നവോത്ഥാന പാരമ്പര്യത്തെ വഴിപിഴപ്പിക്കുന്ന വെള്ളാപ്പള്ളി

ഹിന്ദുത്വ ഭീകരതയുടെ കാലത്ത് ഇരകളാക്കപ്പെടുകയും അപരവത്കരിക്കപ്പെടുകയും ചെയ്യുന്ന സമുദായം എന്ന നിലയില്‍ മുസ്‌ലിംകള്‍ അതിജീവനത്തിനായി വോട്ടുപയോഗിക്കുന്നെങ്കില്‍ അതിലെവിടെയാണ് അധാര്‍മികത.

Update: 2024-07-31 12:31 GMT
Advertising

വര്‍ഷങ്ങളോളം കെ.പി ശശികലയടക്കം കേരളത്തിലെ ഹിന്ദുത്വവാദികള്‍ പറഞ്ഞു പ്രചരിപ്പിച്ചിരുന്നത് കാണിയ്ക്ക അടക്കമുള്ള ക്ഷേത്രവരുമാനം മുഴുവനായി സര്‍ക്കാര്‍ ഖജനാവിലേക്കാണ് പോകുന്നതെന്നും മുസ്‌ലിംകളും ക്രിസ്ത്യാനികളുമടക്കമുള്ളവര്‍ക്കായി സംസ്ഥാനത്തിന്റെ പൊതുവികസനത്തിന്റെ പേരില്‍ ഹിന്ദുക്കളുടെ പണം ഉപയോഗിക്കുന്നുവെന്നുമാണ്. ഇത് വെറും നുണയാണെന്ന് സംസ്ഥാനം മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ക്കറിയാമായിരുന്നു. എന്നിട്ടും അവരാരും അതിനെ ചോദ്യം ചെയ്യുക പോയിട്ട് അതില്‍ അഭിപ്രായം പറയുക പോലുമുണ്ടായില്ല.

കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ചില കോണ്‍ഗ്രസ്സ് നേതാക്കളാണ് ഇത് നുണയാണെന്നും സംസ്ഥാന ട്രഷറിയിലേക്കല്ല, ദേവസ്വം ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ പണം പോകുന്നതെന്നും, സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ഈ പണം ചെലവഴിച്ചിട്ടില്ലായെന്നും പരസ്യമായി തുറന്നുപറഞ്ഞത്. ഭരണം കൈയാളിയിരുന്നവര്‍ ഇത്തരമൊരു നുണയ്‌ക്കെതിരെ ദീര്‍ഘകാല മൗനം പാലിച്ചതുകൊണ്ട് രാഷ്ട്രീയമായി ഗുണകരമായത് ഹിന്ദുത്വവാദികള്‍ക്കാണ്. ഈ രീതിയില്‍ നിരന്തര നുണകളിലൂടെ അവരുല്‍പാദിപ്പിക്കുന്ന പൊതുബോധമുണ്ട്. ആ പൊതുബോധത്തിന്റെ രാഷ്ട്രീയ വികാസമാണ് മൂന്നാം വട്ടവും അധികാരത്തിലേറിയ മോദി സര്‍ക്കാര്‍. നുണകള്‍ക്കെതിരായ ഇത്തരം മൗനങ്ങളെല്ലാം രാജ്യവ്യാപകമായി സംഘ്പരിവാറിന് അനുകൂലമായാണ് മാറ്റപ്പെട്ടത്. എല്ലാക്കാലത്തും ഇത്തരം നുണകള്‍ വ്യാപകമായി ഹിന്ദുത്വവാദികള്‍ ഉപയോഗിച്ചിട്ടുണ്ട്. ആ നുണകളിലെ ശൂന്യതകള്‍ തുറന്നുകാട്ടപ്പെടുമ്പോഴേക്കും അടുത്ത നുണയിലേക്ക് അവര്‍ പോയിരിക്കും.

ഒരു തെളിവിന്റെയോ കണക്കിന്റെയോ പിന്‍ബലമില്ലാതെ, സംസ്ഥാനത്ത് മുസ്‌ലിം പ്രീണനമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ ജാതിയും മതവും തിരിച്ച കണക്ക് സര്‍ക്കാരിന് പ്രസിദ്ധീകരിക്കേണ്ടി വന്നത്. ഏതായാലും സര്‍ക്കാര്‍ സര്‍വീസിലെ പങ്കാളിത്തത്തില്‍ മുന്നോക്ക മേധാവിത്തമാണ് നിലനില്‍ക്കുന്നതെന്ന കണക്ക് പുറത്തുവന്നതോടുകൂടി വെള്ളാപ്പള്ളി അക്കാര്യത്തില്‍ നിശബ്ദനായി.

