ഫലസ്തീൻ: കഫിയ, സ്റ്റാർബക്സ്, സാഹിത്യം, ആവിഷ്കാര സ്വാതന്ത്ര്യം
2024 നവംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം മൂന്ന്
മലയാള മനോരമ പത്രം മുന്‍കയ്യെടുത്ത് 2024 നവംബര്‍ 1-3 തിയ്യതികളില്‍ നടത്തുന്ന സാഹിത്യോത്സവം ‘ഹോര്‍ത്തൂസി’ല്‍ പങ്കെടുക്കേണ്ടിയിരുന്ന കാഞ്ച ഇളയ ഷെപ്പേര്‍ഡ് അവസാന നിമിഷം തന്റെ പരിപാടി റദ്ദാക്കി. നവംബര്‍ രണ്ടിന് കോഴിക്കോട് ആറ്റുവഞ്ചിയെന്ന പേരിലുള്ള വേദിയിലാണ് ചാലഞ്ചിങ് ഡെമോക്രാറ്റിക് നരേറ്റീവ്‌സ്: കാഞ്ച ഇളയാസ് റൈറ്റിങ് ആൻഡ് ആക്റ്റിവിസം എന്ന വിഷയത്തില്‍ ഇന്ത്യയിലെ പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനായ കാഞ്ച ഇളയ സംസാരിക്കേണ്ടിയിരുന്നത്. താന്‍ തെലുങ്ക് പത്രമായ സാക്ഷിയില്‍ എഴുതിയ ഇസ്രായേല്‍ അനുകൂല ലേഖനത്തിന്റെ പേരില്‍ പ്രതിഷേധ ഭീഷണിയുണ്ടെന്നും ഇക്കാര്യത്തില്‍ സംരക്ഷണം നല്‍കാന്‍ കേരള സര്‍ക്കാരോ പരിപാടിയുടെ സംഘാടകരോ തയ്യാറാകാത്തതിനാലാണ് പരിപാടിയുമായി മുന്നോട്ടുപോകേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.
അറിഞ്ഞിടത്തോളം സംഭവിച്ചത് ഇതാണ്: കാഞ്ച ഇളയ തെലുങ്ക് പത്രമായ സാക്ഷിയില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു, 'രണ്ട് രാഷ്ട്രങ്ങളായി ജീവിക്കുക മാത്രമാണ് പരിഹാരം' എന്ന ശീര്‍ഷകത്തില്‍ (രേന്ദു ദേശാലുഗ ബത്തുകടമേ ധാരി). പത്രറിപോര്‍ട്ടുകളില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് അദ്ദേഹം ഫലസ്തീന്‍ വിഷയത്തില്‍ ഫലസ്തീനികളെയും ഇറാനെയും ഭീകരവാദത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നു. ജൂതന്മാര്‍ വികസനത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ഫലസ്തീനികള്‍ക്ക് ശ്രദ്ധ മതത്തിലാണ്.
ഫലസ്തീന്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ ഇസ്രായേലികള്‍ മരുഭൂമികളെ ഉൽപ്പാദന ഭൂമികളാക്കി മാറ്റി. ഫലസ്തീനില്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങളില്ല. അവിടെ മരുഭൂമിയില്‍ കൃഷിപ്പണികള്‍ ചെയ്യുന്ന സ്ത്രീപുരുഷന്മാരെ കാണാനാവില്ല. വയലില്‍ അധ്വാനിക്കുന്ന ഇന്ത്യന്‍ ശൂദ്രരും ദലിതരുമായി ഇസ്രായേല്‍ സ്ത്രീകളെ അദ്ദേഹം സമീകരിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലേഖനത്തിന്റെ ഇസ്ലാമോഫോബിക് സൂചനകളും ഫലസ്തീന്‍ വംശഹത്യയോടുള്ള മൃദുസമീപനവും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ഇതിനിടയിലാണ് അദ്ദേഹം മലയാള മനോരമയുടെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലേക്ക് ക്ഷണിക്കപ്പെട്ടത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവനാണ് ഫെസ്റ്റിവലിന്റെ പ്രധാന സംഘാടകന്‍.
ഈ ലേഖനത്തിന്റെ പേരില്‍ കാഞ്ച ഇളയക്കെതിരേ പ്രതിഷേധമുണ്ടാവാനിടയുണ്ടെന്ന് സംഘാടകരിലൊരാള്‍ ഒക്ടോബര്‍ 29ന് അദ്ദേഹത്തെ അറിയിച്ചു. പ്രതിഷേധം രൂക്ഷമായിരിക്കുമെന്നുകൂടി ബന്ധുപ്രസാദ് എന്ന സംഘാടകന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സംഘാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് (‘Hamasism in Kerala too?: Kancha Ilaiah after Lit Fest cancels his event - ന്യൂസ് മിനിറ്റ്, നവംബര്‍ 5, 2024).
നവംബര്‍ ഒന്നിന് എൻ.എസ് മാധവന്‍ കാഞ്ച ഇളയക്ക് ഒരു മെയില്‍ നല്‍കി. നവംബര്‍ രണ്ടിന് ചില പ്രശ്‌നങ്ങളുണ്ടാകന്‍ സാധ്യതയുണ്ടെന്നായിരുന്നു മാധവന്‍ അതില്‍ പറഞ്ഞിരുന്നത്. ഫസ്തീന്‍ പ്രശ്‌നത്തെക്കുറിച്ചുള്ള ലേഖനമാണ് കാരണം. അദ്ദേഹത്തോട് മറ്റൊരു വിഷയത്തില്‍ പരിപാടിയില്‍ പങ്കെടുക്കണമെന്നും അത് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നുകൂടി മാധവന്‍ എഴുതി.
തനിക്ക് സുരക്ഷയൊരുക്കാന്‍ സംഘാടകരും കമ്മ്യൂണിസ്റ്റ് സര്‍ക്കാരും ശ്രമിക്കണമെന്ന് മറുപടിയില്‍ കാഞ്ച പ്രതികരിച്ചു. കേരളത്തില്‍ വളര്‍ന്നുവരുന്ന ഇത്തരത്തിലുള്ള 'ഹമാസിസ'ത്തിനെതിരേ ശക്തമായ നിലപാടെടുക്കേണ്ടത് സംഘാടകരുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം ഓര്‍പ്പെടുത്തി. പൊലീസ് മുന്നറിയിപ്പു നല്‍കിയ ഭീകരസംഘട ഏതാണെന്ന് പറയണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു. എഴുത്തുകാര്‍ക്കെതിരെ ഭീഷണി മുഴക്കുന്നവര്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു മാത്രമല്ല, ഇന്ത്യക്കുതന്നെ ഭീഷണിയാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി (അവലംബം: Kancha Ilaiah alleges'Hamasims' and 'terrorising newtork' behind the cancellation of hi stalk in Kerala, കൗണ്ടര്‍ കറന്റ്, നവംബര്‍ 3, 2024, കാഞ്ച ഇളയയുടെ കത്തുകള്‍, എന്‍.എസ് മാധവന്റെ മറുപടി). എന്തായാലും കാഞ്ച പരിപാടിയിലൊന്നും പങ്കെടുത്തില്ല.
