല്യം', നവംബര്‍ 23, 2023, മാതൃഭൂമി).

'വര്‍ഗീയ'ചിന്തകള്‍ക്കൊണ്ട് സംഘര്‍ഷഭരിതമായ കേരളം നിര്‍മാല്യം പോലുള്ള സിനിമകള്‍ സ്വീകരിക്കാന്‍ കഴിയാത്തവണ്ണം സങ്കുചിതമായിപ്പോയെന്നാണ് പൊതുവെ ഉയര്‍ന്നുവന്ന ആശങ്ക. ഈ സിനിമയെക്കുറിച്ചുള്ള ഇസ്‍ലാമോഫോബിക് ചര്‍ച്ചകളുടെ ദിശയും ഇതിനെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. വെളിച്ചപ്പാടിന്റെ പ്രവര്‍ത്തിയെ ചിലര്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായും മറ്റു ചിലര്‍ മുസ്‍ലിംകളെക്കുറിച്ച് എം.ടി നല്‍കിയ മുന്നറിയിപ്പായും വായിച്ചു. ചിലരാകട്ടെ എംടിയെ വിമര്‍ശിക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമിപോലുള്ള മുസ്‍ലിംസംഘടനകളുടെ പങ്ക് സങ്കല്‍പ്പിക്കുകയും ചെയ്തു.

മൈമുണ്ണിയെ തിരിച്ചറിയൂ!

സംഘപരിവാര്‍ സഹയാത്രികനായ രഞ്ജിത് കാഞ്ഞിരത്തില്‍ നിര്‍മാല്യത്തെക്കുറിച്ച് എഫ്ബിയില്‍ എഴുതിയ കുറിപ്പില്‍ ഭഗവതീസേവ ചെയ്ത വെളിച്ചപ്പാടിന്റെ ദൈന്യജീവിതത്തിനൊടുവില്‍ അയാളെ ഇല്ലാതെയാക്കുന്നത് മൈമുണ്ണിയാണെന്നും അയാളെ വഴിയില്‍ വിട്ടിട്ട് വെളിച്ചപ്പാടിന്റെ പിന്നാലെ ഓടുകയാണ് മലയാളി ഹിന്ദുവെന്നും കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മൈമുണ്ണിയെ തിരിച്ചറിയുകയാണ് വേണ്ടത് അല്ലാതെ എംടിയെ ഓഡിറ്റ് ചെയ്യുകയല്ല: ''ഇയാളെ അറിയുമോ. ഇത് മൈമുണ്ണി. അറുത്ത കൈക്ക് ഉപ്പു തേക്കാത്ത പിശുക്കന്‍, ദയാദാക്ഷിണ്യങ്ങള്‍ ഇല്ലാത്ത ഭീകരന്‍...വെളിച്ചപ്പാടിനെ അറിയും, വെളിച്ചപ്പാടിന്റെ ഭാര്യയെ നന്നായി അറിയും. പക്ഷെ ഇവിടുത്തെ ഹിന്ദുവിന് മൈമുണ്ണിയെ അറിയില്ല...ഇയാളാണ് ഈ മൈമുണ്ണിയാണ് പലിശയെന്ന ഹറാം മാര്‍ഗം ഉപയോഗിച്ചു വെളിച്ചപ്പാടിന്റെ ഭാര്യയെ പിഴപ്പിക്കുന്നത്, നിര്‍മ്മാല്യത്തില്‍. പള്ളിവാളും കാല്‍ച്ചിലമ്പും ചെമ്പട്ടുമണിഞ്ഞു ഭഗവതീ സേവ ചെയ്ത വെളിച്ചപ്പാടിന്റെ ദൈന്യ ജീവിതത്തിനൊടുവില്‍ അയാളെ ഇല്ലാതെയാക്കുന്നത് മൈമുണ്ണിയാണ്. മൈമുണ്ണിയെ വഴിയില്‍ വിട്ടിട്ട് വെളിച്ചപ്പാടിന്റെ പിന്നാലെ ഓടുകയാണ് മലയാളി ഹിന്ദു.. നാം ബുദ്ധിയുണ്ടെങ്കില്‍ ചെയ്യണ്ടത് മൈമുണ്ണിയെ തിരിച്ചറിയുകയാണ്. അല്ലാതെ എം ടി യെ ഓഡിറ്റ് ചെയ്യുകയല്ല. മൈമുണ്ണിയെ നാം തിരിച്ചറിയുന്നു പോലുമില്ല. എം ടി കോടിക്കുന്നത്ത് ഭഗവതി നടയില്‍ തൊഴുതു നില്‍ക്കുന്നത് പാപപരിഹാരാര്‍ത്ഥമല്ല മലയാളി ഹിന്ദുക്കളെ. അങ്ങേരു പ്രാര്‍ത്ഥിക്കുന്നത്, ഞാനിത്രയൊക്കെ എഴുതിയിട്ടും ഈ കഴുതകള്‍ക്ക് കാര്യം മനസ്സിലാകുന്നില്ലല്ലോ എന്റെ ഭഗോതീ എന്നായിരിക്കും. പച്ച വെള്ളം ചവച്ചു കുടിക്കുന്ന ഇവറ്റകളെ നീ തന്നെ കാത്തോണേ എന്നായിരിക്കും''( രഞ്ജിത് കാഞ്ഞിരത്തില്‍, എഫ്ബി, ഡിസംബര്‍ 26, 2024)