നിശബ്ദത പാലിക്കുന്നതടക്കം കാലാകാലങ്ങളില്‍ മതേതര കക്ഷികളും അവരുടേതായ സംഭാവനകള്‍ ഹിന്ദുത്വയുടെ വികാസത്തിന് തരംപോലെ നല്‍കിയിട്ടുണ്ട്. സംഘടനാപരമായും ആശയപരമായും അവരെത്തന്നെ വിഴുങ്ങിക്കൊണ്ടാണ് ഹിന്ദുത്വ, ദേശീയമായി ഇത്തരത്തില്‍ വളര്‍ന്നത്. നുണകളില്‍ തന്നെയാണവര്‍ ആയുധം കണ്ടെത്തിയത്. രാഷട്രീയവും ഭൗതികവുമായുമുള്ള ലാഭത്തിനുവേണ്ടി ഹിന്ദുത്വവാദികളെ പിന്തുണയ്ക്കുന്നവരും ഇതേ അപരഹിംസയുടെ വഴിയാണ് പിന്തുടരുന്നത്.

രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിലെ സിറിയന്‍ ക്രൈസ്തവ സഭകള്‍ ബി.ജെ.പിയുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നത്. അധികാരത്തിലിരിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയെന്ന സമീപനം എക്കാലത്തും ക്രൈസ്തവ സഭകള്‍ക്കുണ്ട്. അവരുടെ ഭൗതിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അധികാര സ്ഥാനീയര്‍ അനിവാര്യമാണ്. അവനവനെപ്പോലെ അയല്‍ക്കാരനെയും സ്‌നേഹിക്കാന്‍ പറഞ്ഞ യേശുക്രിസ്തുവിന്റെ അനുയായികള്‍ അപരരോടുള്ള വെറുപ്പാണ് വിശ്വാസികള്‍ക്ക് സുവിശേഷമായി നല്‍കിയത്. എക്കാലത്തും ഹിന്ദുത്വ, വിദ്വേഷ പക്ഷത്ത് നിര്‍ത്തിയ മുസ്‌ലിമിനെ ഭീകരവത്കരിക്കുകയെന്നതുതന്നെയാണ് ക്രൈസ്തവസഭകളും ഹിന്ദുത്വ പ്രീണനത്തിനായി സ്വീകരിച്ചത്. ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമടക്കം ഹിന്ദുത്വയുടെ വെറുപ്പിന്റെ രാഷ്ട്രീയ പ്രചാരകരായി ക്രൈസ്തവസഭകള്‍ മാറി. ഈ നുണകള്‍ കുറെയൊക്കെ രാഷ്ട്രീയമായി രൂപാന്തരം പ്രാപിച്ചുവെന്നാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

ഇതേ രീതിയാണ് വെള്ളാപ്പള്ളി നടേശനും പിന്തുടരുന്നത്. ന്യൂനപക്ഷ വിരുദ്ധമായ പ്രസ്താവനകള്‍ മുന്‍പും വെള്ളാപ്പള്ളി നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തേത് അപര വിദ്വേഷത്തെ ആണിയടിച്ച് ഉറപ്പിക്കാന്‍ തക്കവണ്ണം വ്യക്തമായി സെറ്റ് ചെയ്ത് പറഞ്ഞതാണ്. ഒരു തെളിവിന്റെയോ കണക്കിന്റെയോ പിന്‍ബലമില്ലാതെ, സംസ്ഥാനത്ത് മുസ്‌ലിം പ്രീണനമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ ജാതിയും മതവും തിരിച്ച കണക്ക് സര്‍ക്കാരിന് പ്രസിദ്ധീകരിക്കേണ്ടി വന്നത്.