നവംബര്‍ 30ന് കാഞ്ച അസഹിഷ്ണുതയെ അപലപിച്ചുകൊണ്ട് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. പൊലീസിന്റെ സഹായത്തോടെ പരിപാടി നടത്തണമായിരുന്നുവെന്നും കേരളത്തില്‍ വേരൂന്നുന്ന ഹമാസിസത്തെ പ്രതിരോധിക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമായിരുന്നെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്: ''വിയോജിപ്പുള്ള എഴുത്തുകാരെ ഭയപ്പെടുത്തുകയും, രാജ്യത്തെ സുപ്രധാനമായ കലാസാഹിത്യോത്സവത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഇന്ത്യയിലെയും ലോകത്തെ തന്നെയും അഭിപ്രായ സ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാണ്. അത് കേരളത്തിലെ മുസ്‍ലിംകളാണ് ചെയ്യുന്നതെങ്കില്‍ അത് ഇന്ത്യയ്ക്ക് ഉയര്‍ത്തുന്ന ഭീഷണി വലുതാണ്''. (Kancha Ilaiah allege s'Hamasims' and 'terrorising newtork' behind the cancellation of hi stalk in Kerala, കൗണ്ടര്‍ കറന്റ്, നവംബര്‍ 3, 2024).
മറുനാടന്‍ മലയാളിയെപ്പോലുള്ള ചില മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഭാഗ്യവശാല്‍ തങ്ങളുടേതായ കൂട്ടിച്ചേര്‍ക്കലുകളൊന്നും നടത്തിയില്ല. ഈ വാര്‍ത്ത എന്തുകൊണ്ടോ മുഖ്യധാരാ മാധ്യമങ്ങള്‍ കാര്യമായി കൈകാര്യം ചെയ്തില്ല. ന്യൂസ് മിനിറ്റാണ് പ്രശ്‌നം പുറത്തുകൊണ്ടുവന്നത്.
പ്രതികരണങ്ങള്‍:
ദി ക്രിട്ടിക്ക്:
ചില മാധ്യമങ്ങള്‍ കാഞ്ച ഇളയക്കെതിരേയുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇസ് ലാമോഫോബിയയുടെ പ്രകടമായാണ് മിക്കവരും ഇത് മനസ്സിലാക്കിയത്. അതേസമയം ചിലര്‍ സ്വത്വവാദത്തിന്റെ ദോഷമായാണ് ഇതിനെ കണ്ടത്. അവരിലൊരാളാണ് പി.എ പ്രേംബാബു. 'കാഞ്ച ഇളയുടെത് സ്ത്രീവിരുദ്ധതയും ഇസ്ലാമോ ഫോബിയയും' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തിൽ കാഞ്ചയുടേത് ഇസ് ലാമോഫോബിയയാണെന്ന് തുറന്നെഴുതി. അതേസമയം സ്വത്വവാദത്തിന്റെ ബാധയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി: ''സയണിസത്തിന്റെയും നവ മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഗുണഭോക്താവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ലേഖനത്തിലെ പരാമര്‍ശങ്ങളില്‍ ഏറ്റവും നൃശംസവും ചരിത്ര വിരുദ്ധവുമായത് ഫലസ്തീന്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വംശീയവും ലിംഗ വിവേചനപരവുമായ ഇസ്ലാമോഫോബിക് ആക്രമണമാണ്. ഇത് സംഘപരിവാര്‍ സ്ത്രീ വിരുദ്ധതയുടെ മിമിക്രി രൂപമാണെന്ന് പറയാവുന്നതാണ്.(...) ഫലസ്തീന്‍ സ്ത്രീകള്‍ അവരുടെ ദൈനംദിന ജീവസന്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക മാത്രമല്ല, കുടിയേറ്റ ശക്തികള്‍ക്കെതിരായ ദീര്‍ഘകാല ഫലസ്തീന്‍ ചെറുത്തുനില്‍പ്പില്‍ ഉടനീളം നേതൃത്വപരമായ പങ്കുവഹിച്ചു വരുന്നുമുണ്ട്. (...) ഫലസ്തീന്‍ വനിതാ കമ്മിറ്റികള്‍ അവരുടെ ഭൂമിക്കും മരങ്ങള്‍ക്കും വേണ്ടി മാത്രമല്ല, സാമൂഹിക പ്രവര്‍ത്തനത്തിലൂടെ വികലാംഗര്‍, വൃദ്ധര്‍, കുട്ടികള്‍, നവജാതശിശുക്കള്‍ എന്നിവരുടെ ജീവിതത്തിനും വേണ്ടി പോരാടിക്കൊണ്ടിരിക്കുന്നുമുണ്ട് എന്ന ചരിത്രം, കാഞ്ചാ ഐലയ്യയുടെ ചരിത്രനിരപേക്ഷമായ സ്വത്വവാദ ബുദ്ധിജീവിതത്തിന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ, ഫലസ്തീന്‍ സ്ത്രീകളെ തെറ്റായി ചിത്രീകരിക്കുകയും അവിടത്തെ മുസ്‍ലിം സ്ത്രീകളെ ലിംഗ വിവേചനത്തിന്റെ പേരില്‍ അവരുടെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും അവഗണിക്കുകയും ചെയ്യുന്നത് ഓറിയന്റലിസവും, ഇസ്ലാമോഫോബിയയും ചേര്‍ന്ന സാമ്രാജ്യത്വ പദ്ധതിയല്ലാതെ മറ്റൊന്നുമല്ല.(...)
ഇസ്ലാമോഫോബിയയുടെ ഏറ്റവും ക്രൂരമായ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്നും അതുകൊണ്ടുതന്നെ അവരെ പിഴുതെടുത്ത് തലങ്ങും വിലങ്ങും എറിഞ്ഞാല്‍ ആ വംശത്തെ തന്നെ ലോകത്തിനു മുമ്പില്‍ ഒറ്റപ്പെടുത്താനും നാശോന്മുഖമാക്കുവാനും സാധിക്കുമെന്നും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും സയണിസത്തിനും വേണ്ടി സ്വയം സമുദ്ധരിക്കുന്ന, അതിന് ആനുപാതികമായ ന്യായശാസ്ത്രം അവതരിപ്പിക്കുന്ന കാഞ്ച ഐലയ്യമാര്‍ക്ക് അറിയാമെന്നു പറഞ്ഞാണ് തന്റെ വാദങ്ങള്‍ ഉപസംഹരിക്കുന്നത്. ('കാഞ്ച ഐലയ്യുടേത് സ്ത്രീവിരുദ്ധതയും ഇസ്ലാമോ ഫോബിയയും' , പി.എ പ്രേംബാബു, ദി ക്രിട്ടിക്ക്, ഡിസംബര്‍ 4, 2024)
കൗണ്ടര്‍ കറന്റ്:
കൗണ്ടര്‍ കറന്റാകട്ടെ കാഞ്ചയുടെ വിവാദ ലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അയച്ചുകിട്ടിയെങ്കിലും പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. രാഷ്ട്രീയ അജ്ഞതയും ഇസ് ലാമോഫോബിക് ടോണുമാണ് കാരണമായി പറഞ്ഞത്. ന്യൂസ് മിനിറ്റിന്റെയും അഭിപ്രായം സമാനമായിരുന്നു.