എം.ടി വാസുദേവന്‍ നായര്‍

എം.ടി നല്‍കിയ മുന്നറിയിപ്പ്

എ.ബി.സി മലയാളം ഡിസംബര്‍ 26, 2024ന് എംടി എത്രമാത്രം ഹിന്ദുവിരുദ്ധന്‍? എന്ന പേരില്‍ ഒരു ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ടി ജി മോഹന്‍ദാസും വടയാര്‍ സുനിലും പങ്കെടുത്തു. എംടി വാസുദേവന്‍ നായര്‍ ഒരിക്കല്‍ ഒരു പ്രസ്താവനയെക്കുറിച്ച് പറഞ്ഞാണ് ചര്‍ച്ച തുടങ്ങിയത്. അക്രമവും കൊലയും നടത്തിയാല്‍ സ്വര്‍ഗം കിട്ടുമെന്നും അവിടെ ഹൂറിമാര്‍ ബിരിയാണി വിളമ്പുമെന്നുമൊക്കെ കരുതുന്നത് മൗഢ്യമാണ്. അതില്‍നിന്ന് ആളുകള്‍ പിന്‍മാറണം എന്ന് എംടി പറഞ്ഞത്രെ. തുടര്‍ന്ന് ഇരുവരുടെയും ചര്‍ച്ച നിര്‍മാല്യത്തിലേക്ക് കടന്നു.

മോഹന്‍ദാസിന്റെ അഭിപ്രായത്തില്‍ നിര്‍മാല്യത്തെക്കുറിച്ചുള്ള പുരോഗമനകാരികളുടെ നരേഷന്‍ ശരിയല്ല. എം.ടിയുടെ കഥയില്‍ ദേവിയുടെ മുഖത്ത് തുപ്പുന്ന സീനില്ല. സിനിമയായപ്പോള്‍ പുതുതായി ചേര്‍ത്തതാണ്. സിനിമ വന്ന സമയത്ത് ഇതിന്റെ അപകടം മനസ്സിലാക്കിയത് ബഷീറാണ്. ഇതൊരു ഹിന്ദു സിനിമയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ദേവിയുടെ മുഖത്ത് തുപ്പുന്നതല്ല സിനിമയിലെ പ്രധാന സീന്‍. ദാരിദ്ര്യം മുതലെടുക്കുന്ന കുഞ്ഞാലി അവതരിപ്പിച്ച (കുഞ്ഞാലി)മുസ്‍ലിംകഥാപാത്രത്തിന്റെ പ്രവര്‍ത്തിയാണ്. അയാളാണ് വില്ലന്‍. ദേവീവിഗ്രഹത്തില്‍ തുപ്പുന്നയാളുടെ ഭാര്യയെ അയാള്‍ തന്റെ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചു. പിഴപ്പിച്ചുവെന്ന് പറയാനാവില്ല. അയാള്‍ ദാരിദ്ര്യം മുതലെടുക്കുകയാണ്. വെളിച്ചപ്പാടിന്റെ ഭാര്യക്ക് വഴങ്ങേണ്ടിവരികയാണ്. ദേവിയുടെ മുഖത്തു തുപ്പിയെന്ന് പറഞ്ഞുകൊണ്ടുള്ള വാദത്തില്‍ ഹിന്ദുക്കള്‍ വീണുപോയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ സിനിമയിലൂടെ എംടി, ഹിന്ദു സമൂഹത്തിന് മെസേജ് നല്‍കുകയാണ്. നിങ്ങളുടെ യഥാര്‍ത്ഥ ശത്രുവാരാണെന്നാണ് എംടി പറഞ്ഞുതരുന്നത്. അതു മനസ്സിലാക്കിയില്ലെങ്കില്‍ ഓരോ ഹിന്ദുവും വെളിച്ചപ്പാടിനെപ്പോലെ വീണുപോകും. നിര്‍മാല്യം കാണുമ്പോള്‍ പ്രശ്‌നമുണ്ടാകേണ്ടത് മുസ്‍ലിംകള്‍ക്കാണ്. ഈ സിനിമയുടെ യഥാര്‍ത്ഥ പ്രമേയം ബഷീര്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും മെയിന്‍സ്ട്രീം ഹിന്ദുവിന് മനസ്സിലായില്ല. ഈ സിനിമ മൂന്നുതവണ ഇനിയും റിലീസ് ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അസുരവിത്ത് നോവലിനെയും മോഹന്‍ദാസ് സമാനമായ രീതിയിലാണ് വീക്ഷിക്കുന്നത്. അസ്വസ്ഥനായ ഒരു ഹിന്ദു ചെറുപ്പക്കാരന്‍ ഇസ്‍ലാംസ്വീകരിക്കുമ്പോഴുണ്ടാകുന്ന ദുരന്താണത്രെ ഇത് (എംടി എത്രമാത്രം ഹിന്ദുവിരുദ്ധന്‍?, എബിസി മലയാളം ഡിസംബര്‍ 26, 2024)