സംവരണീയ സമുദായങ്ങള്‍ക്ക്, ഏറെക്കുറെ സംവരണ ശതമാനത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തിലുള്ള പ്രാതിനിധ്യം ഉണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. മുസ്‌ലിം സമുദായത്തിനാണ് കുറവുണ്ടായതെന്നും ഇതേ കണക്ക് വെളിപ്പെടുത്തുന്നു. മുന്നോക്ക ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ കൂടുതല്‍ പ്രാതിനിധ്യം കാണിക്കുന്നത്. അതിന് ചരിത്രപരമായ ചില കാരണങ്ങളുമുണ്ട്. പൊതുവിദ്യാഭ്യാസം എന്ന ആശയം നമ്മുടെ സംസ്ഥാനത്ത് സ്വാഭാവികമായി ഉണ്ടായതല്ല. വിദ്യാഭ്യാസം പൊതുവാകുന്നതിന് പോരാട്ടങ്ങളും സംഘര്‍ഷങ്ങളും നടന്ന നാടാണ് കേരളം. ആയിരത്തിതൊള്ളായിരത്തിന്റെ രണ്ടാം ദശകത്തിലാണ് അയിത്ത ജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് അക്ഷരം പഠിക്കാനുള്ള അവകാശത്തിനുവേണ്ടി അയ്യന്‍കാളി പഞ്ചമിയേയും കൂട്ടി ഊരുട്ടമ്പലം സ്‌കൂളിലേക്ക് പ്രവേശിച്ചത്. നിലനിന്നിരുന്ന ജാതി അനുശാസനങ്ങള്‍ക്കെതിരെയായിരുന്നു അയ്യന്‍കാളിയുടെ സമരം. തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്നവരുടെ 'അഹങ്കാര'ത്തിനെതിരെ സംഘടിച്ച സവര്‍ണ്ണര്‍ കലാപം അഴിച്ചുവിടുകയായിരുന്നു. പുലയര്‍ക്ക് നേരെ വ്യാപകമായി അക്രമങ്ങള്‍ നടക്കുകയും നൂറുകണക്കിന് പുലയ കുടിലുകള്‍ അഗ്‌നിക്കിരയാക്കപ്പെടുകയും ചെയ്തു. അത്തരത്തില്‍ കീഴാള മനുഷ്യരുടെ ചോരയിലും നിലവിളികളിലും എഴുതപ്പെട്ടതാണ് പൊതുവിദ്യാഭ്യാസം എന്ന ആശയത്തിന്റെ അടിസ്ഥാന ഏടുകള്‍. ആ ചരിത്രത്തിനും ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടിനുമുമ്പുതന്നെ കേരളത്തിലെ മുന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ മദ്രാസിലടക്കംപോയി സര്‍വ്വകലാശാല വിദ്യാഭ്യാസവും നാട്ടുരാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗങ്ങളും നേടിയിരുന്നു. അതായത്, ദലിത്-ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ അക്ഷരം പഠിച്ചു തുടങ്ങുന്നതിനും കുറഞ്ഞത് എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ മുമ്പ് കേരളത്തിലെ മുന്നോക്ക വിഭാഗങ്ങള്‍ സര്‍വ്വകലാശാല വിദ്യാഭ്യാസം നേടിയിരുന്നു എന്നര്‍ഥം. ആ മേധാവിത്തം ഇന്നും ഉദ്യോഗ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്.

ഏതെങ്കിലും മത വിഭാഗങ്ങളുടേയോ ജാതി വിഭാഗങ്ങളുടേയോ സൈ്വരജീവിതത്തിനോ സമാധാനത്തിനോ, എത് മുസ്‌ലിം സമുദായ സംഘടനയാണ് ഭീഷണി ഉയര്‍ത്തിട്ടുള്ളത്? ഒരു സംഭവമെങ്കിലും ചൂണ്ടിക്കാണിക്കേണ്ടേ? കാന്തപുരം മുസ്‌ലിയാര്‍ എപ്പോഴെങ്കിലും അപര വിദ്വേഷമോ വെറുപ്പോ കലര്‍ന്ന വര്‍ത്തമാനം പറഞ്ഞതായി മലയാളിക്കറിയില്ല. ഒരു പക്ഷെ മതപരമായ യാഥാസ്ഥികതയെ അദ്ദേഹം മുറുകെ പിടിക്കുന്നുണ്ടാകാം. അതവരുടെ വിശ്വാസ കൂട്ടായ്മയ്ക്കുള്ളിലാണ്, മറ്റുള്ളവരുടെ മണ്ടയ്ക്കല്ല.

ഏതായാലും സര്‍ക്കാര്‍ സര്‍വീസിലെ പങ്കാളിത്തത്തില്‍ മുന്നോക്ക മേധാവിത്തമാണ് നിലനില്‍ക്കുന്നതെന്ന കണക്ക് പുറത്തുവന്നതോടുകൂടി വെള്ളാപ്പള്ളി നിശബ്ദനായി. അദ്ദേഹത്തിന്റെ സാമൂഹ്യനീതിക്കുവേണ്ടിയുള്ള വാചാടോപങ്ങളൊക്കെ പൊറാട്ട് നാടകങ്ങളാണെന്ന് തെളിയിക്കുന്നതാണ്