ആവിഷ്‌കാരസ്വാതന്ത്ര്യവും ഇസ് ലാമോഫോബിയയും
മുസ് ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ഘടനയ്ക്കുള്ളില്‍ വായിക്കുന്ന പൊതുബോധം ശക്തമാണ്. അത്തരം നിരവധി സംഭവങ്ങള്‍ പലകാലത്തും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവിടെയും സംഭവിച്ചത് സമാനമാണ്. ആവിഷ്‌കാരസ്വാതന്ത്ര്യം അല്ലെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യം എന്നതിനെ തുറന്ന സംവാദ സ്വാതന്ത്ര്യം, അതല്ലെങ്കില്‍ വിവിധതരത്തിലുള്ള കാഴ്ചപ്പാടുകള്‍ ഒന്നിച്ചുചേരുകയും ഓരോരുത്തര്‍ക്കും അത് തുറന്നുപ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം എന്ന തരത്തിലാണ് വിലയിരുത്തുക പതിവ്. ആ അര്‍ത്ഥത്തില്‍ അതൊരു അധികാരനിരപേക്ഷമായ സങ്കല്‍പ്പമായും കരുതപ്പെടുന്നു.
ഇന്ത്യയില്‍ കലാസൃഷ്ടികളുമായി ബന്ധപ്പെട്ട് നിരവധി തവണ ആവിഷ്‌കാര സ്വാതന്ത്ര്യപ്രശ്‌നം ഉയര്‍ന്നുവന്നിട്ടുണ്ട്. നോവലുകള്‍ക്കെതിരേയും കവിതകള്‍ക്കെതിരേയും സിനിമകള്‍ക്കെതിരേയും ലേഖനങ്ങള്‍ക്കെതിരേയും ഹിന്ദുത്വവാദികള്‍ അണിനിരന്നിട്ടുണ്ട്. ഇന്ത്യയിലെ ദലിത് വാദികളും സ്ത്രീവാദികളും കലാസൃഷ്ടികള്‍ക്കെതിരേ വിമര്‍ശനാത്മകായി സംസാരിച്ചിട്ടുണ്ട്. ഒരു കലാസൃഷ്ടിയെയോ മറ്റെന്തിനെയോ വിമര്‍ശനവിധേയമാക്കാനും നിരൂപണം ചെയ്യാനും അതിന്റെ വിവിധ വശങ്ങളെ ഇഴകീറി പരിശോധിക്കാനും മറ്റുവിഭാഗങ്ങളെപ്പോലെ മുസ് ലിംകള്‍ക്കും അവകാശമുണ്ട്. അതേസമയം കലാസൃഷ്ടിയെയോ അഭിപ്രായസ്വാതന്ത്ര്യത്തെയോ നിരോധിക്കണമോയെന്നത് തികച്ചും മറ്റൊരു പ്രശ്‌നമാണ്.
ഇന്ത്യയില്‍ ഇന്ന് കലാസൃഷ്ടിയെ നിരോധിക്കാന്‍ അവകാശമുള്ള ഏക ഏജന്‍സി ഭരണകൂടമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രകാഴ്ചപ്പാടിന്റെ ഭാഗമായാണ് രാജ്യത്ത് കലാസൃഷ്ടികളും പുസ്തകങ്ങളും പ്രസംഗപരിപാടികളും നിരോധിച്ചിട്ടുള്ളത്. ചില സാമൂഹികവിഭാഗങ്ങളുടെ പ്രത്യേക താല്‍പര്യവും ഭരണകൂടത്തിന്റെ അതതുകാലഘട്ടത്തിലെ രാഷ്ട്രീയതാല്‍പര്യങ്ങളും നിരോധനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു. ഇത്തരത്തില്‍ നിരോധനം അടിച്ചേല്‍പ്പിക്കാനുള്ള കഴിവ് ഇന്ത്യയിലെ ഏതെങ്കിലും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കില്ല, മുസ് ലിംകള്‍ക്ക് ഒട്ടുമില്ല. അവര്‍ ചെലുത്താന്‍ സാധ്യതയുള്ള 'നിരോധന' അധികാരത്തെ മറികടക്കാന്‍ മാത്രം ശക്തമാണ് ഇന്ത്യയിലെ മുസ്ലിംവിരുദ്ധ ഭരണവര്‍ഗം. തങ്ങളുടേതായ കാരണങ്ങളില്‍ ചില ആവിഷ്‌കാരങ്ങള്‍ക്ക് നിയന്ത്രണം വരുത്താന്‍ മുസ്ലിംകള്‍ ആവശ്യപ്പെടാറുണ്ട്. ഇത് ചില സന്ദര്‍ഭങ്ങളില്‍ നിയമപരമായി അനുവദിക്കപ്പെട്ടിട്ടുണ്ട്. കോടതികള്‍ ഇത് കേള്‍ക്കാന്‍ തയ്യാറുമാണ്. എന്നാല്‍, നിയപരമായ നിരോധനത്തിനുള്ള എല്ലാ ആവശ്യങ്ങളും ഒന്നാക്കി കാണിച്ച് അതിന്റെ സന്ദര്‍ഭത്തെയും അധികാരത്തെയും കാണാതെ ആവിഷ്‌കാര സ്വാതന്ത്ര്യ ചര്‍ച്ച അരങ്ങേറുന്നതാണ് ഒരു പ്രശ്‌നം.