സംഘികളും മതരാഷ്ട്രവാദികളും എം.ടിക്കെതിരേ

ഡിസംബര്‍ 28ാം തിയ്യതി ദേശാഭിമാനി ദിനപത്രം മറ്റൊരു വാര്‍ത്ത നല്‍കി. കഥാവശേഷനായ ശേഷവും എംടി വാസുദേവന്‍ നായരെ വിമര്‍ശിച്ചും വിഷം തുപ്പിയും ഹൈന്ദവ വര്‍ഗീയവാദികളായ സംഘപരിവാരും മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‍ലാമിയും അദ്ദേഹത്തെ അപമാനിക്കുകയാണ്. ഹൈന്ദവ സമൂഹത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വക്രീകരിച്ചയാളായാണ് എംടിയെ സംഘപരിവാര്‍ ചിത്രീകരിക്കുന്നത്. സവര്‍ണരുടെ കഥകാരനെന്നപോലുള്ള വിശേഷണങ്ങളിലൂടെ അദ്ദേഹത്തിനെതിരേ ജാത്യാധിപക്ഷേപം നടത്തുന്നവരായാണ് ജമാഅത്തെ ഇസ്‍ലാമി ബുദ്ധിജീവികളെ കാണുന്നത്. എംടിയുടേത് മാനവികമായ നിലപാടാണെന്നാണ് പത്രം ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇവ്വിഷയകമായി ഒരു ആരോപണം ഉന്നയിച്ചെങ്കിലും അതിനു തെളിവായി ഒരു വസ്തുതയും റിപ്പോർട്ടിലില്ലായിരുന്നു.

ഇതേ നിലപാട് സി.പി.എം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദനും തൊട്ടടുത്ത ദിവസം ആവര്‍ത്തിച്ചു. സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ ഒപ്പുശേഖരണവുമായി കുറേപ്പേര്‍ എം.ടിയുടെ അടുത്തുചെന്നു. പ്രസ്താവന വായിച്ച എം.ടി, സി.പി.എം ഇല്ലാത്ത കേരളത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒപ്പിടാന്‍ തയ്യാറായില്ല. എം.ടി ഹിന്ദുവിരുദ്ധനാണെന്നും ആചാരങ്ങളുടെ ലംഘകനാണെന്നും ആര്‍.എസ്.എസ് പറയുന്നു. സവര്‍ണ എഴുത്തുകാരന്‍ ചത്തു എന്നാണ് ജമാഅത്തെ ഇസ്‌ളാമി പറയുന്നത്. മരിച്ചു എന്നുപറയാനുള്ള സാമാന്യമര്യാദ കാണിച്ചില്ല. എം.ടി വാസുദേവന്‍ നായരെ ആര്‍.എസ്.എസും ജമാ അത്തെ ഇസ്‌ളാമിയും സൈബര്‍ ആക്രമണത്തിലൂടെ അധിക്ഷേപിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു(ആര്‍.എസ്.എസും ജമാഅത്തെ ഇസ്‌ളാമിയും എം.ടിയെ അധിക്ഷേപിച്ചു: ഗോവിന്ദന്‍, ഡിസംബര്‍ 29, 2024, മാതൃഭൂമി)

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writers

Similar News