ആ നിശബ്ദത. മുസ്‌ലിം വെറുപ്പും ഇസ്‌ലാമോഫോബിയയും പരത്തുകയെന്ന ഉദ്ദേശത്തില്‍ നടത്തിയ ആ പ്രസ്താവന പൊളിഞ്ഞതിനുശേഷമാണ് പുതിയ നുണകളുമായി വീണ്ടും വരുന്നത്. എന്തു നുണയും പറയാന്‍ ഉളുപ്പിലാത്ത തരത്തിലേക്ക് ശ്രീ നാരായണ പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്നയാള്‍ അധഃപതിക്കുകയെന്നാല്‍ അതിലൊരു സാമൂഹ്യപ്രശ്‌നം കൂടിയുണ്ട്. കാരണം, കേരള നവോത്ഥാന ചരിത്രത്തിലെ ഇനിയും കെട്ടുപോകാത്ത മഹത്തായൊരു പാരമ്പര്യത്തെയാണ് വെള്ളാപ്പള്ളി നടേശന്‍ വഴിപിഴപ്പിക്കുന്നത്. കാന്തപുരം മുസ്‌ലിയാരും സുന്നി വിഭാഗവും ഇടതു സര്‍ക്കാരിനെ സ്വാധീനിച്ച് എന്തെക്കെയോ നേടിയെടുത്തുവെന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ ജല്പനം. പക്ഷെയത് എന്താണെന്ന് ചോദിച്ചാല്‍ ലൗജിഹാദ് വിഷയത്തില്‍ സീറോ മലബാര്‍ സഭയെപ്പോലെ ഉരുണ്ടുകളിക്കുന്നതാവും. സര്‍ക്കാരിന്റെ വിഭവങ്ങളോ പൊതുഖജനാവിലെ പണമോ രേഖകളില്ലാതെ ആര്‍ക്കെങ്കിലും കൊടുക്കുന്നതെങ്ങനെയാണെന്ന് വെള്ളാപ്പള്ളിക്ക് അറിയില്ലേ!

കാന്തപുരത്തിന്റെ എ.പി സുന്നികള്‍ പൊതുവെ ഇടതാഭിമുഖ്യമുള്ളവരാണെന്നാണ് വെയ്പ്പ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകമാനം മുസ്‌ലിംകള്‍ ബി.ജെ.പി വിരുദ്ധ ചേരിയ്ക്കാണ് വോട്ടു ചെയ്തത്. പൊന്നാനിയില്‍ ഇ.കെ സമസ്തയില്‍ വിള്ളലുണ്ടാക്കി ജയിക്കാമെന്ന ഇടതു വ്യാമോഹം പൊളിഞ്ഞുപോയത് ആ ഒഴുക്കിലാണ്. പൊതുവെ ഹിന്ദുത്വയ്‌ക്കെതിരായ മുസ്‌ലിംകളുടെ അതിജീവന രാഷ്ട്രീയം രാജ്യവ്യാപകമായി കോണ്‍ഗ്രസ്സ് പക്ഷത്തേക്ക് ശക്തമായി കേന്ദ്രീകരിക്കുകയാണുണ്ടായത്. ആരാണോ ബി.ജെ.പി വിരുദ്ധ ചേരിയിലെ ശക്തര്‍ അവര്‍ക്കാണ് ഇന്ത്യയിലെമ്പാടും മുസ്‌ലിംകള്‍ വോട്ട് ചെയ്തത്. ബീഹാറില്‍ മാത്രമാണ് അത്തരമൊരു കേന്ദ്രീകരണം നടക്കാതെ പോയത്; കോണ്‍ഗ്രസ്സ് ശക്തമായിട്ടുള്ളിടത്തെല്ലാം കോണ്‍ഗ്രസ്സിനും അല്ലാത്തിടത്ത് മറ്റ് മതേതര ചേരിക്കും. ബി.ജെ.പിക്കെതിരായ രാഷ്ട്രീയത്തെ ദേശീയമായി നയിക്കുന്നത് കോണ്‍ഗ്രസ്സായതുകൊണ്ടാവാം കേരള മുസ്‌ലിംകള്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തത്. അതേസമയം പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-സി.പി.എം സഖ്യത്തിനല്ല, തൃണമൂല്‍ കോണ്‍ഗ്രസ്സിനോടാണ് മുസ്‌ലിംകള്‍ ചേര്‍ന്നുനിന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സ്-എന്‍.സി.പി - ശിവസേന സഖ്യത്തിലേക്കാണ് മുസ്‌ലിം മനസ്സ് ഒത്തുചേര്‍ന്നത്. ഹിന്ദുത്വ ഭീകരതയുടെ കാലത്ത് ഇരകളാക്കപ്പെടുകയും അപരവത്കരിക്കപ്പെടുകയും ചെയ്യുന്ന സമുദായം എന്ന നിലയില്‍ മുസ്‌ലിംകള്‍ അതിജീവനത്തിനായി വോട്ടുപയോഗിക്കുന്നെങ്കില്‍ അതിലെവിടെയാണ് അധാര്‍മികത.