ഇന്ത്യ അടക്കമുള്ള ആധുനിക മതേതര ദേശരാഷ്ട്രങ്ങളില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന നിയമങ്ങളെ ആ ദേശരാഷ്ട്രങ്ങളുടെ രാഷ്ട്രീയ സാമൂഹിക പരിഗണനകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു മതേതര ആശയം എന്ന നിലക്കുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് അധികാരനിരപേക്ഷ സങ്കല്‍പ്പമല്ലെന്നും അത് ഘടനാപരമായി ദേശരാഷ്ട്രത്തിന്റെ രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് അടിസ്ഥാനപരമായി തിരിച്ചറിയേണ്ട വസ്തുത. പൊതുമണ്ഡലത്തില്‍ ആര്‍ക്കൊക്കെ സംസാരിക്കാനും കേള്‍ക്കാനുമുള്ള അധികാരമുണ്ടെന്നതും ഈ അധികാരഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ട സംവാദത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യം മുസ് ലിംകളെ വിമര്‍ശിക്കുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയുമോയെന്ന ചോദ്യവും അതുയര്‍ത്തുന്നുണ്ട്. ന്യായമായും മുസ് ലിംകളെ വിമര്‍ശിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. എന്നാല്‍, നേരത്തെത്തന്നെ പല സന്ദര്‍ഭങ്ങളിലും സൂചിപ്പിച്ചപോലെ മുസ്ലിംകള്‍ക്കെതിരേ വംശീയവിദ്വേഷമോ വംശീയഅക്രമങ്ങളോ വംശീയ മുന്‍വിധികളോ വംശീയത ഉല്‍പ്പാദിപ്പിക്കുന്ന അര്‍ത്ഥത്തിലുള്ള വിമര്‍ശനങ്ങളോ നിലപാടുകളോ ആണ് ഇസ് ലാമോഫോബിയയുടെ പരിധിയില്‍ വരുന്നത്. ആവിഷ്‌കാരസ്വാതന്ത്ര്യം എന്നു പറയുന്നതിന്റെ ഒരു വ്യാഖ്യാനം വിമര്‍ശനസ്വാതന്ത്ര്യമാണ്. മറ്റേത് സാമൂഹികവിഭാഗങ്ങളെപ്പോലെത്തന്നെ മുസ്ലിംകളെയും വിമര്‍ശിക്കാന്‍ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും അവകാശമുണ്ട്. യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. എന്നാല്‍, ഇത് വംശീയവാദം ഉല്‍പ്പാദിപ്പിക്കാനുള്ള സ്വാതന്ത്ര്യമല്ല.
കാഞ്ച ഇളയ തനിക്ക് നേരിടേണ്ടിവന്ന ഭീഷണിയെ ആവിഷ്‌കാര/ അഭിപ്രായ സ്വാതന്ത്ര്യവുമായാണ് ബന്ധപ്പെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള പ്രശ്‌നം ഉണ്ടോയെന്നു തന്നെ വ്യക്തമല്ല. ഇങ്ങനെ ഒരു ലേഖനം പുറത്തുവന്നിരിക്കുന്നുവെന്നത് പലരും അറിയുന്നതുതന്നെ ഇങ്ങനെ ഒരു ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് കണ്ടശേഷമാണ്. ഏതെങ്കിലും സംഘടന ഇത്തരമൊരു ഭീഷണി പുറപ്പെടുവിച്ചതായും അറിയില്ല. സംഘാടകര്‍ക്കും വ്യക്തമല്ല. പത്രറിപോര്‍ട്ടുകളും കാണുന്നില്ല. പൊലീസ് അങ്ങനെ കരുതുന്നുവെന്നുമാത്രമാണ് ആകെയുള്ള തെളിവ്. പരിപാടിയുടെ സംഘാടകര്‍ ഒരു പത്രസ്ഥാപനമായിട്ടും ഭീഷണിയെന്താണെന്നും അതില്‍ ഉള്‍പ്പെട്ട സംഘടനയേതാണെന്നുപോലും അവര്‍ക്കോ പൊലീസിനോ കണ്ടെത്താനായിട്ടില്ല. അങ്ങനെയൊരു സാഹചര്യത്തിലാണ് ഏതോ ഒരു മുസ് ലിംസംഘടനയെ പ്രതിസ്ഥാനത്തുനിര്‍ത്തിക്കൊണ്ട് കാഞ്ച ഇളയ പ്രസ്താവന ഇറക്കിയതും പൊലീസിന്റെ കണ്ടെത്തല്‍ മുഖവിലക്കെടുത്ത് മനോരമ പത്രം പരിപാടിയില്‍ മാറ്റം വരുത്തിയതും.
ഇതിനു മുമ്പ് പട്ടാമ്പി കോളജില്‍ നടന്ന കവിതയുടെ കാര്‍ണിവലില്‍ ഇസ്രായേലില്‍നിന്നുള്ള എഴുത്തുകാരന്‍ അമീര്‍ ഓര്‍ ഇസ്രായേലിനെ ന്യായീകരിച്ചു സംസാരിച്ചതിനെ മറ്റൊരു കവി ചോദ്യംചെയ്ത സംഭവമുണ്ടായിട്ടുണ്ട്. ഏതെങ്കിലും മതസംഘടകളായിരുന്നില്ല അതിനു പിന്നില്‍. (കവിതയുടെ കാര്‍ണിവല്‍: ഇസ്രയേല്‍ കവി അമീര്‍ ഓര്‍ പങ്കെടുക്കും, മാതൃഭൂമി, ഫെബ്രുവരി 22, 2024). അവിടെ പ്രത്യേകിച്ച് ഒരു സംഘര്‍ഷവും ഉണ്ടാവുകയും ചെയ്തില്ല. അതേക്കുറിച്ച് ഇസ്ലാമോഫോബിയ റിപ്പോര്‍ട്ട് നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. ഒരാളുടെ അഭിപ്രായം കേള്‍ക്കുന്നതും അതിനോടുള്ള സമാധനാപരമായ വിമര്‍ശനവും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. കാഞ്ച ഇളയുടെ കാര്യത്തില്‍ അതുപോലും ഉണ്ടായിട്ടില്ല. എന്നിട്ടും പൊലീസും സംഘാടകരും വരുമെന്ന് അവര്‍ ഭാവന ചെയ്ത വിമര്‍ശനങ്ങളെ പൈശാചികവല്‍ക്കരിക്കുകയാണ് ചെയ്തത്.
മറ്റൊന്ന് കാഞ്ച ഇളയുടെ ഹമാസിസം എന്ന പ്രയോഗമാണ്. ഫലസ്തീനെതിരേയുള്ള വംശീയ ആക്രമങ്ങളെ ശക്തമായി പ്രതിരോധിക്കുന്ന സംഘടനയാണ് ഹമാസ്. മറ്റൊരു രാജ്യത്ത് മറ്റൊരു സാഹചര്യത്തില്‍ നടക്കുന്ന ഈ പ്രതിഷേധത്തെ പിന്തുണയക്കുന്നതില്‍ മുസ് ലിംകള്‍ മാത്രമല്ല, നിരവധി മറ്റു വിഭാഗങ്ങളും വ്യക്തികളുമുണ്ട്. അതപ്രകാരമായിരിക്കുമ്പോഴാണ് അദ്ദേഹം ഹമാസിസം പോലുള്ള പുതിയൊരു പ്രയോഗവുമായി രംഗത്തുവന്നരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
സ്റ്റാര്‍ബക്‌സും ഫത്‍വയും
ഇസ്രായേല്‍ അനുകൂല നിലപാടിന്റെ പേരില്‍ ലോകം മുഴുവന്‍ ബഹിഷ്‌കരണം നേരിടുന്ന ബ്രാന്‍ഡുകളിലൊന്നാണ് സ്റ്റാര്‍ബക്‌സ്. ഇവരുടെ ഒരു ഔട്ട്‌ലെറ്റ് കോഴിക്കോടും തുടങ്ങിയിട്ടുണ്ട്. ഫലസ്തീന്‍ പ്രശ്‌നം കത്തിനില്‍ക്കുന്ന സമയത്ത് സ്റ്റാര്‍ബക്‌സിനെതിരേ ഫാറൂഖ് കോളജിലെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ഒരു പോസ്റ്റര്‍ പതിച്ചു. തികച്ചും സമാധാപരമായ ഈ സമരത്തിനെതിരെ പൊലീസ് കേസെടുത്തു. ആറു പേരെയാണ് ഈ കേസില്‍ പ്രതിചേര്‍ത്തത്. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സ്റ്റാര്‍ബക്‌സിലേക്ക് മാര്‍ച്ച് നടത്തി. ഈ മാര്‍ച്ചിനെതിരേയും പൊലീസ് കേസെടുത്തു. കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു നാല്‍പ്പതോളം പേര്‍ക്കെതിരേ കേസെടുത്തത്. (സ്റ്റാര്‍ബക്‌സ് ഔട്ട്‌ലെറ്റില്‍ ഫലസ്തീന്‍ പോസ്റ്റര്‍: പ്രതിഷേധ മാര്‍ച്ചിനെതിരെയും കേസെടുത്തു, മീഡിയാവണ്‍, ജനുവരി 9, 2024)
ഈ പ്രതിഷേധ മാര്‍ച്ചും ഫലസ്തീന്‍ പ്രശ്‌നവും ചൂണ്ടിക്കാട്ടി അമേരിക്കയില്‍നിനുള്ള ഒരു മലയാളി യുട്യൂബര്‍ ഒരു വീഡിയോ ചെയ്തു. ഇസ്രായേലിന് പിന്തുണ നല്‍കുന്ന കമ്പനിയെന്ന നിലയില്‍ സ്റ്റാര്‍ബക്‌സിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തെ പരിഹസിക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം: ''ഏതോ ഒരു സുഡാപ്പി ആ വഴിയിലൂടെ പോയി സ്റ്റാര്‍ ബക്‌സ് നടത്തുന്നത് ഒരു ജൂതനാണെന്ന് മനസ്സിലായി. പാവം ഫലസ്തീനികളെ കൊല്ലുന്നത് സ്റ്റാര്‍ബക്‌സില്‍നിന്നുള്ള പണം കൊണ്ടാണെന്ന് ഈ സുഡാപ്പി വിളിച്ചുപറഞ്ഞു. സുഡാപ്പി വിചാരിച്ചത് ഇത് കേട്ടാല്‍ അമേരിക്കക്കാര്‍ സ്റ്റാര്‍ബക്‌സില്‍ കയറി കഴിക്കില്ലെന്ന് സുഡാപ്പി കരുതി. ഇത് കേട്ടതോടെ സായിപ്പ് സ്റ്റാര്‍ബക്‌സില്‍നിന്ന് ഇറങ്ങാതായി. ഇന്ന് മുക്കിലും മൂലയിലും സ്റ്റാര്‍ബക്‌സാണ്. അങ്ങനെയെങ്കിലും തീവ്രവാദമില്ലാതാവട്ടെയെന്ന് സായിപ്പ് വിചാരിച്ചു. അന്ന് ഒരു ഡോളറിന് കിട്ടിയിരുന്ന കാപ്പി ഇന്ന് നാല് ഡോളറിനാണ് വില്‍ക്കുന്നത്. (...) ഇപ്പോ സായിപ്പും കാപ്പിരിയും മെക്‌സിക്കന്‍സും സ്റ്റാര്‍ബക്‌സില്‍നിന്ന് ഇറങ്ങാതായി. ഈയടുത്ത് കോഴിക്കോട് സ്റ്റാര്‍ബക്‌സ് തുടങ്ങി. ടാറ്റയുമായി ടൈയപ്പിലാണ് തുടങ്ങിയത്. അപ്പോള്‍ മീഡിയാവണിലെ മുത്ത് പറയാണ് ജനാധിപത്യരാജ്യമല്ലെ, നമുക്ക് സ്റ്റാര്‍ബക്‌സിനെതിരേ സമരം ചെയ്തൂടെയെന്ന്.
ഒരു അവകാശമെന്ന നിലയില്. സ്റ്റാര്‍ബക്‌സ് ജൂതന്റെയാണെന്നും ഫലസ്തീനികളെ തകര്‍ക്കാന്‍ ഉപോയഗിക്കുന്നത് ഈ പണമാണെന്നുമാണ് ലോകത്തെല്ലാവരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല, അത് ടാറ്റയുമായി ടൈയപ്പിലാണ് തുടങ്ങിയത്. ബഹിഷ്‌കരിക്കാന്‍ പറഞ്ഞതോടെ സംഘമിത്രങ്ങളും ക്രിസംഘികളും സ്റ്റാര്‍ബക്‌സില്‍നിന്ന് ഇറങ്ങാത്ത സ്ഥിതിയാവും. വേറെ രീതിയിലാണ് ദാവൂദ് പറയാന്‍ ശ്രമിച്ചെങ്കിലും പണി പാളി. സുഡാപ്പി കേറണ്ടെന്നുതന്നെയാണ് സ്റ്റാര്‍ബക്‌സിന്റെ അഭിപ്രായം. (...) തിരുവനന്തപുരത്തും കോഴിക്കോടും കൊച്ചിയിലും ചതുപ്പ് നിലം നികത്തി രാഷ്ട്രീയക്കാര്‍ക്ക് കൈക്കൂലി കൊടുത്താണ് മാള് മുതലാളി മാള് പണിതത്. ഇതുപോലൊരു ഫത്വ സംഘമിത്രങ്ങളും കൃസംഘികളും കൊടുത്താല്‍ മാളുമുതലാളി മാളടച്ചുപോകേണ്ടിവരും. ഫത്വ പൊറപ്പെടുവിച്ചത് സ്റ്റാര്‍ബക്‌സിനെതിരേയാണ്. പക്ഷേ, തിരിച്ചടിച്ചത് മാള് മുതലാളിക്കെതിരേയും. അടുത്ത ഫത്വവകള്‍ വരുംതോറും സുഡാപ്പികള്‍ ഗതികെടും. ( കേരളത്തില്‍ വീണ്ടും ദാവൂദ് വക ഫത്‍വ - സ്റ്റാര്‍ബക്‌സിനെതിരെ, വിക്റ്റര്‍ ജോര്‍ജ്, നവംബര്‍ 17, 2024).
ബഹിഷ്‌കരണാഹ്വാനത്തെ പരിഹസിക്കുന്നതോടൊപ്പം ചില തെറ്റായ വസ്തുകള്‍ക്കൂടി യൂട്യൂബര്‍ നിരത്തുന്നുണ്ട്. ബഹിഷ്‌കരണം സ്റ്റാര്‍ബക്‌സിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ കാരണമായെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. മറ്റൊന്ന് ഇന്ത്യയിലുള്ളത് ടാറ്റയുടേതാണെന്നും അദ്ദേഹം വാദിച്ചു.