'മുസ്‌ലിംകളെ പേടിച്ചാണ് ജീവിക്കുന്നത്. മസ്സില്‍ പവറും മണി പവറും മുസ്‌ലിം സമുദായത്തില്‍ കേന്ദ്രീകരിക്കപ്പെടുന്നു. അവരെ എതിര്‍ത്താല്‍ ഒന്നുകില്‍ കൈവെട്ടും. അല്ലെങ്കില്‍ പിടലിവെട്ടും.' വെള്ളാപ്പള്ളിയുടെ വര്‍ത്തമാനമാണിത്. ഏതെങ്കിലും മത വിഭാഗങ്ങളുടേയോ ജാതി വിഭാഗങ്ങളുടേയോ സൈ്വരജീവിതത്തിനോ സമാധാനത്തിനോ, എത് മുസ്‌ലിം സമുദായ സംഘടനയാണ് ഭീഷണി ഉയര്‍ത്തിട്ടുള്ളത്? ഒരു സംഭവമെങ്കിലും ചൂണ്ടിക്കാണിക്കേണ്ടേ? കാന്തപുരം മുസ്‌ലിയാര്‍ എപ്പോഴെങ്കിലും അപര വിദ്വേഷമോ വെറുപ്പോ കലര്‍ന്ന വര്‍ത്തമാനം പറഞ്ഞതായി മലയാളിക്കറിയില്ല. ഒരു പക്ഷെ മതപരമായ യാഥാസ്ഥികതയെ അദ്ദേഹം മുറുകെ പിടിക്കുന്നുണ്ടാകാം. അതവരുടെ വിശ്വാസ കൂട്ടായ്മയ്ക്കുള്ളിലാണ്, മറ്റുള്ളവരുടെ മണ്ടയ്ക്കല്ല.

മണി പവറുപയോഗിച്ച് ഇതര വിഭാഗക്കാരുടെ എന്താണ് മുസ്‌ലിംകള്‍ തട്ടിയെടുത്തത്? വെറുപ്പൂട്ടി വളര്‍ത്താന്‍ വേണ്ടിമാത്രമാണ് വെള്ളാപ്പള്ളി ഒരടിസ്ഥാനവുമില്ലാത്ത ഇത്തരം ഉണ്ടയില്ലാ വെടികള്‍ വയ്ക്കുന്നത്. പിന്നെ സോഷ്യല്‍ പവറിന്റെ കാര്യം. കേരളത്തിലെ 21 അംഗ ഇടതുമുന്നണി മന്ത്രിസഭയില്‍ പത്തു പേര്‍ മുന്നോക്ക ഹിന്ദുക്കളാണ്. മൂന്നു പേര്‍ മുന്നോക്ക ക്രിസ്ത്യാനികളും. 20 ലോക്‌സഭ അംഗങ്ങളില്‍ എട്ടു പേര്‍ മുന്നോക്ക ഹിന്ദുക്കളെങ്കില്‍ നാലു പേര്‍ മുന്നോക്ക ക്രിസ്ത്യാനികളാണ്. ഇടതു - വലതു വ്യത്യാസമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ 20 ശതമാനം വരുന്ന മുന്നോക്ക ജനവിഭാഗങ്ങളെ പരിപോഷിപ്പിക്കുമ്പോള്‍ വായ മൂടിയിരിക്കുന്ന വെള്ളാപ്പള്ളി കൃത്രിമമായ പടച്ചുണ്ടാക്കിയ നുണകളിലൂടെ മുസ്‌ലിം വെറുപ്പ് പരത്തുന്നത് ഹിന്ദുത്വ രാഷട്രീയത്തിന് വഴിവെട്ടാനാണെന്ന് അറിഞ്ഞിട്ടും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നത് സ്വയം കുഴിതോണ്ടലാണ്. വൈകാരികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാധാരണക്കാരായ മനുഷ്യരിലേക്കാണ് വെള്ളാപ്പള്ളി നടേശന്‍ ഈ നുണ കലര്‍ത്തിയ വിഷം കുത്തിവയ്ക്കുന്നത്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബിജു ഗോവിന്ദ്

Writer

Similar News