ഒരു കാര്യം യുട്യൂബര്‍ പറഞ്ഞത് ശരിയാണ്: സ്റ്റാര്‍ബക്‌സും ടാറ്റ ഗ്രൂപ്പും ചേര്‍ന്ന് 2012ലാണ് ടാറ്റ സ്റ്റാര്‍ബക്‌സ് ഇന്ത്യയില്‍ ആരംഭിച്ചത്. ടാറ്റ സ്റ്റാര്‍ബക്‌സിന് ഇപ്പോള്‍ 70 നഗരങ്ങളിലായി 457 കഫേകള്‍ ഉണ്ട്. (ഇന്ത്യയിലുള്ള എല്ലാവരെയും കോഫി കുടിപ്പിക്കാന്‍ ടാറ്റ സ്റ്റാര്‍ബക്‌സ്; കഴിഞ്ഞ വര്‍ഷം പോക്കറ്റുകളില്‍ നിന്നും ചോര്‍ത്തിയത് 1087 കോടി; ചെറുപട്ടണങ്ങളിലും സ്റ്റോറുകള്‍ തുറക്കുന്നു, സൗത്ത് ലൈവ്, ഡിസംബര്‍ 4, 2024).
2023 ഒക്ടോബറില്‍ സ്റ്റാര്‍ബക്‌സ് കമ്പനിയിലെ യൂണിയന്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കമ്പനിയാകട്ടെ തങ്ങളുടെ ട്രേഡ് മാര്‍ക്ക് ദുരുപയോഗംചെയ്‌തെന്ന് ആരോപിച്ച് യൂണിയനെതിരെ നിയമനടപടിയിലേക്ക് നീങ്ങി. അതോടെ ബ്രാന്‍ഡ് പ്രതിസന്ധിയിലായി. അതിനിടയിലാണ് ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധം ശക്തമായത്. സ്വഭാവികമായും സ്റ്റാര്‍ബക്‌സിനെതിരേയുള്ള ബഹിഷ്‌കരണാഹ്വാനവും ശക്തമായി. ഇത് അവരുടെ വരുമാനം ഏഴ് ശതമാനമായി ഇടിച്ചു. 2024 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് കൂടുതല്‍ ഇടിവുണ്ടായത്.
ജനുവരി-മാര്‍ച്ചില്‍ രണ്ട് ശതമാനവും ഏപ്രില്‍-ജൂണ്‍ കാലത്ത് മൂന്ന് ശതമാനവും ഇടിവ് നേരിട്ടിരുന്നു. ബഹിഷ്‌കരണം സ്റ്റാര്‍ബക്‌സിന്റെ ഓഹരി വില്‍പ്പനയെയും ബാധിച്ചു. (ബഹിഷ്‌കരണാഹ്വാനം: സ്റ്റാര്‍ബക്‌സിന്റെ വില്‍പ്പനയില്‍ വീണ്ടും ഇടിവ്, ഒക്ടോബര്‍ 25, 2024, ഡൂള്‍ ന്യൂസ്). വസ്തുത ഇതായിരിക്കെയാണ് യുട്യൂബര്‍ വസ്തുതാവിരുദ്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.
കഫിയ ധരിച്ചാല്‍:
2024 നവംബര്‍ ഏഴിന് കൊച്ചിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും തമ്മില്‍ നടന്ന മത്സരം വീക്ഷിക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകന്‍ റിജാസ് എം. സിദ്ദീഖിനെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അമീന്‍, അബ്ദുള്ള, മിതിലാജ് എന്നിവരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും അഞ്ചുമണിക്കൂറോളം കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തു. കഫിയ ധരിച്ചതുകൊണ്ടാണോ കസ്റ്റഡിയിലെടുത്തതെന്ന് ഇവര്‍ ചോദിച്ചെങ്കിലും പൊലീസ് നിഷേധിച്ചു. അതേസമയം, കഫിയ ധരിച്ചാല്‍ സംശയം തോന്നുമെന്നും പറഞ്ഞു.
മതം ജീവിതചര്യയുടെ ഭാഗമാണോ, എന്തൊക്കെയാണ് വായിക്കുന്നത്, മദ്രസയില്‍ എത്രവരെ പഠിച്ചിട്ടുണ്ട് എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് പൊലീസ് അന്ന് അവരോട് ചോദിച്ചത്. ഇതുകൂടാതെ കുടുംബാംഗങ്ങളുടേത് ഉള്‍പ്പെടെയുള്ള വിവരങ്ങളും രേഖപ്പെടുത്തി. മാച്ചില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനുള്ള പദ്ധതികളൊമൊന്നുമായിട്ടല്ല വന്നതെന്ന് ബോധ്യപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നുവെങ്കിലും പൊലീസ് നടപടിയുണ്ടായി (പലസ്തീന്‍ ഐക്യദാര്‍ഢ്യത്തോട് കേരള സര്‍ക്കാരിന്റെ നിലപാടെന്ത്?, മൃദുല ഭവാനി, കേരളീയം, നവംബര്‍ 14, 2024).
സംഭവം നടന്ന് ദിവസങ്ങള്‍ക്കുശേഷം (നവംബര്‍ 12) റിജാസിനെ എടിഎസ്സില്‍നിന്ന് വിളിച്ചു നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. ആശുപത്രിയിലേക്ക് പോവുകയായിരുന്നതുകൊണ്ട് റിജാസിനെ അവര്‍ക്ക് നേരില്‍ കാണാനായില്ല. പക്ഷേ, അന്നുതന്നെ പൊലീസ് റിജാസിന്റെ വീട്ടിലെത്തി മാതാവിനെ ചോദ്യം ചെയ്തു. റിജാസ് പറയുന്നതനുസരിച്ച്, ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ഉമ്മ ഷീബ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭയന്നുപോയതിനാല്‍ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ തിരക്കാന്‍ ഉമ്മയ്ക്ക് സാധിച്ചില്ല. രണ്ട് ഉദ്യോഗസ്ഥരാണ് വീട്ടിലെത്തിയിരുന്നത്.
ഫലസ്തീന്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മയായ 'ഫ്രണ്ട്‌സ് ഓഫ് പലസ്തീന്‍' എന്ന സംഘത്തിന്റെ കണ്‍വീനറാണ് റിജാസ്. കൊച്ചി ജെഎന്‍എല്‍ സ്റ്റേഡിയത്തിനകത്തേക്ക് കയറാന്‍ വരി നില്‍ക്കുമ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കഫിയ ധരിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടി റിജാസിനെയും സുഹൃത്തുക്കളെയും തടഞ്ഞുവെച്ചത്.
അന്ന് കൂട്ടത്തിലുണ്ടായിരുന്ന അമീന്‍ എന്ന യുവാവിനെ പിന്നീട് മലപ്പുറം ക്രൈം ബ്രാഞ്ച് ബന്ധപ്പെട്ടിരുന്നതായി റിജാസ് പറഞ്ഞു. അമീന്‍ എന്തിന് കൊച്ചിയിലെത്തിയെന്നാണ് അവര്‍ ചോദിച്ചത്. മലപ്പുറംകാരനായ അദ്ദേഹം കൊച്ചിയിലാണ് ജോലി ചെയ്തിരുന്നത്. കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ക്ലബ്ബ് സ്റ്റേഡിയത്തില്‍ നിരോധിച്ചിട്ടുള്ള വസ്തുക്കളില്‍ കഫിയ ഉള്‍പ്പെടുത്തിയിട്ടില്ല എന്നിരിക്കെയായിരുന്നു പൊലീസിന്റെയും സുരക്ഷാ ജീവനക്കാരുടെയും നടപടി.
നേരത്തെ, കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മാധ്യമമായ മക്തൂബ് മീഡിയയില്‍ റിജാസ് എഴുതിയ റിപ്പോര്‍ട്ടിന്റെ പേരില്‍ പൊലീസ് അദ്ദേഹത്തിനെതിരെ കലാപശ്രമത്തിന് കേസെടുത്തിരുന്നു. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി മുസ്ലിം ചെറുപ്പക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിജാസിന്റെ അന്നത്തെ റിപ്പോര്‍ട്ട്. പിന്നാലെയാണ് മക്തൂബ് മീഡിയയ്ക്കും റിജാസിനുമെതിരെ കോഴിക്കോട് റൂറല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. (കലൂര്‍ സ്റ്റേഡിയത്തില്‍ കഫിയ ധരിച്ചു ഐഎസ്എല്‍ കാണാനെത്തി; യുവാവിന്റെ വീട്ടില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡെത്തിയതായി ആരോപണം, ദി ഫോര്‍ത്ത്, നവംബര്‍ 12, 2024).
വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ ഉമ്മയോട് ചോദിച്ച എല്ലാ ചോദ്യങ്ങളും വിശ്വാസവുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് റിജാസ് പറയുന്നു. മതവിശ്വാസിയാണോ, വായിക്കുന്ന പുസ്തകങ്ങള്‍ ഏതൊക്കെ, വീട്ടില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ടോ, വിദ്യാഭ്യാസ പശ്ചാത്തലം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയായിരുന്നു മറ്റു ചോദ്യങ്ങള്‍. ഇതിനെതിരേ റിജാസ് തന്റെ ഫേസ്ബുക്ക് വാളിലൂടെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു: ഫലസ്തീന് വേണ്ടിയുള്ള സമരം സിപിഎമ്മിന് മാത്രമുള്ളതാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം!, ഫലസ്തീനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് തന്റെ അഭാവത്തില്‍ കുടുംബത്തോട് അന്വേഷിക്കാന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) ഉദ്യോഗസ്ഥരെ വീട്ടിലേക്ക് അയച്ചതിലൂടെ സംസ്ഥാന സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്കുന്നത്?, ഫലസ്തീന്‍ അനുകൂല പരിപാടി കേരള സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം തീവ്രവാദമാണോ?(റിജാസ് എം, നവംബര്‍ 12, 2024, എഫ്ബി).
കേരളത്തില്‍ വര്‍ഷങ്ങളോളം കഫിയ്യ ധരിച്ച് നടന്നയാളാണ് റിജാസിനൊപ്പം കസ്റ്റഡിയിലായ തിരുവനന്തപുരം സ്വദേശി അബ്ദുള്ള. അത് അസാധാരണമായ അനുഭവങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് അബ്ദുള്ള പറയുന്നു. അദ്ദേഹത്തിന്റെ അനുഭവം കേരളീയം വെബ് പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തിരുന്നു: ''കഫിയ്യ എന്നത് പ്രതിരോധത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ചിഹ്നമാണ്. പക്ഷേ ഇവിടെ ഇവര്‍ അതിനെ കാണുന്നത് ഭീകരവാദത്തിന്റെ ചിഹ്നമായിട്ടാണ്. കഫിയ്യ ഭീകരവല്‍ക്കരിക്കപ്പെടുന്നു എന്നുള്ളതാണ്, അത് ധരിച്ചുവരുന്നവരെല്ലാം ഭീകരര്‍ ആയിരിക്കും എന്നൊരു ധാരണയാണ്. പലസ്തീന്‍ പ്രശ്നം തുടങ്ങിയതിനു ശേഷമാണ് ഇങ്ങോട്ടൊക്കെ ആളുകള്‍ കഫിയ്യ ധരിച്ചുതുടങ്ങിയത്. ഞാന്‍ അതിനുമുമ്പേ കഫിയ്യ ധരിക്കുന്ന ആളാണ്. അറിവുവെച്ച കാലം തൊട്ടേ പലസ്തീന്‍ വിഷയവും ഇസ്രായേല്‍ വിഷയവുമൊക്കെ വായിക്കുന്നൊരു വ്യക്തിയാണ്. വര്‍ഷങ്ങളായി കഫിയ്യ ഉപയോഗിക്കുന്നയാളാണ്. താടിയും തൊപ്പിയും വെച്ചവരെല്ലാം ഭീകരവാദികളാണ് എന്നാണല്ലോ പൊതുസമൂഹത്തിന്റെ മുമ്പില്‍ ചിത്രീകരിക്കപ്പെടുന്നത്. കഫിയ്യ ധരിച്ച് ബസ്സിലൊക്കെ യാത്ര ചെയ്യുമ്പോള്‍ ഒരുപാട് ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. അതനുസരിച്ച് തിരിച്ച് പ്രതികരിക്കാതെ ചിരിച്ചുകൊണ്ട് പോയിട്ടേ ഉള്ളൂ.
ഞാന്‍ വന്ന് ഇരുന്നപ്പോള്‍ ആഹാരം കഴിക്കുന്ന ബെഞ്ചില്‍നിന്ന് എഴുന്നേറ്റ് പോയ ആളുകളുണ്ട്. ആളുകള്‍ അത്രമാത്രം ഇതിനോട് ശത്രുത കാണിക്കുന്നുണ്ട്, സ്റ്റേറ്റും മീഡിയയും. സോഷ്യല്‍ മീഡിയയില്‍ ഇത് നല്ലവണ്ണം പ്രചരിക്കുന്നുണ്ട്. ഞാനൊരു മുസ്ലിമും കൂടെ ആയതുകൊണ്ട് അവര്‍ക്ക് എളുപ്പമാണല്ലോ. ഇന്ത്യ എന്ന് പറയുന്നത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണല്ലോ. കണ്‍മുന്നില്‍ നടക്കുന്നൊരു വംശഹത്യയാണ്. അതില്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്നത് കുട്ടികളാണ്. ഇന്ത്യയിലെ രാഷ്ട്രീയം ആ കൊല്ലപ്പെടുന്നവരുടെ മതം വെച്ചാണ് നോക്കുന്നത്. കൊല്ലപ്പെടുന്നത് മുസ്ലീം ആണല്ലോ എന്ന്. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നതും ന്യൂനപക്ഷത്തെ അടിച്ചമര്‍ത്തുക എന്നതാണ്. അങ്ങനെയൊരു പൊതുബോധം ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ കഴിയുന്നില്ല. എത്തിക്കാന്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ഇതാണ് അവസ്ഥ'' - പ്രത്യക്ഷത്തില്‍ പലസ്തീന്‍ അനുകൂലമാണെന്ന് പറയുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും നേരെ വിപരീതമാണ് എന്നാണ് മനസ്സിലാക്കുന്നത് എന്നും അബ്ദുള്ള പറയുന്നു (പലസ്തീന്‍ ഐക്യദാര്‍ഢ്യത്തോട് കേരള സര്‍ക്കാരിന്റെ നിലപാടെന്ത്?, മൃദുല ഭവാനി, കേരളീയം, നവംബര്‍ 14, 2024).
ചരിത്രവിരുദ്ധമായ വായനകള്‍
കേസരി വാരിക ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ സംരക്ഷകരും പ്രചാരകരുമാണ്. കല്ലറ അജയനാണ് കേസരിയിലെ വാരാന്ത്യവിചാരങ്ങള്‍ എന്ന പംക്തി എഴുതുന്നത്. അതില്‍ പ്രത്യക്ഷപ്പെട്ട രണ്ട് പരാമര്‍ശങ്ങള്‍ എടുത്തു ചേര്‍ക്കുന്നു, ചരിത്രവിരുദ്ധമായ വായനയെന്ന വിശേഷണത്തോടെ.
''ലോകത്തെ അറിയപ്പെട്ട തീവ്രവാദികള്‍ പലരും കൈയില്‍ അവരുടെ പ്രിയപ്പെട്ട പുസ്തകവുമായിട്ടാണ് പലപ്പോഴും മരിച്ചുവീണിട്ടുള്ളത്. ജൂതന്മാരെ ചുട്ടുകൊന്ന ഹിറ്റ്ലറുടെ കൈയില്‍ എപ്പോഴും മാര്‍ട്ടിന്‍ലൂഥറുടെ ‘Jews and their lies’ എന്ന പുസ്തകമുണ്ടാകുമായിരുന്നു. മറ്റു മതക്കാരെ കൊന്നുതള്ളുന്ന പല തീവ്രവാദികളും ഇന്ന് വിശുദ്ധഗ്രന്ഥങ്ങളായി മൗദൂദിയുടെ കൃതികള്‍ കൂടെക്കൊണ്ടുനടക്കുന്നു.''
''ഫലസ്തീനിലെ യുദ്ധത്തെയും മരണത്തെയും കുറിച്ച് ജെ. രഘു മലയാളത്തില്‍ എഴുതിയിരിക്കുന്നു. സ്ത്രീകളും കുട്ടികളും മരിക്കുന്നതില്‍ രഘുവിന്റെ ഉത്ക്കണ്ഠ തീര്‍ച്ചയായും പങ്കുവയ്ക്കപ്പെടേണ്ടതാണ്. എന്നാല്‍ ഇസ്രായേലിലെ കുട്ടികളും സ്ത്രീകളും അനുഭവിച്ച വേദനയോടും നമ്മള്‍ ഐക്യപ്പെടേണ്ടതുണ്ട്. പലസ്തീനില്‍ അണ്ടര്‍ഗ്രൗണ്ട് ടണലുകളും യുദ്ധസന്നാഹങ്ങളുമൊരുക്കാന്‍ ചെലവാക്കിയ പണത്തിന്റെ പത്തിലൊന്നുപോലും വേണ്ട ആ രാജ്യത്ത് സുഖവും ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍. ഇസ്രായേല്‍ എന്ന കൊച്ചുരാജ്യത്തിനെതിരെ ഏഴ് യുദ്ധമുഖങ്ങളില്‍ നിന്നാണ് ആക്രമണം നടക്കുന്നത്.
'ജൂതന്മാരെ കൊന്നൊടുക്കൂ' എന്ന വംശീയവെറി പിടിച്ച മുദ്രാവാക്യമാണ് ലോകമെങ്ങും മുഴങ്ങിക്കൊണ്ടിരിക്കുന്നത്. നമ്മുടെ കേരളത്തില്‍ പോലും സ്ഥിതി വ്യത്യസ്തമല്ല. ഇതൊക്കെ അവസാനിപ്പിക്കേണ്ടതാണ്. ജൂതന്‍ ആരേയും കടന്നാക്രമിക്കുന്നില്ല. മതപരമായ ഒരു പ്രസ്താവനപോലും നെതന്യാഹു നടത്തുന്നില്ല. എന്നാല്‍ മറിച്ചോ? 'ജൂതനെ ഇല്ലായ്മ ചെയ്യൂ' എന്നാണ് എല്ലായിടത്തുനിന്നും കേള്‍ക്കുന്നത്''.(വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് മൂന്ന് കൃതികള്‍, കല്ലറ അജയന്‍, കേസരി വാരിക, നവംബര്‍ 8, 2024)
വളച്ചൊടിക്കപ്പെട്ടതും ചരിത്രവിരുദ്ധവുമായ പരാമര്‍ശങ്ങളാണ് ഇവ രണ്ടും. ഇസ്രായേലിനെതിരേ സായുധമുന്നേറ്റം നടത്തുന്ന ഒരു സംഘടന പോലും മതവിഭാഗമെന്ന നിലയില്‍ ജൂതന്മാര്‍ക്കെതിരെയല്ല. ഫലസ്തീന്‍ പ്രശ്‌നത്തെ മുസ്ലിം സമൂഹം കാണുന്നതുപോലും കൊളോണിയല്‍ പ്രശ്‌നമോ രാഷ്ട്രീയപ്രശ്‌നമോ ആയിട്ടാണ്. അല്ലാതെ ജൂതമതം മുസ്ലിംകളോട് ചെയ്യുന്ന തിന്മയായല്ല. ഇസ്രായേലി പ്രശ്‌നത്തെ ജൂതപ്രശ്‌നമായി കാണരുതെന്ന് നിര്‍ബന്ധം പിടിക്കുന്ന പ്രധാന സംഘടനകളിലൊന്നാണ് ഫലസ്തീനില്‍ സജീവമായ ഹമാസ്. ഇക്കാര്യം ജൂതമതനേതാക്കള്‍ക്ക് അറിയുകയും ചെയ്യാം. അതുകൊണ്ടാണ് ലോകത്തെ പല ജൂതറബ്ബിമാരും ഇസ്രായേലിനെ തള്ളുന്നതും ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതും.
അതോടൊപ്പം ഫലസ്തീനില്‍ ഒരു കൂലിപ്പട്ടാളത്തെപ്പോലെ കൂട്ടക്കൊല നടത്തുന്ന ഇസ്രായേലി സൈന്യത്തെയും ഫലസ്തീനിലെ വിമോചനപ്രസ്ഥാനങ്ങളെയും മനുഷ്യാവകാശത്തിന്റെ ഭാഷയില്‍ സമീകരിക്കുന്നത് ഇസ്രായേലിനെ ന്യായീകരിക്കാന്‍ മാത്രമാണ്.